കൊടുങ്കാറ്റിന് ശേഷം ബ്രിട്ടനിൽ കണ്ടെത്തിയത് ആളെ കൊല്ലും വിചിത്ര സസ്യം, ജനം ഭീതിയിൽ!

ബ്രിട്ടനിൽ ഏറെ നാശം വിതച്ചു കടന്നു പോയ കൊടുങ്കാറ്റായിരുന്നു എമ്മ കൊടുങ്കാറ്റ്. ഈ കൊടുങ്കാറ്റിനു ശേഷമാണ് ഇതുവരെ കാണാത്ത ഒരു ചെടി തീരപ്രദദേശങ്ങളില്‍ തഴച്ചു വളരാന്‍ തുടങ്ങിയതായി പ്രദേശവാസികള്‍ ശ്രദ്ധിച്ചത്. വെളുത്ത ക്യാരറ്റ് പോലെ തോന്നിയ ഈ ചെടി ആദ്യം എല്ലാവര്‍ക്കും കൗതുകമായിരുന്നു. എന്നാല്‍ കാണുന്നതുപോലെ ക്യാരറ്റിനെ പോലെ അത്ര നിരുപദ്രവകാരിയല്ല ഈ ചെടിയെന്ന് വൈകാതെ അവര്‍ക്ക് ബോധ്യമായി.

ബ്രിട്ടനിലെ തീരപ്രദേശങ്ങളിലൊന്നായ കോണ്‍വാളിലാണ് ഇവ വ്യാപകമായി വളര്‍ന്നത്. ഏതാനും പട്ടികള്‍ ഈ ചെടിയില്‍ ചെന്നു കടിക്കുകയും അവ ചത്തു വീഴുകയും ചെയ്തതോടെയാണ് നാട്ടുകാര്‍ ഭീതിയിലായത്. ഇതിനിടെ തന്നെ അധിനിവേശ ചെടിയുടെ സാമ്പിളുകള്‍ പരിശോധനയ്ക്കായി വനം വകുപ്പ് കൊണ്ടുപോയിരുുന്നു. പരിശോധനാഫലം വന്നതോടെയാണ് എല്ലാവരും ഞെ‌ട്ടിയത് ഈ ചെടിയുടെ വേരിന്റെയോ ഇലയുടെയോ ചെറിയൊരു അംശം ഉള്ളില്‍ ചെന്നാല്‍ മതി മനുഷ്യന്‍ മരിക്കാന്‍ എന്നായിരുന്നു  പരിശോധനയിലൂടെ വ്യക്തമായത്.

കപ്പയുടെയും ക്യാരറ്റിന്റെയും പോലെയുള്ള വേരുകളാണ് ഈ ചെടിയുടെ മുഖ്യ ആകര്‍ഷണം. ഇലകള്‍ മല്ലിയുടേത് പോലെയാണ്. ഉറപ്പില്ലാത്ത മണ്ണില്‍ പോലും ഇവ ധാരാളമായി വളരുന്നുണ്ട്.കൊടുങ്കാറ്റിനൊപ്പം കടല്‍ വഴി മറ്റേതെങ്കിലും ദ്വീപില്‍ നിന്നെത്തിയതാകാം ഈ ചെടിയെന്നാണ് നിഗമനം.ഏതായാലും ചെടികള്‍ വ്യപകമായി നശിപ്പിക്കാനാണ് വനം വകുപ്പിന്റെ തീരുമാനം. കുറച്ചു ചെടികള്‍ മാത്രം വനം വകുപ്പിന്റെ സംരക്ഷിത തോട്ടത്തിലേക്കു മാറ്റും. മനുഷ്യര്‍ ഭക്ഷിച്ചില്ലെങ്കിലും കാഴ്ചയില്‍ ക്യാരറ്റിനോടും മറ്റുമുള്ള സാമ്യം മൂലം പശുകകളും നായ്ക്കളും ഇവ രുചിച്ചു നോക്കാന്‍ സാധ്യതയുണ്ട്. അതിനാലാണ് ചെടികള്‍ പൊതുസ്ഥലങ്ങളില്‍ നിന്ന് പൂര്‍ണ്ണമായി നീക്കം ചെയ്തത്.

ഹെമ്ലോക് പ്ലാന്റ് എന്നാണ് ഇവയുടെ പേര്. യൂറോപ്പിനു സമീപമുള്ള ചില ദ്വീപുകളില്‍ കടലിനോടോ ജലാശയത്തോടോ ചേര്‍ന്നും ഇവ കാണപ്പെടാറുണ്ട്. ആളെക്കൊല്ലി സസ്യങ്ങളായതിനാല്‍ ഇവയ്ക്ക് മറ്റൊരു പേരു കൂടിയുണ്ട്. ഡെഡ് മാന്‍ ഫിംഗേംഴ്സ് അഥവ മരിച്ച മനുഷ്യന്റെ വിരലുകള്‍ എന്നതാണ് ഇവയുടെ പ്രത്യാഘാതത്തെ കുറിച്ച് തന്നെ മുന്നറിയിപ്പു നല്‍കുന്ന ആ പേര്.