ആനക്കുട്ടി ഗര്‍ഭപാത്രത്തില്‍ നിന്ന് പുറത്തുവരാനെടുത്തത് 25 മാസം!

Image Credit: Chester Zoo

ഇംഗ്ലണ്ടിലെ ചെസ്റ്റര്‍ മൃഗശാലയിലാണ് കുട്ടിയാനയ്ക്ക് വേണ്ടി അമ്മയാനയ്ക്ക് പതിവിലും നീണ്ട കാത്തിരിപ്പ് വേണ്ടിവന്നത്. സാധാരണയായി 18മുതൽ 22മാസം വരെയാണ്  ഏഷ്യന്‍ ആനകളുടെ ഗര്‍ഭകാലം. എന്നാല്‍ തിഹിവേ എന്ന ഈ അമ്മയാന ഗര്‍ഭിണിയായി പ്രസവിക്കാന്‍ എടുത്ത സമയം നീണ്ട 25 മാസങ്ങളാണ്. ഗര്‍ഭം അലസിപ്പോയിട്ടുണ്ടാകാമെന്ന നിഗമനത്തില്‍ മൃഗശാല അധികൃതര്‍ എത്തിയ ശേഷമായിരുന്നു തിഹിവേയുടെ അപ്രതീക്ഷിത പ്രസവം.

മുപ്പത്തഞ്ചുകാരിയായ തിഹിവേയുടെ ഏഴാമത്തെ കുട്ടിയാണ് ഇപ്പോഴുണ്ടായ കുട്ടിക്കൊമ്പന്‍. തിഹിവേ ഗര്‍ഭിണായായെന്നു തിരിച്ചറിഞ്ഞ സമയം മുതലേ ചെസ്റ്റര്‍ മൃഗശാലയിലെ സൂക്ഷിപ്പുകാര്‍ ആനയെ സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ടായിരുന്നു. ഇരുപതു മാസം പിന്നിട്ടതോടെയാണ് ഗര്‍ഭം അലസിയെന്ന തോന്നല്‍ അധികൃതര്‍ക്കുണ്ടായത്. 22 മാസം പിന്നിട്ടതോടെ ഇക്കാര്യം ഉറപ്പിച്ചു.

ചില ആനകളുടെ ഗര്‍ഭം അലസിയാലും ഗര്‍ഭപാത്രത്തിലുള്ള കുട്ടിയെ അമ്മയാനയുടെ ശരീരം  ആഗിരണം ചെയ്യുകയാണ് പതിവ്. തിഹിവേയുടെ കാര്യത്തിലും ഇങ്ങനെ സംഭവിച്ചിരിക്കാമെന്നായിരുന്നു അധികൃതരുടെ നിഗമനം. മാത്രമല്ല ഗര്‍ഭം അലസിയ ശേഷമോ പ്രസവത്തിനു ശേഷമോ അമ്മയാനകളില്‍ സംഭവിക്കാറുള്ള ശാരീരിക മാറ്റങ്ങളും തിഹിവേയില്‍ കണ്ടുതുടങ്ങിയിരുന്നു.

എന്നാല്‍ മെയ് 19ന് രാവിലെ ആനക്കൂട്ടിലെത്തിയ സൂക്ഷിപ്പുകാര്‍ തിഹിവേയുടെ ഒപ്പം നടക്കുന്ന കുട്ടിക്കൊമ്പനെയാണ് കണ്ടത്. ഇതോടെ മൃഗശാലയിലെ ഡോക്ടര്‍മാര്‍ ഉള്‍പ്പടെയുള്ളവർ അമ്പരന്നു. കുട്ടിയും അമ്മയും സുഖമായിരിക്കുന്നുവെന്നും കുട്ടി പൂർണ ആരോഗ്യവാനാണെന്നും മൃഗശാല അധികൃതര്‍ അറിയിച്ചു.