കണ്ടെത്തിയത് ചുവപ്പൻ കടൽച്ചിലന്തിയെ!

ഓസ്ട്രേലിയയിലാണ് പുതിയ ചിലന്തി വിഭാഗത്തെ കണ്ടെത്തിയത്. വെള്ളത്തിലും കരയിലുമായി ജീവിക്കുന്ന ഈ ചിലന്തിക്ക് ഗവേഷകര്‍ നല്‍കിയിരിക്കുന്നത് ജമൈക്കന്‍ സംഗീതജ്ഞനായ ബോബ് മെര്‍ലിയുടെ പേരാണ്. 2009ല്‍ ഓസ്ട്രേലിയയിലെ ക്യൂന്‍സ്‌ലന്‍ഡ് മേഖലയില്‍ കടല്‍ വലിയ തോതില്‍ പിന്‍വാങ്ങിയിരുന്നു. ഈ മേഖലയിൽ നിന്നാണ് പുതിയ ചിലന്തി വിഭാഗത്തെ ഗവേഷകര്‍ കണ്ടെത്തിത്. ബോബ് മെര്‍ലിയുടെ ഹൈ റ്റൈഡ് ലോ റ്റൈഡ് എന്ന പാട്ടില്‍ നിന്നു പ്രചോദനമുള്‍ക്കൊണ്ടാണ് ഇവയ്ക്ക് ബോബ് മര്‍ലിയുടെ പേരു നല്‍കിയത്.

ഇന്റര്‍ റ്റൈഡല്‍ സ്പൈഡേര്‍സ് വിഭാഗത്തില്‍ പെട്ടതാണ് ബോബ് മര്‍ലി ചിലന്തികള്‍. കടല്‍ പിന്‍വാങ്ങുന്നതിനു മുന്‍പ് കടലിനടിയിലുള്ള പാറക്കെട്ടുകള്‍ക്കിടയില്‍ ജീവിച്ചിരുന്നവയാണിവ. വേലിയിറക്ക സമയത്ത് വെള്ളം പിന്‍വാങ്ങുമ്പോള്‍ ഇവ പാറകള്‍ക്കു മുകളിലെത്തുകയാണ് പതിവ്. ഇങ്ങനെ ഇവയുടെ ജീവിതചര്യ വേലിയേറ്റവും വേലിയിറക്കവുമായി ബന്ധപ്പെട്ടതാണ്.  വെള്ളത്തിനടിയിലായിരിക്കുമ്പോള്‍ പാറക്കെട്ടുകള്‍ക്കരികില്‍ രൂപപ്പെടുന്ന കുമിളകളില്‍ നിന്നാണ് ഇവ ശ്വസിക്കുക.

എന്നാല്‍ ഈ മേഖലയില്‍ നിന്ന് കടല്‍ പൂര്‍ണ്ണമായി പിന്‍വാങ്ങിയതോടെ ഇവ കരയില്‍ ജീവിക്കുന്ന അവസ്ഥയിലേക്കു പരിണമിച്ചു. ഇതോടെ പഴയ ചിലന്തി വർഗത്തില്‍ നിന്ന് പൂര്‍ണ്ണമായും കരയില്‍ ജീവിക്കാന്‍ കഴിയുന്ന തരത്തിലുള്ള വർഗത്തിലേക്ക് ഇവയ്ക്ക് പരിണാമം സംഭവിക്കുകയും ചെയ്തു. ഈ വർഗത്തിനാണ് ഗവേഷകര്‍ ബോബ് മെര്‍ലിയുടെ പേരു നല്‍കിയത്. ദേസിസ് ബോബ് മര്‍ലി എന്നതാണ് ഇവയ്ക്ക് നല്‍കിയിരിക്കുന്ന ശാസ്ത്രീയ നാമം.

ചുവപ്പും തവിട്ടും കലര്‍ന്ന നിറമാണ് ഇവയുടെ ശരീരത്തിന്. കാലുകള്‍ക്ക് ഓറഞ്ച് നിറവും. മറ്റെല്ലാം ചിലന്തി വിഭാഗങ്ങളെയും പോലെ ഇവയിലും പെണ്‍ ചിലന്തികള്‍ക്കാണ് വലിപ്പം കൂടുതൽ. കടലിടിയില്‍ ജീവിച്ചിരുന്നപ്പോഴും കരയിലെത്തുന്ന സമയത്ത് ഇവ ചെറു പ്രാണികളെ വേട്ടയാടി ഭക്ഷണമാക്കിയിരുന്നു. ഇതാണ് കടല്‍ പിന്‍വാങ്ങിയിട്ടും കരയിലെ ജീവിതവുമായി  വേഗത്തില്‍ ഇഴുകി ചേരാന്‍ ഈ ചിലന്തികളെ സഹായിച്ചതെന്നാണ് കരുതുന്നത്.