അസാധാരണ മഴ ; കേരളം കണ്ട വലിയ രണ്ടാമത്തെ വെള്ളപ്പൊക്കം!

കേരളം കണ്ട ഏറ്റവും വലിയ രണ്ടാമത്തെ വെള്ളപ്പൊക്കം. അസാധാരണമായ ഈ മഴ ഒരുപക്ഷേ സംസ്ഥാനത്തെ നയിക്കുന്നത് ഈ സ്ഥിതി വിശേഷത്തിലേക്കാണ്. 1924 (മലയാള വർഷം 1099), 1961, 1994, 1999, 2008 തുടങ്ങിയ വർഷങ്ങളിലായിരുന്നു ഇതിനു മുമ്പ് ഇത്തരമൊരു മഴയ്ക്കു കേരളം സാക്ഷ്യം വഹിച്ചത്. ഇത്തവണ പെയ്യുന്ന മഴ ആ റെക്കോഡുകളും തകർക്കുമോ എന്ന ആശങ്ക ശക്തമാവുകയാണ്.

മുല്ലപ്പെരിയാർ, ഇടുക്കി അണക്കെട്ടുകൾ ഒരുപോലെ തുറന്നുവിട്ടതിനു പിന്നാലെ ഇവയുടെ വൃഷ്ടിപ്രദേശത്ത് കനത്ത മഴ തുടരുകയാണ്. പലയിടത്തും 27 സെന്റിമീറ്ററിലധികം മഴയാണു തുടർച്ചയായി പെയ്യുന്നത്. ഇതുമൂലമുള്ള മണ്ണിടിച്ചിലും ഉരുൾപ്പൊട്ടലും തുടരുന്നതും പേടിപ്പെടുത്തുന്ന സാഹചര്യത്തിലേക്കു കേരളത്തെ തള്ളിവിട്ടിരിക്കുകയാണ്.

വാട്സാപ്പും ട്വിറ്ററും ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങളിലെല്ലാം നിറഞ്ഞുകവിയുന്നത് ആശങ്ക തുളുമ്പുന്ന പ്രളയ ദൃശ്യങ്ങളാണ്. റെക്കോഡ് മഴയ്ക്കു സാക്ഷ്യം വഹിച്ച 72ാം സ്വാതന്ത്യ്രദിനം എന്ന നിലയിലാകും ഈ ദിവസം കേരള ചരിത്രത്തിൽ ഓർമിക്കപ്പെടുക. ചൊവ്വാഴ്ച ഉച്ചയ്ക്കുശേഷം ആരംഭിച്ച മഴ ബുധന്‍ രാവിലെ പത്തുമണി കഴിഞ്ഞും തുടരുകയാണ്

ബുധനാഴ്ച രാവിടെ എട്ടു വരെയുള്ള 24 മണിക്കൂറിൽ പീരുമേട്ടിലാണ് ഏറ്റവും കനത്ത മഴ രേഖപ്പെടുത്തിയത്; 27 സെന്റീമീറ്റർ. ഇടുക്കിയിൽ 23 സെന്റിമീറ്ററും മൂന്നാറിൽ 22 സെന്റിമീറ്ററും മഴ ലഭിച്ചു. മറ്റിടങ്ങളിൽ ലഭിച്ച മഴയുടെ അളവ് ഇങ്ങനെ: കരിപ്പൂർ (21 സെന്റിമീറ്റർ), കോഴിക്കോട്  (20), ഇരിക്കൂർ, ആലത്തൂർ (18), തൊടുപുഴ (17), മട്ടന്നൂർ, തളിപ്പറമ്പ് (14).

മുല്ലപ്പെരിയാറിലെ ജലനിരപ്പ് 141.5 അടിയായി തുടരുന്നു. 27,537 ക്യുസെക്സ് വെള്ളം അണക്കെട്ടിലേക്ക് എത്തുമ്പോൾ പുറത്തേക്കു വിടാനാവുന്നത് 2178 ക്യുസെക്സ് മാത്രം. 10359 ക്യുസെക്സ് വെള്ളമാണ് ഇതുവഴി അണക്കെട്ടിൽ അധികമായി സംഭരിക്കപ്പെടുന്നത്. ഈ വെള്ളം അതിവേഗം ഇറച്ചിപാലത്തിലെ ടണലുകളിലൂടെയും തോട്ടിലൂടെയും തമിഴ്നാട് കൊണ്ടുപോയില്ലെങ്കിൽ സ്ഥിതിഗതികൾ കൂടുതൽ ഭീതിജനകമാകും.

പെരിയാറും പമ്പാനദിയും കരകവിഞ്ഞെന്നു മാത്രമല്ല, തീരത്തെ നഗരങ്ങളെയും പതുക്കെ വിഴുങ്ങിത്തുടങ്ങി. കോഴഞ്ചേരി പട്ടണത്തിന്റെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായി. റാന്നി നഗരവും ഏതാണ്ടു മുങ്ങിക്കഴിഞ്ഞു. പല ഫ്ലാറ്റുകളുടെയും ഒന്നാം നില വരെ വെള്ളത്തിലായി. അള്ളുങ്കൽ ജല വൈദ്യുത പദ്ധതി പൂർണമായും വെള്ളത്തിൽ മുങ്ങി. റാന്നിയിൽ ഉരുൾപൊട്ടലുണ്ടായതായി സംശയമുണ്ട്. മൂഴിയാർ വനമേഖലയിലും ഉരുൾപൊട്ടിയതായി സംശയിക്കുന്നു.

പത്തനംതിട്ട – റാന്നി റൂട്ടിലും ആറന്മുള – ചെങ്ങന്നൂർ റൂട്ടിലും കോഴഞ്ചേരി – റാന്നി റൂട്ടിലെ കീക്കൊഴൂരും വെള്ളംകയറി ഗതാഗതം നിർത്തിവച്ചു.