മുതലകളില്‍ നിന്ന് വൈല്‍ഡ് ബീസ്റ്റിനെ രക്ഷിച്ച ഹിപ്പോകള്‍!

ഹിപ്പോകളും മുതലകളും തമ്മിലുള്ള ശത്രുത എല്ലാവർക്കുമറിയാം. ശത്രുക്കളായ മറ്റ് ജീവികളെ പോലെ വേട്ടക്കാരനും ഇരയും തമ്മിലുള്ള ശത്രുതയ്ക്കപ്പുറം അതിര്‍ത്തി തര്‍ക്കമാണ് ഈ രണ്ട് കൂട്ടരെയും പോരടിപ്പിക്കുന്നത്. ഇതുകൊണ്ടു പലപ്പോഴും നേട്ടമുണ്ടാകുന്നത് മുതലകള്‍ ഇരകളാക്കുന്ന ജീവികള്‍ക്കാണ്. ഇങ്ങനെ ഏറ്റവുമൊടുവില്‍ രക്ഷപ്പെട്ട ഒരു വൈല്‍ഡ് ബീസ്റ്റിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നത്

ദക്ഷിണാഫ്രിക്കയിലെ ക്രൂഗര്‍ ദേശീയ പാര്‍ക്കില്‍ നിന്നുള്ളതാണ് ഈ ദൃശ്യങ്ങള്‍. ഗെസന്റ്ഫോംബി അണക്കെട്ടില്‍ വെള്ളം കുടിക്കാനെത്തിയ വൈല്‍ഡ് ബീസ്റ്റുകളില്‍ ഒന്നിനെയാണ് മുതലകള്‍ പിടികൂടിയത്. ഒന്നിലേറെ മുതലകള്‍ ചേര്‍ന്ന് പിടികൂടിയ ശേഷം വൈല്‍ഡ് ബീസ്റ്റിനെ ഇവ വെള്ളത്തിനടിയിലേക്ക് കൊണ്ടു പോകനാൻ ശ്രമിച്ചു. ഈ സമയത്ത് സമീപത്തായി ഹിപ്പോകളുണ്ടായിരുന്നു. തങ്ങളുടെ അതിർത്തിയിൽ കടന്നുകയറി മുതലകള്‍ ഇര പിടിക്കുന്നത് ഇഷ്ടപ്പെടാത്ത ഹിപ്പോകള്‍ മുതലകളെ ആക്രമിക്കാന്‍ തയ്യാറെടുത്തു.

രണ്ട് തവണ ആക്രമിക്കാന്‍ ഹിപ്പോകള്‍ ശ്രമിച്ചെങ്കിലും വൈല്‍ഡ് ബീസ്റ്റിനെ മോചിപ്പിക്കാനായില്ല. ഇതോടെ രംഗത്തേക്കു കൂടുതല്‍ ഹിപ്പോകളെത്തി. ഡാമിന്റെ മറുവശത്തു നിന്നിരുന്ന ഹിപ്പോകള്‍ പോലും സംഭവസ്ഥലത്തേക്ക് വരുന്നത് ദൃശ്യങ്ങളില്‍ വ്യക്തമായി കാണാം. വൈല്‍ഡ് ബീസ്റ്റിനെ പിടികൂടിയ മുതലയെ ഇവ വളഞ്ഞു. കൂട്ടത്തില്‍ ഒരു ഹിപ്പോ മുതലയെ കടിച്ചു കുടയുകയും കൂടി ചെയ്തതോടെ രക്ഷപ്പെടാന്‍ വഴിയെല്ലെന്നു മനസ്സിലാക്കിയ മുതല വൈല്‍ഡ് ബീസ്റ്റിനു മേലുള്ള പിടി ഉപേക്ഷിച്ചു സ്ഥലം കാലിയാക്കുകയായിരുന്നു.

എന്നാല്‍ മുതല പിടി വിട്ടിട്ടും യാഥാര്‍ത്ഥ്യം മനസ്സിലാക്കാനാകാതെ വൈല്‍ഡ് ബീസ്റ്റ് തരിച്ചു വെള്ളത്തില്‍ തന്നെ നിന്നു. ഇതിന് ശേഷമാണ് ഈ ജീവി കരയിലേക്ക് മെല്ലെ കയറി പോയത്. പക്ഷെ ഇരയായ വൈല്‍ഡ് ബീസ്റ്റിന്റെ കാലിന് സാരമായ പരിക്ക് പറ്റിയിട്ടുണ്ട്. അതിനാല്‍ തന്നെ മുതലകളുടെ പിടിയില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെടുന്ന മറ്റു ജീവികളെപ്പോലെ തന്നെ ഈ ജീവിക്കും അധികം ആയുസ്സുണ്ടാകില്ല. വൈകാതെ തന്നെ മറ്റു ജീവികള്‍ ഈ വൈല്‍ഡ് ബീസ്റ്റിനെ ഇരയാക്കുമെന്നുറപ്പാണ്.