പോസത്തെ ഒന്നോടെ വിഴുങ്ങുന്ന പെരുമ്പാമ്പ്; ദൃശ്യങ്ങൾ കൗതുകമാകുന്നു

പോസത്തെ വിഴുങ്ങുന്ന പെരുമ്പാമ്പിന്റെ ദൃശ്യങ്ങൾ കൗതുകമാകുന്നു. കാർപെറ്റ് പൈതൺ വിഭാഗത്തിലുള്ള പെരുമ്പാമ്പാണ് ഒരിനം സഞ്ചിമൃഗമായ പോസത്തെ മുഴുവനോടെ വിഴുങ്ങിയത്. കിഴക്കൻ ഓസ്ട്രേലിയയിലെ ഗോൾഡ് കോസ്റ്റിലാണ് കൗതുകമുണർത്തുന്ന സംഭവം അരങ്ങേറിയത്. ഗ്രെഗ് ഹോസ്ക്കിങ്ങാണ് ഈ ദൃശ്യങ്ങൾ ക്യാമറയിൽ പകർത്തിയത്.

ഹോസ്ക്കിങ്ങിന്റെ വീടിനു പിന്നിലുള്ള മരത്തിലായിരുന്നു പെരുമ്പാമ്പിന്റെ ഇരവിഴുങ്ങൽ. വലിയ മരത്തിന്റെ ചില്ലകളിൽ തൂങ്ങിക്കിടന്നാണ് പെരുമ്പാമ്പ് പോസത്തെ മുഴുവനോടെ അകത്താക്കിയത്.  ഇവരുടെ വീടിനു പരിസരത്ത് സ്ഥിരമായി കാണപ്പെടുന്ന പെരുമ്പാമ്പാണിത്. മോണ്ടിയെന്നാണ് പ്രദേശവാസികൾ ഈ പാമ്പിനെ സ്നേഹത്തോടെ വിളിക്കാറുള്ള പേര്. സാധാരണ വലിയ എലികളും മറ്റുമാണ് മോണ്ടിയുടെ ആഹാരം. കുറച്ചു ദിവസങ്ങളായി മോണ്ടിയെ സമീപത്തെങ്ങും കാണാറില്ലായിരുന്നു.

വീടിന്റെ പിന്നിലുള്ള മരത്തിൽ കിളികൾ ഭയന്നു ചിലയ്ക്കുന്നത് കേട്ടാണ് ഗ്രെഗ് ഹോസ്ക്കിങ്ങ് വെളിയിലേക്കിറങ്ങിച്ചെന്നത്.  മരത്തിനു മുകളിലേക്ക് ശബ്ദം കേട്ടു നോക്കിയപ്പോഴാണ് പിടിച്ച ഇരയായ പോസത്തെ വിഴുങ്ങാൻ മോണ്ടി ശ്രമിക്കുന്നത് കണ്ടത്. വലിയ ഇരയെ തലയിൽ കടിച്ചുപിടിച്ചാണ് പെരുമ്പാമ്പ് മരത്തിൽ തൂങ്ങിക്കിടന്നത്. ഇരയെ വരിഞ്ഞു മുറുക്കിയ ശേഷമാണ് വിഴുങ്ങിയത്. ഏകദേശം 45 മിനിട്ടോളമെടുത്തു ഈ ഇരയെ വിഴുങ്ങാൻ. ഇരയെ വിഴുങ്ങിയ ശേഷവും കുറേനേരത്തേക്ക് പെരുമ്പാമ്പ് മരത്തിന്റെ ചില്ലയിൽത്തന്നെ ഉണ്ടായിരുന്നു. എന്നാൽ വൈകുന്നേരത്തോടെ മോണ്ടി അവിടെനിന്നും സ്ഥലം കാലിയാക്കി.

പോസത്തെ വിഴുങ്ങുന്ന മോണ്ടി പെരുമ്പാമ്പിന്റെ ദൃശ്യങ്ങൾ ഗ്രെഗ് ഹോസ്ക്കിങ് തന്നെയാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. നിരവധിയാളുകൾ ഇപ്പോൾ തന്നെ ഈ ദൃശ്യങ്ങൾ കണ്ടു കഴിഞ്ഞു.