ഭൂമി പിളർന്നു, മല തെന്നിമാറി, കിണറുകൾ താഴ്ന്നു; അപൂർവ പ്രതിഭാസങ്ങൾക്കു പിന്നിൽ?

വേനലിൽ പാടം വിണ്ടുകീറുന്നതുപോലെയാണ് ഭൂമി പിളരുന്നത്. പ്രളയജലമിറങ്ങിയതിനു പിന്നാലെ മണ്ണു വിണ്ടുകീറി വീടുകളും കിണറുകളും തകരുന്ന സംഭവങ്ങൾ കേരളത്തിലുടനീളം ആശങ്കയും അമ്പരപ്പും സൃഷ്ടിച്ചുകഴിഞ്ഞു.  

വീടു തകർന്നു;  കൃഷി നഷ്ടം

ഇടുക്കി ജില്ലയിലെ നെടുങ്കണ്ടം മാവടിയിൽ നാലു വീടുകളാണു പൂർണമായും തകർന്നത്. 33 വീടുകൾക്കു കേടുപാടുണ്ടായി.  റോഡുകളും കൃഷിയിടങ്ങളും ഉൾപ്പെടുന്ന ഭാഗം രണ്ടര കിലോമീറ്റർ ദൂരത്തിൽ വിണ്ടുകീറി. കട്ടപ്പന വാഴവരയിൽ ഭൂമി വിണ്ടുകീറി എട്ടു വീടുകളാണു തകർന്നത്. 18 കുടുംബങ്ങളുടേതായി 35 ഏക്കർ സ്ഥലത്ത് കൃഷിചെയ്യാനാവാത്ത അവസ്ഥയാണ്.   

ഭൂമി പിളർന്ന് ചെളിവെള്ളം 

മലപ്പുറം എടക്കര നെരുവാലമുണ്ടയിലെ റബർത്തോട്ടത്തിൽ ഭൂമി പിളർന്ന കാഴ്ച സകലരെയും ഞെട്ടിച്ചു. ഭൂമിക്കടിയിൽനിന്ന് ചെളിവെള്ളം നുരഞ്ഞു പൊങ്ങിയ ശേഷമായിരുന്നു ഉഗ്രശബ്ദത്തോടെ മുപ്പതുമീറ്റർ നീളത്തിൽ ഗർത്തമുണ്ടായത്. ജില്ലയിൽ പത്തോളം സ്ഥലങ്ങളിൽ ഭൂമി വിണ്ടുകീറി. ഓഗസ്റ്റ് എട്ടിന് കരുവാരകുണ്ട് ആർത്തലയിലെ റബർത്തോട്ടത്തിൽ   മ‌ൂന്നു മീറ്ററോളം താഴ്ചയിൽ ഗർത്തമുണ്ടായി.   

മല തെന്നിമാറി

തൃശൂർ ജില്ലയിലെ വലക്കാവ് വട്ടപ്പാറ മലയിൽ ഉരുൾപൊട്ടലിനു പിന്നാലെ അരകിലോമീറ്ററോളം ചുറ്റളവിൽ മലയുടെ ഒരുഭാഗം തെന്നിമാറി. എപ്പോൾ വേണമെങ്കിലും ഇടിഞ്ഞുവീഴാമെന്ന നിലയിലാണിപ്പോൾ മലഞ്ചെരിവ്. കുട്ടനെല്ലൂർ വെട്ടുകാട് എട്ടാംകല്ലിൽ ഭൂമിക്കടിയിൽ 100 മീറ്ററിലേറെ നീളത്തിൽ കൂറ്റൻ തുരങ്കമുണ്ടായി. തുരങ്കത്തിനുള്ളിൽനിന്നു കുത്തിയൊലിച്ചെത്തിയ കല്ലും മണ്ണും അടിഞ്ഞുകൂടി സമീപത്തെ തോട് നികന്നു.  

വീടൊഴിഞ്ഞ്  കുടുംബങ്ങൾ

മണ്ണിടിച്ചിൽ ഭയന്ന് കണ്ണൂർ ജില്ലയിലെ കൊട്ടിയൂർ അമ്പായത്തോട് ഭാഗത്തെ 10 കുടുംബങ്ങളും നെല്ല്യോടി ഭാഗത്തെ 13 കുടുംബങ്ങളും വീടുവിട്ട് മാറി താമസിക്കുകയാണ്. നെല്ല്യോടി ഭാഗത്ത് അഞ്ഞൂറുമീറ്ററോളം ദൂരം രണ്ടര – മൂന്നു മീറ്റർ വരെ ആഴത്തിൽ ഭൂമി താഴ്ന്നുപോയി. 

