കേൾവിയില്ല, കാഴ്ചയും കുറവ്; എന്നിട്ടും കുട്ടിയെ കാത്ത് മാക്സ്

Image Credit: Queensland Police

17 വയസ്സു പ്രായമുള്ള മാക്സ് എന്ന നായയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ താരം. ഓസ്ട്രേലിയയിൽ കാണാതായ മൂന്നു വയസ്സുകാരി അറോറയെ സംരക്ഷിച്ചാണ് മാക്സ് താരമായത്. ക്വീൻസ്‌ലൻഡിലാണ് സംഭവം നടന്നത്. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് കുട്ടിയെ കാണാതായത്. വീട്ടുകാരുടെ ശ്രദ്ധയിൽ പെടാതെ പുറത്തിറങ്ങിയ കുട്ടിയെ കാണാതാവുകയായിരുന്നു. അൽപസമയത്തിന് ശേഷമാണ് കുട്ടിയെ കാണാനില്ലെന്ന സത്യം വീട്ടുകാർ മനസ്സിലാക്കിയത്. ഉടൻതന്നെ പൊലീസിൽ വിവരമറിയിക്കുകയും ചെയ്തു.

സമീപപ്രദേശങ്ങളിലും മറ്റിടങ്ങളിലുമെല്ലാം പൊലീസും കുടുംബാംഗങ്ങളും ചേർന്ന് തിരച്ചിൽ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. പിറ്റേന്ന് രാവിലെ 8 മണിയോടെയാണ് വളർത്തുനായ മാക്സിനൊപ്പം സുരക്ഷിതയായ നിലയിൽ കുട്ടിയെ കണ്ടെത്തിയത്. തലേന്നത്തെ ചാറ്റൽ മഴയും തണുപ്പുമൊന്നും വകവെയ്ക്കാതെ മാക്സ് കുട്ടിക്കൊപ്പം നിൽക്കുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. വീട്ടിൽ നിന്നും രണ്ടു കിലോമീറ്റർ അകലെയാണ് കുട്ടിയെയും നായയെയും കണ്ടെത്തിയത്.

കുട്ടിയുടെ കുടുംബാംഗങ്ങൾ ഉൾപ്പെടെയുള്ള തിരച്ചിൽ സംഘം ആദ്യം കണ്ടത് മാക്സിനെയായിരുന്നു. മാക്സാണ് അറോറയുടെ അടുത്തേക്ക് ഇവരെ എത്തിച്ചത്. കേൾവി ശക്തി പൂർണ്ണമായും കാഴ്ച ശക്തി ഭാഗികമായും നശിച്ച നായയാണ് മാക്സ്. കാണാതായതു മുതൽ 15 മണിക്കൂറോളം അറോറ മാക്സിന്റെ  സംരക്ഷണത്തിലായിരുന്നു. വീട്ടിൽ നിന്നിറങ്ങിപ്പോയ കുട്ടിയെ മാക്സ് പിന്തുടർന്നതാകാമെന്നാണ് നിഗമനം. എന്തായാലും ഒരു പോറൽ പോലുമേൽക്കാതെ കുട്ടിയെ കണ്ടെത്തിയതിന്റെ സന്തോഷത്തിലാണ് അറോറയുടെ വീട്ടുകാർ.

പ്രായത്തിന്റെ അവശതകളെ അവഗണിച്ച് കുട്ടിയെ സംരക്ഷിച്ച മാക്സിന് ‘പൊലീസ് നായ’ എന്ന പദവി നൽകിയാണ് ക്വീൻസ്‌ലൻഡ് പൊലീസ് ആദരിച്ചത്. ഒപ്പം നിരവധി സമ്മാനങ്ങളും. എന്തായാലും ഇപ്പോൾ ഓസ്ട്രേലിയയിലെ ഹീറോ മാക്സ് ആണ്.