പീലി വിടർത്തി നൃത്തമാടി മയിൽക്കൂട്ടം; മനം നിറഞ്ഞ് നാട്ടുകാർ!

മഴക്കാലത്ത് പത്തനംതിട്ട ഏനാത്ത് മഞ്ചാടിമുക്കിൽ നാട്ടുകാരുടെ മനം മയക്കി മയിലുകൾ. വിസ്തൃതമായ കൃഷിയിടങ്ങളും കുന്നിൻ ചരിവും അരുവികളുമുള്ള മഞ്ചാടിമുക്കിലെ ഗ്രാമീണ വശ്യതയ്ക്ക് മയിൽ കൂട്ടം വനഭംഗിയേകുന്നു. പ്രദേശത്ത് മയിലുകൾ എത്തിയിട്ട് ഒരു വർഷം പിന്നിടുന്നു. പത്ത് മയിലുകളിൽ കൂടുതൽ പ്രദേശത്ത് വിഹരിക്കുന്നതായി നാട്ടുകാർ പറയുന്നു. രാത്രികാലത്ത് സമീപത്തെ കുറ്റിക്കാടുകളിൽ കഴിയുന്ന ഇവ പുലർക്കാലമാകുന്നതോടെ പറമ്പുകളിലും വീട്ടുമുറ്റത്തും കൃഷിയിടങ്ങളിലും ഇര തേടി എത്തും. 

വെയിൽ പരന്നാൽ സമീപത്തെ സെന്റ് ഇഗ്നാത്തിയോസ് മലങ്കര കത്തോലിക്കാ പള്ളിയങ്കണം, സെമിത്തേരി എന്നിവിടങ്ങളിലാണ് വിശ്രമം. വൃക്ഷ ശിഖരങ്ങളിൽ ചേക്കേറുന്ന ഇവ വീടുകളുടെ മേൽക്കൂരയിലും സ്ഥാനം പിടിക്കുന്നതോടെ നാട്ടുകാർക്കും കൗതുക കാഴ്ചയാകുന്നു. ആളുകളുടെ ശല്യമില്ലാത്തതിനാൽ പള്ളിയങ്കണവും സമീപത്തെ കുറ്റിക്കാടുമാണ് ഇവയുടെ പ്രധാന താവളം. മയിലുകളിൽ ചിലത് പള്ളിയിൽ എത്തുന്ന വിശ്വാസികളോടും ചങ്ങാത്തം കാട്ടുന്നുണ്ട്. 

ആദ്യ കാലത്ത് ആളനക്കത്തിൽ ഓടി മറഞ്ഞിരുന്നവ ഇപ്പോൾ അടുപ്പം പുലർത്തി തുടങ്ങിയെന്നാണ് വിശ്വാസികൾ പറയുന്നത്. ജില്ലാ അതിർത്തിയിലെ വരിക്കോലി മുക്ക്- കൈതപ്പറമ്പ് ഗ്രാമീണ റോഡരികിലെ വൃക്ഷ ശിഖരങ്ങളിൽ ഇരിക്കുന്ന മയിലുകൾ വാഹനങ്ങളിൽ പോകുന്നവർക്കും കാൽനട യാത്രക്കാർക്കും വനയാത്രയുടെ സുഖം പകരുകയാണ്. കാടു വിട്ടെത്തുന്ന ഇവയ്ക്ക് നാട്ടിൽ കാര്യമായി ശത്രുക്കളില്ലെങ്കിലും വൈദ്യുതി ലൈനുകളിൽ പറന്നു വന്നിരിക്കുന്ന ഇവയ്ക്ക് ജീവഹാനി സംഭവിക്കാറുണ്ട്. 

കഴിഞ്ഞ വർഷം കുന്നിടയിലും തട്ടാരുപടിക്കു സമീപവും മയിൽ വൈദ്യുതാഘാതമേറ്റു ചത്തിരുന്നു. വന മേഖലയിൽ നിന്നും 35 കിലോമീറ്റർ അകലെയുള്ള പ്രദേശങ്ങളിൽ അടുത്ത കാലത്തായി കാട്ടുപന്നി കൂട്ടവും പതിവു കാഴ്ചയാണ്. എന്നാൽ, കൃഷിയിടങ്ങളിൽ നാശം വിതയ്ക്കുന്ന പന്നികളെ തുരത്താൻ മാർഗം തേടുന്ന നാട്ടുകാർക്ക് ഇപ്പോൾ പീലി വിടർത്തി നിൽക്കുന്ന മയിലുകൾ മനം മയക്കുന്ന കാഴ്ചയാണ്.