ബസിടിച്ചു കാട്ടാന ചരിഞ്ഞു; ഓർമ്മയായത് നാട്ടുകാരുടെ പ്രിയപ്പെട്ട റൗഡി രംഗ

ബസ് ഇടിച്ച് ചരിഞ്ഞ കാട്ടാന റൗഡി രംഗ.

മൈസൂരു നാഗർഹോളെ വന്യജീവിസങ്കേതത്തിൽ സ്വകാര്യബസിടിച്ചു കാട്ടാന ചരിഞ്ഞു. റൗഡി രംഗ എന്ന പേരിലറിയപ്പെടുന്ന 48 വയസ്സുള്ള കൊമ്പനാണു ചരിഞ്ഞത്. മൈസൂരു-കുട്ട സംസ്ഥാനപാതയിലെ ഗോണിക്കൊപ്പയ്ക്കു സമീപം മത്തിഗോഡിൽ തിങ്കളാഴ്ച പുലർച്ചെ മൂന്നിനാണു സംഭവം.

കണ്ണൂരിൽനിന്നു ബെംഗളൂരുവിലേക്കു വരുകയായിരുന്ന കൽപക ട്രാവൽസിന്റെ ബസാണ് ഇടിച്ചത്. ബസിന്റെ മുൻവശം തകർന്നെങ്കിലും യാത്രക്കാർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. തലയ്ക്കു ഗുരുതര പരുക്കേറ്റു മറിഞ്ഞുവീണ ആനയ്ക്കു വനംവകുപ്പു വെറ്ററിനറി ഡോക്ടറെത്തി പ്രഥമശുശ്രൂഷ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മത്തിഗോഡിൽ കാട്ടാനയെ ഇടിച്ച സ്വകാര്യ ബസ്.

മത്തിഗോഡ് ആനവളർത്തൽ ക്യാംപിലുണ്ടായിരുന്ന ആനയെ പതിവു സവാരിക്കായി ഞായറാഴ്ച വനത്തിലേക്കു തുറന്നുവിട്ടിരുന്നു. തിരികെ ക്യാമ്പിലേക്ക് മടങ്ങും വഴിയാണ് അപകടമുണ്ടായത്. പണ്ട് 2 പേരെ ചവിട്ടിക്കൊന്ന ആനയ്ക്കു ഗ്രാമീണരാണു റൗഡി രംഗ എന്ന പേരു നൽകിയത്. എന്നാൽ 2017 ൽ പിടികൂടി ക്യാമ്പിലെത്തിച്ച് ചട്ടങ്ങൾ പരിശീലിച്ച ശേഷം രംഗ ശാന്തനായിരുന്നു.

ബസ് ഡ്രൈവർക്കെതിരെ കേസെടുത്തതായി കർണാടക വനംവകുപ്പു പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ പുനതി ശ്രീധർ പറഞ്ഞു. ബന്ദിപ്പൂർ വന്യജീവിസങ്കേതത്തിൽ രാത്രി യാത്രാ നിരോധനം നിലവിലുള്ളതിനാൽ മലബാർ മേഖലയിലേക്കുള്ള ബസുകളടക്കം ഗോണിക്കൊപ്പ, കുട്ട വഴിയാണു സർവീസ് നടത്തുന്നത്. നാഗർഹോളെ വനത്തിലും രാത്രികാല നിരോധനം ആവശ്യപ്പെട്ടു പരിസ്ഥിതി സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്.