6.67 കോടി വൃക്ഷത്തൈകൾ നട്ട് ഗിന്നസ് റെക്കോർഡിന് മധ്യപ്രദേശ്

12 മണിക്കൂറിനുള്ളിൽ 6.67 കോടി വൃക്ഷത്തൈകൾ നട്ട് മധ്യപ്രദേശ് ഗിന്നസ് റെക്കോർഡ് സ്വന്തമാക്കാനൊരുങ്ങുന്നു. ഞായറാഴ്ച രാവിലെ ഏഴു മുതൽ വൈകിട്ട് ഏഴു വരെയായിരുന്നു മാരത്തൺ വൃക്ഷത്തൈ നടീൽ. നർമ്മദ നദിയുടെ ഇരുകരകളിലുമായാണ് നൂറുകണക്കിനാളുകൾ ചേർന്ന് വൃക്ഷത്തൈകൾ വെച്ചു പിടിപ്പിച്ചത്.

നർമ്മദ നദി കടന്നു പോകുന്ന 24 ജില്ലകളിലായിരുന്നു വൃക്ഷത്തൈകൾ നട്ടത്. നർമ്മദയുടെ ഉത്ഭവ സ്ഥാനമായ അമർകാന്തകിൽ മുഖ്യമന്ത്രി ശിവ്‌രാജ് സിങ് ചൗഹാൻ രാവിലെ വൃക്ഷത്തൈ നട്ട് ചടങ്ങ് ഉദ്ഘാടനം ചെയ്തു. സംസ്ഥാനം മുഴുവൻ ഹരിതവൽക്കരിക്കുകയെന്ന ലക്ഷ്യം പൂർത്തിയാക്കുകയാണ് ഇതിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഇവിടെ വൃക്ഷത്തൈകൾ നടുന്നതിന്റെ ഗുണം  മധ്യപ്രദേശിനു മാത്രമല്ല ലോകത്തിനാകമാനമാണെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. കുട്ടികളും യുവജനങ്ങളും 24 ജില്ലകളിലായി വൃക്ഷത്തൈ നടീലിൽ പങ്കുചേർന്നു.

വൃക്ഷത്തൈ നടീൽ നിരീക്ഷിക്കാനായി ഗിന്നസ് വേൾഡ് റെക്കോർഡ് പ്രതിനിധികളും രംഗത്തുണ്ടായിരുന്നു. വിതരണത്തിനായി 3 കോടി വൃക്ഷത്തൈകൾ തയാറാക്കിയത് വനംവകുപ്പായിരുന്നു.ബാക്കിയുള്ളവ സ്വകാര്യ നഴ്സറിയിൽ നിന്നും മറ്റു തദ്ദേശീയ വകുപ്പുകളിൽ നിന്നും സ്വീകരിച്ചു. 2016ൽ ഉത്തർ പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ് സ്ഥാപിച്ച റെക്കോർഡാണ് ഇതോടെ തിരുത്തിക്കുറിക്കുന്നത്. 5.4 കോടി വൃക്ഷത്തെകളാണ് അഖിലേഷ് യാദവിന്റെ നേതൃത്വത്തിൽ 24 മണിക്കൂറിനുള്ളിൽ ഉത്തർപ്രദേശിലെ വിവിധയിടങ്ങളിലായി അന്ന് വച്ചുപിടിപ്പിച്ചത്.

വൃക്ഷത്തൈകളുടെ സംരക്ഷണം ഉറപ്പാക്കാനും വളർച്ച നിരീക്ഷിക്കാനുമായി ഗ്രാമപഞ്ചായത്തുകൾ പ്രത്യേകം പ്രതിനിധികളെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.