ഇത് രാജവെമ്പാലകളുടെ സ്വന്തം ഗ്രാമം

വീടുകളിലെ വളർത്തു മൃഗങ്ങളെന്നപോലെ രാജവെമ്പാലകൾ യഥേഷ്ടം വിഹരിക്കുന്ന ഇന്ത്യയിലെ ഒരു ഉൾനാടൻ ഗ്രാമത്തിൽ നിന്നുള്ള ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചാവിഷയം. ഈ ഗ്രാമങ്ങളിൽ എന്തത്ഭുതമാണു സംഭവിക്കുന്നതെന്ന് വിദഗ്ദ്ധർക്കുപോലും ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ശാസ്ത്രം തോറ്റ ഈ അപൂർവ്വ ഗ്രാമങ്ങളിലെ കാഴ്ചകൾ പതിഞ്ഞത് ബിബിസി ഗംഗാ നദിയെ പറ്റി സംപ്രേക്ഷണം ചെയ്ത ഒരു ഡോക്യുമെന്ററിയുടെ ഭാഗമായാണ്.

വെസ്റ്റ് ബംഗാളിലെ ബർദ്വാൻ ജില്ലയിലെ നാലു ഗ്രാമങ്ങളിലും വാരണാസിയിലെ ചില ഉൾനാടൻ ഗ്രാമങ്ങളിലുമാണ് കൊടും വിഷമുള്ള രാജവെമ്പാലകളും മനുഷ്യരും സൗഹാർദത്തോടെ കഴിയുന്നത്. ഇവിടെ ജനിക്കുന്ന ചെറിയ കുട്ടികൾ പോലും പിച്ചവയ്ക്കുന്നത് ഈ പാമ്പുകൾക്കൊപ്പമാണ്. ഒരു വീട്ടിൽ കുറഞ്ഞത് രണ്ടു പാമ്പെങ്കിലും കാണും. ദൈവതുല്യമായാണ് ഗ്രാമവാസികൾ പാമ്പിനെ കാണുന്നത്. അതുകൊണ്ടുതന്നെ അവയെ ആരും ഉപദ്രവിക്കാറുമില്ല.

ഏകദേശം 500 വർഷത്തോളം പഴക്കം കാണും ഈ ഗ്രാമങ്ങളിൽ മനുഷ്യരും പാമ്പുകളും സമാധാനപരമായ ജീവിതം നയിക്കാൻ തുടങ്ങിയിട്ട്. ഈ ഗ്രാമങ്ങളിൽ എത്ര പാമ്പുകളുണ്ടെന്നതിന് കൃത്യമായ കണക്കുകളില്ല. എങ്കിലും ആയിരത്തിലധികം വരുമെന്നാണ് ഗ്രാമവാസികളുടെ വിശ്വാസം. ചെറിയ കോഴിക്കുഞ്ഞുങ്ങളെയും താറാവിൻ കുഞ്ഞുങ്ങളെയുമൊക്കെ ആഹാരമാക്കാറുണ്ടെങ്കിലും ഇതുവരെ ഒരു കന്നുകാലികളെ പോലും പാമ്പുകൾ ഉപദ്രവിച്ചിട്ടില്ല. പലപ്പോഴും കാലികളുടെ കുളമ്പിനടിയിൽ പെടാറുണ്ടെങ്കിലും തിരിച്ച് പാമ്പുകൾ അവയെ ഉപദ്രവിക്കാറില്ല. സ്ത്രീകൾ പാചകം ചെയ്യുമ്പോൾ അടുക്കളയിലും അലമാരകളിലുമൊക്കെ കയറിയിറങ്ങാറുണ്ടിവർ. തിരക്കേറിയ പൊതുനിരത്തുകളിൽ പാമ്പുകൾ പതിവായി സഞ്ചരിക്കാറുണ്ട്. ഇതെല്ലാം ഈ ഗ്രാമങ്ങളിലെ പതിവു കാഴ്ചകൾ മാത്രമാണ്.

ഇവിടുത്തെ പാമ്പുകളും മനുഷ്യരുമായുള്ള അപൂർവ സൗഹൃദത്തേക്കുറിച്ചറിഞ്ഞ് നിരവധി വിദഗ്ദ്ധർ ഇവരെക്കുറിച്ചു പഠിക്കാനെത്തിയിട്ടുണ്ട്. എന്നാൽ തങ്ങളുടെ പാമ്പുകളെ ഒന്നു തൊടാൻ പോലും പുറത്തുള്ളവരെ ഇവർ അനുവദിക്കാറില്ല. വളരെ അപൂർവമായി മാത്രമേ ഇവിടെ ആളുകൾക്ക് പാമ്പുകടിയേൽക്കാറുള്ളൂ. എന്നാൽ അതിനുളള പ്രതിവിധിയും അവരുടെ പക്കൽത്തന്നെയുണ്ട്. ഇന്ത്യയിൽ 20000 ആളുകൾ പ്രതിവർഷം പാമ്പുകടിയേറ്റ് മരിക്കുമ്പോൾ ഇന്നുവരെ പാമ്പുകടിയേറ്റ ഒരു മരണം പോലും ഈ ഗ്രാമങ്ങളിൽ ഉണ്ടായിട്ടില്ലന്നതും ഗ്രാമവാസികളുടെ വിശ്വാസത്തിന്റെ ആക്കം കൂട്ടുന്നു.