ഇരതേടൽ വർഷത്തിൽ ഒരിക്കൽ മാത്രം; ഭീമൻ പെരുമ്പാമ്പിന്റെ ഭീകര ദൃശ്യങ്ങൾ പുറത്ത്!

Representative Image

ഇന്തോനീഷ്യയിലെ ഒരു വനത്തില്‍ നിന്നാണ് ലോകത്തെ ഏറ്റവും നീളമേറിയ പാമ്പിന്റെ അപൂർവമായ വേട്ടയാടല്‍ ദൃശ്യങ്ങള്‍ പകർത്തിയത്. കൂറ്റന്‍ മാനിനെ അപ്പാടെ വിഴുങ്ങുന്ന പെരുമ്പാമ്പിനെയാണ് ദൃശ്യങ്ങളില്‍ കാണാനാകുക. ഒരു വര്‍ഷം മുഴുവന്‍ ഭക്ഷണം കഴിക്കാതെ ഇരുന്ന ശേഷമായിരുന്നു ഭീമൻ പെരുമ്പാമ്പിന്റെ ഇരതേടല്‍

ലോകത്തെ ഏറ്റവും വലിയ പാമ്പുകളാണ് ഇന്തോനീഷ്യയിലെ റെറ്റിക്കുലേറ്റഡ് ഗണത്തിൽപ്പെട്ട പെരുമ്പാമ്പുകള്‍. മുപ്പത് അടി വരെ നീളം വയ്ക്കുന്ന ഇവയ്ക്ക്  ഒരു മനുഷ്യ ശരീരത്തിന്റെ വീതിയുണ്ടാകും. മുതലയെ പോലും അപ്പാടെ വിഴുങ്ങാന്‍ ശേഷിയുള്ളവയാണിവ.

റെറ്റികുലേറ്റഡ് ഗണത്തില്‍ പെട്ട പെരുമ്പാമ്പുകളില്‍ ഇന്ന്  ജീവിച്ചിരിക്കുന്നവയില്‍ ഏറ്റവും വലിപ്പം കൂടിയതെന്നു കരുതുന്ന പാമ്പിന്റെ ഇര തേടല്‍  ദൃശ്യങ്ങളാണ് ഡിസ്കവറി ചാനല്‍ സംഘം പകര്‍ത്തിയത്. ഒന്‍പതു മാസത്തോളം കാത്തിരുന്ന ശേഷമാണ് ഈ പാമ്പ് ഇര പിടിക്കുന്നത് ഇവര്‍ക്ക് ചിത്രീകരിക്കാനായത്.

ഗ്രേ ഡിയര്‍ വിഭാഗത്തില്‍ പെട്ട മാനിനെ മിന്നലാക്രമണത്തിലൂടെയാണ് പെരുമ്പാമ്പ് കീഴടക്കിയത്. പെരുമ്പാമ്പിന്റെ പിടിയില്‍ അകപ്പെട്ട ശേഷം ഒന്നു കുതറാന്‍ പോലും മാനിനു കഴിഞ്ഞില്ല. ഏതാണ്ട് മുപ്പത് കിലോയോളം ഭാരം വരുന്ന മാനിനെയാണ് പെരുമ്പാമ്പ് അകത്താക്കിയത്. ഈ മാനിനെ ഭക്ഷണമാക്കിയതോടെ ഇനി അടുത്ത ഒരു വര്‍ഷത്തേക്ക് പെരുമ്പാമ്പിന് ഇര തേടേണ്ടി വരില്ലെന്നതാണ് എടുത്തു പറയേണ്ട കാര്യം.