അതിർത്തി ലംഘിച്ച് കാട്ടാനയുടെ സാഹസികയാത്ര; ദൃശ്യങ്ങൾ കൗതുകമാകുന്നു

അനുവാദമില്ലാതെ മറ്റൊരു രാജ്യത്ത് കടന്നുകയറുന്നത് കുറ്റകരമാണ്. കുറ്റം ചെയ്തത് മനുഷ്യരാണെങ്കിൽ ശിക്ഷ ഉറപ്പാണ്. എന്നാൽ ഇവിടെ അതിർത്തിയിൽ അതിക്രമിച്ചു കടന്നത് ഒരു ഏഷ്യൻ ആനയാണ്. ചൈന ലാവോസ് അതിർത്തിയിലായിരുന്നു സംഭവം. അതിർത്തിയിൽ സ്ഥാപിച്ചിരിക്കുന്ന വേലിക്കെട്ടുകളെല്ലാം ചാടിക്കടന്ന് സാഹസികമായിട്ടായിരുന്നു ആനയുടെ യാത്ര.

ശനിയാഴ്ച വെളുപ്പിനു നാലു മണിയോടെയാണ് ആന അതിർത്തി ലംഘിച്ച് തെക്കുപടിഞ്ഞാറൻ ചൈനയിലെ യുനാൻ പ്രവിശ്യയിൽ നിന്ന് ലാവോസിലെ ലുവാങ് നമ്തയിലേക്കു കടന്നത്. അതിർത്തിയിൽ സ്ഥാപിച്ചിരുന്ന സിസടിവിയിലാണ് റോഡിൽ സ്ഥാപിച്ചിരിക്കുന്ന വേലിക്കെട്ടുകൾ മറികടന്നു പോകുന്ന കാട്ടാനയുടെ ദൃശ്യങ്ങൾ പതിഞ്ഞത്.

രണ്ട് മണിക്കൂറിനു ശേഷമാണ് ആന യാത്രയവസാനിപ്പിച്ച് തിരികെയെത്തിയത്. ആനയിറങ്ങിയ ഉടൻതന്നെ അതിർത്തിയിലെ സൈനികർ സമീപ ഗ്രാമങ്ങളിലെ ജനങ്ങൾക്ക് ജാഗ്രാതാ നിർദേശം നൽകിയിരുന്നു. കടുത്ത ശൈത്യകാലമായതിനാൽ ആനകളും മറ്റു വന്യമ‍ഗങ്ങളും ഭക്ഷണമന്വേഷിച്ച് സമീപ ഗ്രാമങ്ങളിലിറങ്ങാറുണ്ട്. ഇങ്ങനെ ഭക്ഷണം തേടിയിറങ്ങിയതാകാം ആനയെന്നാണ് സൈനികരുടെ നിഗമനം.

അതിർത്തി കടന്നുള്ള കറക്കത്തിനു ശേഷം തിരികെയെത്തിയ കാട്ടാന ആറരയോടെ സുരക്ഷിതമായി കാട്ടിലേക്കു മടങ്ങിയതായും സൈനിക വൃത്തങ്ങൾ അറിയിച്ചു. ഭക്ഷണം തേടിയാണെങ്കിലും മറ്റൊരു രാജ്യത്തു കടന്നുകയറി തിരികെയെത്തിയ കാട്ടാനയ്ക്ക് വമ്പൻ സ്വീകരണമാണ് സമൂഹമാധ്യമങ്ങൾ നൽകുന്നത്. നിരവധിയാളുകൾ ഇപ്പോൾ തന്നെ ഈ ദൃശ്യങ്ങൾ കണ്ടുകഴിഞ്ഞു.