തള്ളയാന കൈവിട്ട കുട്ടിക്കൊമ്പന് കൂട്ട് ബൊമ്മനും ബെല്ലിയും

കുട്ടിക്കൊമ്പന് ഇപ്പോൾ അവന്റെ അച്ഛനാണു പാപ്പൻ ബൊമ്മൻ. അമ്മ ബൊമ്മന്റെ ഭാര്യ ബെല്ലിയും. തള്ളയാന ഉപേക്ഷിച്ചെങ്കിലും കുട്ടിക്കൊമ്പനെ അത് അറിയിക്കാതെ വളർത്തുകയാണ് ബൊമ്മനും ബെല്ലിയും. അവന്റെ കുറുമ്പുകൾക്കു മുന്നിൽ അവർ വഴങ്ങും. അവരുടെ ശാസനകൾക്കു മുന്നിൽ അവനും. 

മുതുമല തെപ്പക്കാട്ടിലെ ആന വളർത്തു കേന്ദ്രത്തിലാണ് ഒന്നര വയസ്സുകാരൻ കുട്ടിക്കൊമ്പന് ഈ ദമ്പതികൾ താങ്ങും തണലുമാകുന്നത്. കുട്ടിയാനയുടെ കൊട്ടിലിനരികിൽ തന്നെയാണ് ഇവരുടെ താമസം. കുട്ടിക്കൊമ്പന്റെ ആംഗ്യഭാഷയും അവർക്കു മനഃപാഠമാണ്. ബൊമ്മന്റെ ശബ്ദം കേട്ടാൽ ഒാടി വരുന്നതും വേറെ ആരെങ്കിലും എത്തിയാൽ അദ്ദേഹത്തിന്റെ  പിന്നിൽ ഒളിക്കുന്നതും കൗതുകക്കാഴ്ചയാണു മറ്റുള്ളവർക്ക്. കുട്ടിക്കൊമ്പനു ചേരുന്നൊരു പേരു തോടുകയാണിപ്പോൾ വനപാലകർ. 

2017 ജൂലൈയിലാണു കൃഷ്ണഗിരി ജില്ലയിലെ ഹൊസ‍ൂർ വനത്തിൽ തള്ള ഉപേക്ഷിച്ച 11 മാസം പ്രായമായ കുട്ടിക്കൊമ്പനെ കണ്ടെത്തിയത്. ശോഷിച്ച ശരീരവും ദേഹമാസകാലം വ്രണങ്ങളുമായി മുതുമലയിൽ എത്തിച്ചു. ഇതിന്റെ സംരക്ഷണം ഏറ്റെടുത്ത ബൊമ്മനും ഭാര്യയും തങ്ങളുടെ താമസവും അവനൊപ്പമാക്കി. കേന്ദ്രത്തിലെ ഡോക്ടർ വിജയരാഘവന്റെ മേൽനോട്ടത്തിലാണ് ചികിത്സ. ഒലീവ് ഒായിൽ ഉപയോഗിച്ചു മസ്സാജും ഉണ്ട് കൂട്ടിക്കൊമ്പന്. കൊട്ടിലിന് മുൻപിൽ ഫുട്ബോൾ കളിയാണ് ഇന്റെ ഇഷ്ടവിനോദം. എപ്പോഴും അടുത്തു വേണമെന്നുള്ളതിനാൽ ബൊമ്മന് തെപ്പക്കാട്ടിലെ വളർത്തു കേന്ദ്രം വിട്ടു പോകാൻ കഴിയാത്ത സ്ഥിതിയാണ്.