നോക്കി നിൽക്കെ കിണറുകൾ താഴുന്നു

ഭൂമിയിലെ വിള്ളലുകൾക്കൊപ്പം കിണറുകൾ ഇടിഞ്ഞുതാഴുന്ന സംഭവങ്ങളുമേറെ. ഭൂമിക്കു വിള്ളൽ വീഴുന്നതുപോലെയുള്ള പ്രതിഭാസമാണ് ഇതെന്നാണ് വിദഗ്ധാഭിപ്രായം.  

വയനാട് ജില്ലയിൽ മാത്രം ഇരുപത്തഞ്ചിലേറെ കിണറുകൾ ഇടിഞ്ഞു താഴ്ന്നു. പാലക്കാട് കരിമ്പ പഞ്ചായത്തിൽ 10 കിണറുകൾ  ഉപയോഗശൂന്യമായി. കോഴിക്കോട്  കൊയിലാണ്ടിക്കു സമീപം ചെങ്ങോടുകാവിൽ ആറു കിണറുകൾ ഇടിഞ്ഞു. ആലപ്പുഴ ജില്ലയിൽ മാവേലിക്കര പ്രായിക്കര, കല്ലുമല ഭാഗങ്ങളിൽ മൂന്ന‍ിടങ്ങളിൽ ഇതേ സംഭവമുണ്ടായി. ഇടുക്കി ജില്ലയിലെ നെടുങ്കണ്ടം, മാവടി മേഖലകളിൽ അഞ്ചു കിണറുകൾക്കാണ് നാശം. എറണാകുളം ജില്ലയിൽ രണ്ടിടത്ത് കിണർ താഴ്ന്നുപോയി.  

ഉരുൾപൊട്ടലിന്റെയും മണ്ണിടിച്ചിലിന്റെയും തുടർച്ച:
ഡോ. ജി.ശങ്കർ, (സയന്റിസ്റ്റ്, എൻസെസ്, തിരുവനന്തപുരം)

കേരളത്തിന്റെ പല ഭാഗങ്ങളിലും വലിയ വിള്ളലുകളുണ്ടായിട്ടുണ്ട്. ഭൗമോപരിതലത്തിലെ വിള്ളലുകളും ഭൂമിക്കടിയിലെ മണ്ണൊലിപ്പുമാണ് പ്രധാന പ്രശ്നങ്ങൾ. ഭൂമി വിണ്ടുകീറുന്നത് ഉരുൾപൊട്ടലിന്റെയും മണ്ണിടിച്ചിലിന്റെയും തുടർച്ചയാണ്. കനത്ത മഴ മൂലം ഉരുൾപൊട്ടലിനുള്ള അനുകൂല സാഹചര്യമുണ്ടായി. എന്നാൽ മഴ നിലച്ചതോടെ കാലാവസ്ഥാമാറ്റം മൂലം ആ പ്രക്രിയ പൂർത്തിയാക്കാൻ കഴിയാതെ വന്ന മേഖലകളിലാണ് വിള്ളലുണ്ടാകുന്നത്.  

ഭൂമിക്കടിയിലെ കുഴലീകൃത മണ്ണൊലിപ്പ് (സോയിൽ പൈപ്പിങ്) കേരളത്തിൽ പലയിടത്തും നേരത്തെയുമുണ്ടായിട്ടുണ്ട്. കനത്ത മഴ പെയ്തതോടെ ഇത്തരം സംഭവങ്ങൾ വർധിച്ചു. പുതിയ തോടുകൾ രൂപപ്പെട്ടതും റോഡുകൾ നികന്നതുമൊക്കെ ഇതിന്റെ ഉദാഹരണമാണ്. 

മഴ പൂർണമായി നിലയ്ക്കുകയും വെയിൽ പരക്കുകയും ചെയ്തതോടെ കൂടുതൽ സ്ഥലങ്ങളിൽ വിള്ളലോ ഭൂമിക്കടിയിലെ മണ്ണൊലിപ്പോ ഉണ്ടാകാനുള്ള സാധ്യതയില്ല. പക്ഷേ, ഒക്ടോബർ മുതലുള്ള തുലാവർഷക്കാലത്ത് ഇങ്ങനെയുള്ള മേഖലകളിൽ താമസിക്കുന്നവർ അതീവജാഗ്രത പുലർത്തണം. ആ സമയത്ത് ഉരുൾപൊട്ടലിനു സാധ്യതയുണ്ട്. വിള്ളലുകളിൽക്കൂടി മഴ വെള്ളം ഇറങ്ങാതിരിക്കാൻ ചാലുകൾ കീറി വെള്ളം വഴിതിരിച്ചുവിടണം. ഉരുൾപൊട്ടിയ സ്ഥലങ്ങളിലെ അവശിഷ്ടങ്ങൾ അടിയന്തര ആവശ്യമില്ലെങ്കിൽ ഉടനെ മാറ്റരുത്. ഉരുൾപൊട്ടിയ മേഖലകളിൽ മണ്ണിന് ബലം നൽകുന്നത് ഈ അവശിഷ്ടങ്ങളാണ്.