വന്യജീവി സങ്കേതത്തിൽ നിന്നും പുറത്തു ചാടിയ ആനക്കൂട്ടത്തെ തിരികെയെത്തിച്ചതെങ്ങനെ?

ദക്ഷിണാഫ്രിക്കയിലെ ഒരു വന്യജീവി സങ്കേതത്തില്‍ നിന്ന് അതിര്‍ത്തി കടന്ന് സ്വതന്ത്രമായി വിഹരിക്കാന്‍ ഇറങ്ങിത് ഒന്നും രണ്ടും ആനകളല്ല. 13 അംഗ സംഘമാണ് പുറപ്പെട്ടത്. ആനക്കൂട്ടം പുറത്തു ചാടിയതറിഞ്ഞ അധികൃതര്‍ ഞെട്ടി. സിംഹമോ പുലിയോ ആണെങ്കില്‍ മയക്കുവെടി വെച്ച് കൂട്ടിലെടുത്തിട്ട് കൊണ്ടുവരാം. 13 ആനകളുടെ കാര്യത്തില്‍ എന്തുചെയ്യണമെന്നറിയാതെ അധികൃതര്‍ കുഴങ്ങി. ഏതായാലും തിരികെ എത്തിക്കാതെ നിവൃത്തിയില്ലാത്തതിനാല്‍ രണ്ടും കല്‍പ്പിച്ച് വന്യജീവി സങ്കേതത്തില്‍ നിന്ന് ആനക്കൂട്ടത്തെ തിരികെയെത്തിക്കാൻ ഒരു സംഘം ഇറങ്ങി പുറപ്പെട്ടു.

തുറസ്സായ പ്രദേശമായതിനാല്‍ മയക്കുവെടി വെച്ചാൽ ആനകള്‍ക്ക് തിരിച്ച് ആക്രമണം നടത്താന്‍ എളുപ്പമാണ്. ഈ സാഹചര്യത്തില്‍ ഹെലികോപ്റ്ററില്‍ സഞ്ചരിച്ചാണ് രണ്ട് വിദഗ്ധര്‍ ആനകളെ മയക്കുവെടി വച്ചത്. 10 മിനുട്ട് കൊണ്ട് മുഴുവന്‍ ആനകളുടെയും ദേഹത്ത് മയക്കുമരുന്ന് കയറ്റി. പിന്നെയും അര മണിക്കൂറെടുത്തു ഇവ മയങ്ങാന്‍.

തുടര്‍ന്നായിരുന്നു ഏറ്റവും അപകടം പിടിച്ച ഘട്ടം. മയങ്ങിക്കിടക്കുന്ന ആനകളെ ക്രെയിനില്‍ തൂക്കി ലോറിയില്‍ കയറ്റുക. 3500 മുതല്‍ നാലായിരം കിലോ വരെ വരും ഒരു ആഫ്രിക്കന്‍ ആനയുടെ ഭാരം. ഇവയെ തൂക്കി ലോറിയില്‍ കയറ്റുക എന്നത് ആയാസകരമാണ്. പ്രത്യേകിച്ചും ചെറിയൊരു അശ്രദ്ധമതി  ആനയുടെ ജീവന്‍ നഷ്ടപ്പെടാന്‍ . എതായാലും 11 മുതിര്‍ന്ന ആനകളെയും 2 കുട്ടിയാനകളെയും യാതൊരു അപകടവും കൂടാതെ ലോറിയില്‍ കയറ്റാനും പിന്നീട് വന്യജീവി സങ്കേതത്തിൽ തിരികെയെത്തിക്കാനും ഈ സംഘത്തിനായി.

അധിക ട്രോളിയോട് കൂടിയ മൂന്നു ട്രക്കുകളിലായാണ് ആനകളെ വനത്തിലേക്ക് തിരികെയെത്തിച്ചത്.  വനത്തിലെത്തിച്ച് വൈകാതെ ആനകള്‍ക്ക് ബോധം വീഴുകയും ചെയ്തു. ബ്രിട്ടണില്‍ നിന്നു വിനോദസഞ്ചാരത്തിനെത്തിയ പെറ്റെ ഓക്സ്ഫര്‍ഡാണ് അവിചാരിതമായി സംഘത്തിനൊപ്പം ചേര്‍ന്നതും ഇതിന്‍റെ ദൃശ്യങ്ങള്‍ പകര്‍ത്തിയതും.