മരുഭൂമി ഹരിതാഭമാക്കിയ കാട്ടുകുതിരകള്‍

തണുപ്പുള്ള മേഖലകളിലെ പുല്‍മേടുകളിലാണ് കുതിരകള്‍ സ്വാഭാവികമായി കാണപ്പെടാറുള്ളത്. എന്നാല്‍ വരണ്ടതും പച്ചപ്പ് പേരിനു മാത്രവുമുള്ള മണല്‍കാറ്റു വീശുന്ന ആഫ്രിക്കയിലെ നമീബ് മരുഭൂമി സ്വന്തം വീടാക്കി മാറ്റിയ ഒരു പറ്റം കുതിരകളുണ്ട്. ഇന്ന് നൂറ്റിഅന്‍പതോളം വരുന്ന ഈ കാട്ടുകുതിരകളുടെ സംഘം ഇവിടെ വാസം തുടങ്ങിയത് കഴിഞ്ഞ നൂറ്റാണ്ടിന്‍റെ രണ്ടാം ദശകത്തിലാണ്. 

കുതിരകള്‍ വാസം തുടങ്ങിയ സമയത്തെക്കുറിച്ച് ഏകദേശ ധാരണയുണ്ടെങ്കിലും അവ ഇവിടെയെത്തിത് എങ്ങനെയെന്നതിനെക്കുറിച്ച് പല  കാരണങ്ങളാണ് പറയപ്പെടുന്നത്. ഒന്നാം ലോക മഹായുദ്ധ കാലത്ത് ഈ പ്രദേശത്തു തമ്പടിച്ചിരുന്ന ജര്‍മ്മന്‍ പട്ടാള സംഘത്തില്‍ നിന്നെത്തിയതാകാം ഇവയെന്നാണ് ഒരു വാദം. മറ്റൊന്ന് പ്രദേശത്തെ വജ്രഖനികളിലേക്കെത്തിച്ച കുതിരകളുടെ പിന്‍മുറക്കാരാകാം ഇവരെന്നതാണ്.

ഇന്ന് നമീബിയയുടെ ഭാഗമായ സ്പെര്‍ഗബിറ്റ് എന്ന 350 ചതുരശ്ര കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശം അന്ന് ജര്‍മ്മനിയുടെ പക്കലായിരുന്നു. ഖനികള്‍ പൂട്ടിയ ശേഷവും 1970 വരെ ഈ മേഖല ജര്‍മ്മനിയുടെ അധീനതയിലായിരുന്നു. അന്ന് ഈ പ്രദേശത്ത് ആരെയും പ്രവേശിക്കാന്‍ അനുവദിക്കാതിരുന്നത് വേട്ടക്കാരില്‍ നിന്നും കള്ളക്കടത്തുകാരില്‍ നിന്നും കുതികരകളെ സംരക്ഷിച്ചു നിര്‍ത്താന്‍ സഹായകമായി.

കുതിരകളാകട്ടെ മരുഭൂമിയിലെ ഉണക്കപ്പുല്ലും ഖനി ബാക്കിയാക്കിയ ചെറി തടാകങ്ങളിലെ വെള്ളം കുടിച്ചും ഈ പ്രദേശത്ത് ഇഷ്ടം പോല ജീവിച്ചു. കുതിരകളുടെ ചാണകം വളമായി ലഭിച്ചതോടെ പ്രദേശത്തെ പുല്ലുകളുടെയും ആരോഗ്യം മെച്ചപ്പെട്ടു. ഇവ കൂടുതല്‍ ഭാഗത്തേക്കു വ്യാപിച്ചു. ഇങ്ങനെ മരുഭൂമിയുടെ പത്തിലൊന്ന് ഭാഗം ഹരിതാഭമായി മാറാനും ഈ കുതിരകളുടെ വാസം സഹായിച്ചു.

ഇന്നും കുതിരകളെ കൃത്യമായി സംരക്ഷിക്കാനായി നമീബിയ സര്‍ക്കാർ ശ്രമം നടത്തുന്നുണ്ട്. ഈ കുതിരകളെ പിടിക്കുന്നതും വേട്ടയാടുന്നതും ശിക്ഷാര്‍ഹമാണ്. ഖനി അവശേഷിപ്പിച്ച കുളങ്ങള്‍ പലതും വറ്റിതോടെ കുതിരകള്‍ക്കായി നമീബിയ സര്‍ക്കാര്‍ പുതിയ കുളവും കുഴിച്ചു നല്‍കി.

മരുഭൂമിയില്‍ വളര്‍ന്നതുകൊണ്ടു തന്നെ ശാരീരികമായി ഏറെ പ്രത്യേകതകളും ഈ കുതിരകള്‍ക്കുണ്ട്. വേനല്‍ക്കാലത്ത് ഒരു തുള്ളി വെള്ളം കുടിക്കാതെ 30 കിലോമീറ്റര്‍ വരെ ഓടാന്‍ ഇവയ്ക്കാകും. ശൈത്യകാലത്ത് 72 കിലോമീറ്റര്‍ വരെയായി ഇതു വർധിക്കും. മറ്റ് കുതിരകളെ അപേക്ഷിച്ച് ക്ഷീണിച്ച ശരീരപ്രകൃതമാണെങ്കിലും ആരോഗ്യത്തിന്റെ കാര്യത്തിൽ ഇവർ ഏറെമുന്നിലാണ്.