മനുഷ്യൻ ഇതാദ്യമായി കേട്ടു, ലോകത്തിലെ ഏറ്റവും ഭയപ്പെടുത്തുന്ന ശബ്ദങ്ങളിലൊന്ന്!!

ഇത്രയും കാലം മനുഷ്യന് അജ്ഞാതമായിരുന്നു ആ ശബ്ദം. അല്ലെങ്കിൽ ഒരുപക്ഷേ, ഇത്രയും കാലം ആരും ആ ശബ്ദം റെക്കോർഡ് ചെയ്തിരുന്നില്ല. പക്ഷേ ലോകത്തിലെ ഏറ്റവും ഭീതിദമായ ശബ്ദങ്ങളിലൊന്ന് എന്നു ശാസ്ത്രലോകം വിലയിരുത്തുന്ന ആ ശബ്ദവും ഒടുവിൽ ഗവേഷകരുടെ ‘കൈപ്പിടി’യിലൊതുങ്ങിയിരിക്കുന്നു. അഗ്നിപർവത സ്ഫോടനങ്ങൾക്കു പിന്നാലെയുണ്ടാകുന്ന മിന്നലിനൊപ്പമുള്ള ശബ്ദം അഥവാ വോൾക്കാനിക് തണ്ടറിന്റെ ശബ്ദമാണ് ഗവേഷകർ ചരിത്രത്തിലാദ്യമായി പിടിച്ചെടുത്തത്. അതും ഏറ്റവും വ്യക്തമായി കേള്‍ക്കാവുന്ന വിധത്തിൽ. ഇടിവെട്ടിന്റെ ശബ്ദം റെക്കോർഡ് ചെയ്തെടുക്കാൻ അത്രയേറെ ബുദ്ധിമുട്ടാണോ? സാധാരണ ഇടിവെട്ടാണെങ്കിൽ എല്ലാവർക്കും കേൾക്കാം, എന്നാൽ അഗ്നിപര്‍വത സ്ഫോടനത്തെത്തുടർന്നുണ്ടാകുന്ന മുഴക്കം കേൾക്കാൻ കുറച്ചേറെ ബുദ്ധിമുട്ടാണ്. കാരണം അന്നേരം അഗ്നിപർവത മുഖം മുഴുവനും ബഹളമയമായിരിക്കും എന്നതു തന്നെ. അഗ്നിപർവതസ്ഫോടനത്തെത്തുടർന്ന് പുറന്തള്ളപ്പെടുന്ന പുകപടലങ്ങൾക്കിടയിൽ കാണാവുന്ന ഇടിമിന്നലുകൾ ഗവേഷകർക്കുൾപ്പെടെ ഇഷ്ട കാഴ്ചയാണ്. 

