കാറിനെ ‘വിഴുങ്ങാനെത്തിയ’ ചെകുത്താൻ ചുഴലിക്കാറ്റ്!

യുഎസിലെ ഒറിഗോണിൽ ലിൻ കൗണ്ടിയിലൂടെ കാറോടിച്ചു പോവുകയായിരുന്നു ജെന്നിഫർ സ്കോട്ട്. കാറിൽ ഒപ്പം മക്കളും അവരുടെ ഏതാനും കൂട്ടുകാരുമുണ്ട്. ഗോൾട്ര റോഡിലൂടെ അങ്ങനെ പോകുമ്പോഴാണ് റോഡിൽ ഇടതു വശത്തായി ഒരു കാഴ്ച കണ്ടത്. സമീപത്തെ വയലിൽ ഒരു ചെറിയ ചുഴലിക്കാറ്റിനുള്ള ‘ഒരുക്കങ്ങൾ’. ഡസ്റ്റ് ഡെവിൾ എന്നറിയപ്പെടുന്ന അത്തരം ചുഴലിക്കാറ്റ് മേഖലയിൽ ഇടയ്ക്കിടെ ഉണ്ടാകുന്നതാണ്. കാർ നിർത്തി ജെന്നിഫർ ഈ കാഴ്ച മൊബൈലിൽ പകർത്തി. 

കുറച്ചു കൂടെ മുന്നോട്ടു പോകണമെന്നു കുട്ടികൾ വാശി പിടിക്കുന്നുണ്ടായിരുന്നു. അതിനനുസരിച്ച് റോഡിൽ അൽപം മുന്നോട്ടു പോയി പിന്നെ ജെന്നിഫർ വാഹനം നിർത്തിയിട്ടു. കാറ്റ് എത്രത്തോളം ശക്തമാണെന്ന് അറിയാത്തതിനാലായിരുന്നു ആ മുൻകരുതൽ. വിചാരിച്ചതു പോലെത്തന്നെ കാറ്റ് അതിവേഗം ശക്തിപ്രാപിക്കാൻ തുടങ്ങി. വയലിൽ കിടന്നിരുന്ന വൈക്കോൽക്കൂട്ടങ്ങളെ ചുഴറ്റിയെറിഞ്ഞു കൊണ്ടായിരുന്നു അതിന്റെ സഞ്ചാരം, ഒപ്പം പൊടിപടലങ്ങളും. അതിന്റെ വരവു തങ്ങള്‍ക്കു നേരെയാണെന്നറിഞ്ഞതോടെ ജെന്നിഫർ കുട്ടികളോടു പറഞ്ഞു– വേഗം വിൻഗോ ഗ്ലാസ് കയറ്റിയിട്ടേക്ക്. 

തൊട്ടുപിന്നാലെ കാറ്റ് വയലും കടന്നു റോഡിലേക്കു കുതിച്ചെത്തി. അതു കാറിനെ ആകെ പൊതിഞ്ഞു. വിഡിയോയിൽ പിന്നെ കാണുന്നത് ചെറുതായി കുലുങ്ങുന്ന കാറാണ്. ചില്ലിലേക്ക് വൈക്കോൽ വന്നിടിച്ചു കൊണ്ടേയിരുന്നു. ഡസ്റ്റ് ഡെവിളിന്റെ നടുവിലായിരുന്നു കാർ പെട്ടത്. ഇക്കാര്യം കുട്ടികൾ ആവേശത്തോടെ വിളിച്ചു പറയുന്നതും കേൾക്കാം. ‘നമ്മൾ പൂർണമായും ചുഴലിക്കാറ്റിൽ പെട്ടു’ എന്നായിരുന്നു ജെന്നിഫറിന്റെ മറുപടി. ശക്തി കുറഞ്ഞതായതു കൊണ്ട് കാര്യമായ അപകടങ്ങളൊന്നും സംഭവിച്ചില്ല. ആ കാഴ്ചകളെല്ലാം ഏകദേശം 41 മിനുറ്റുള്ള വിഡിയോയായി ജെന്നിഫർ യൂട്യൂബിൽ പോസ്റ്റ് ചെയ്തു. അതു വൈറലാവുകയും ചെയ്തു. എന്നാൽ കാറ്റ് അത്രയ്ക്കു ശക്തമല്ലാത്തതിനാൽ കാർ അതിനുള്ളിൽപ്പെട്ട നിമിഷത്തെ ആസ്വദിച്ചുവെന്നാണു ജെന്നിഫർ പ്രാദേശിക മാധ്യമത്തോടു പറഞ്ഞത്. കുട്ടികൾക്കും ഒരിക്കലും മറക്കാൻ പറ്റാത്ത അനുഭവമായും മാറി അത്. ശക്തിയേറിയ ചുഴലിക്കാറ്റായിരുന്നെങ്കിൽ കാർ മറിഞ്ഞ് അതിനകത്തുള്ളവരെല്ലാം അപകടത്തിൽപ്പേട്ടേനെ. 

ഭൂമിയുടെ ഉപരിതലത്തോടു ചേർന്നു ചൂടുപിടിച്ചു കിടക്കുന്ന വായു അതിനു മുകളിലെ തണുത്ത കാറ്റിലേക്ക് ‘ഇടിച്ചു’ കയറുമ്പോൾ സംഭവിക്കുന്നതാണ് ഡസ്റ്റ് ഡെവിൾ എന്ന പ്രതിഭാസം. അന്തരീക്ഷ സ്ഥിതിയെല്ലാം അനുകൂലമാണെങ്കിൽ അതൊരു ചുഴലിക്കാറ്റായി പെട്ടെന്നു മാറും. ഇവ വയലുകളിലും പാഴ്നിലങ്ങളിലുമാണ് പ്രധാനമായും സംഭവിക്കാറുള്ളത്. വൈക്കോലിനെ(Hay) ചുഴറ്റിപ്പറപ്പിക്കുന്നതിനാൽ ‘ഹേണാഡോ’ എന്നൊരു പേരും ഡസ്റ്റ് ഡെവിളിനുണ്ട്. 

വയലുകൾ അതിവേഗം ചൂടാകുന്ന അവസ്ഥയിലാണ്. അതോടെ ഉപരിതലത്തോടു ചേർന്ന് വായുവിന് ചൂടു കൂടും.  എന്നാൽ തൊട്ടുമുകളിൽ തണുപ്പുള്ള വായുവായിരിക്കും. രണ്ടും കൂടി കൃത്യമായ അനുപാതത്തിൽ ചേരുന്നതോടെ ‘ഹേണാഡോ’യായി. ശരാശരി 650 അടി വരെ ഉയരമുണ്ടാകും ഇത്തരം കാറ്റുകൾക്ക്. വിസ്തൃതിയാകട്ടെ പത്തു മുതൽ 130 അടി വരെയും. എന്നാൽ പലപ്പോഴും ഇവ അപകടകാരികളാകറില്ല എന്നതാണ് ആശ്വാസകരം.