സ്ഫോടനത്തെത്തുടർന്നു പുറന്തള്ളപ്പെടുന്ന പാറയും ചാരവും മറ്റു വസ്തുക്കളും പരസ്പരം ഉരസി ഇലക്ട്രിക് ചാർജ് സൃഷ്ടിക്കപ്പെടുന്നുണ്ട്. ഈ നെഗറ്റിവ്, പോസിറ്റിവ് ഇലക്ട്രിക് ചാർജുകൾ കൂട്ടിയിടിക്കുമ്പോഴാണു മിന്നലും പിന്നാലെ ഇടിമുഴക്കവുമുണ്ടാകുന്നത്. വൻതോതിൽ പുറന്തള്ളപ്പെടുന്ന ചാരം സൂര്യപ്രകാശത്തെ തടയുന്നതിനാൽ താപനില മൈനസ് ഡിഗ്രിയിലും താഴുകയും അന്തരീക്ഷത്തില്‍ മഞ്ഞു കണങ്ങൾ സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നുണ്ട്. ഈ മഞ്ഞും ചാരവുമെല്ലാം ‘കൂട്ടിയിടിച്ചും’ ഇലക്ട്രിക് ചാർജ് സൃഷ്ടിക്കപ്പെടുന്നുണ്ട്. ഇവയാണ് ‘അഗ്നിപർവത മിന്നലുകൾ’ സൃഷ്ടിക്കുന്നത്. ആരെയും പേടിപ്പിക്കുന്ന മുഴക്കത്തോടെയാണ് ഇവ മിന്നുന്നതും. എന്നാൽ ഇവയേക്കാളും ശബ്ദത്തോടെയായിരിക്കും ചിലപ്പോൾ അഗ്നിപർവതം പൊട്ടിത്തെറിക്കുക. ഒപ്പം കൊടുംചൂടേറിയ വാതകങ്ങളും ചാരവും ലാവയും ഒക്കെയായി ആകെ ബഹളമയം. ആ വൻ ശബ്ദങ്ങൾക്കിടയിൽ ഇടിമുഴക്കം ആരു കേൾക്കാൻ! അഗ്നിപർവതം പൊട്ടിത്തെറിക്കുമ്പോൾ അടുത്തു പോയി ശബ്ദം റെക്കോർഡ് ചെയ്യാനും സാധിക്കില്ലല്ലോ! എന്നാൽ എന്തുവില കൊടുത്തും ആ ശബ്ദം പിടിച്ചെടുക്കാൻ ഒരു കൂട്ടം ഗവേഷകർ തീരുമാനിച്ചു. അലാസ്കയിലെ ബൊഗോസ്‌ലാഫ് അഗ്നിപർവതമാണ് അവർ അതിനായി തിരഞ്ഞെടുത്തത്. മേഖലയിലെ അൻപതോളം അഗ്നിപർവതങ്ങളിൽ താരതമ്യേന ചെറുതാണിത്. എന്നാൽ ഇടയ്ക്കിടെ പൊട്ടിത്തെറിക്കാറുമുണ്ട്. 

അഗ്നിപർവത സ്ഫോടനം കഴിഞ്ഞാലും ഇവിടെ ഏറെക്കാലം അന്തരീക്ഷത്തിൽ ചാരം കെട്ടിനിൽക്കാറുമുണ്ട്. അതോടൊപ്പം വോൾക്കാനിക് തണ്ടറും. അങ്ങനെയാണ് ‘ദി അലാസ്ക വോൾക്കാനോ ഒബ്സർവേറ്ററി’യിലെ ഗവേഷകർ 2017 മാർച്ചിലും ജൂണിലുമുണ്ടായ രണ്ട് അഗ്നിപർവത സ്ഫോടനത്തിനു ‘ചെവിയോർക്കുന്നത്’. ഇൻഫ്രാസൗണ്ട്, സോണിക് റെക്കോർഡിങ് ഉപകരണങ്ങളുമായിട്ടായിരുന്നു ശബ്ദം പിടിച്ചെടുത്തത്. അതും അഗ്നിപർവതത്തിന്റെ 60 കിലോമീറ്റർ മാറി. കാത്തുകാത്തിരുന്ന്, സ്ഫോടനം തീരുന്നതിന്റെ അവസാന നിമിഷങ്ങളിൽ ഗവേഷകർക്ക് ആ ശബ്ദം ലഭിച്ചു. മറ്റു ശബ്ദങ്ങളെല്ലാം മാറ്റി അഗ്നിപർവതത്തിന്റെ ശബ്ദം മാത്രമായി വേർതിരിച്ചെടുക്കാനും സാധിച്ചു. ഒരു ഘട്ടത്തിൽ വോൾക്കാനിക് തണ്ടറിന്റെ ശബ്ദം മാത്രമായി ഉയർന്നു കേട്ടു, അതും പർവതത്തിനു തൊട്ടടുത്തു നിന്നു കേൾക്കുന്നത്ര വ്യക്തതയോടെ. ജിയോഫിസിക്കൽ റിസർച് ലെറ്റേഴ്സ് ജേണലിൽ വിശദമായ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.