ആശങ്കയുണർത്തി, വയനാട്ടിലെങ്ങും കാലം തെറ്റുന്ന കാലാവസ്ഥ!

രാവിലെ മഞ്ഞ്, പകൽ കനത്ത ചൂട്, രാത്രി തണുപ്പ് പ്രളയാനന്തരം വയനാട് ഇങ്ങനെയൊക്കെയാണ്.

പ്രളയത്തിനു ശേഷം കഴിഞ്ഞ ഒരാഴ്ചയായിട്ട്  പകൽ സമയങ്ങളിൽ ജില്ലയിൽ കനത്ത ചൂടാണ് അനുഭവപ്പെടുന്നത്.  രാത്രികാലങ്ങളിൽ  കനത്ത തണുപ്പും.  വരാനിരിക്കുന്ന കൊടുംവരൾച്ചയുടെ  മുന്നറിയിപ്പാണെന്ന ആശങ്ക നിലനിൽക്കുമ്പോഴും നിലവിൽ ഭയപ്പെടാനുള്ള സാഹചര്യമില്ലെന്ന  നിലപാടിലാണ്  വിദഗ്ധർ.അതേസമയം, കനത്ത ചൂടിനു തെല്ലൊരാശ്വാസമായി  ഇന്നലെ ബത്തേരി, പുൽപള്ളി, നടവയൽ, ചുണ്ടേൽ തുടങ്ങിയ ഭാഗങ്ങളിൽ  മഴ പെയ്തിരുന്നു.  

▅  ചൂട് കൂടുന്നു

ഇന്നലെ ജില്ലയിൽ അനുഭവപ്പെട്ട കൂടിയ താപനില 32 ഡിഗ്രി സെൽഷ്യസാണ്. കുറഞ്ഞ താപനില 16 ഡിഗ്രി സെൽഷ്യസുമായിരുന്നു. കഴിഞ്ഞ ഒരാഴ്ചയായിട്ട് പകൽസമയങ്ങളിൽ ചുട്ടുപൊള്ളുന്ന ചൂടാണ്.ഉച്ച സമയത്തു പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥ. സെപ്റ്റംബറിൽ പതിവായി ലഭിക്കുന്ന മഴ മാറിനിന്നതാണ് പകൽസമയങ്ങളിൽ ചൂട് കൂടാനിടയാക്കിയതെന്നാണ് വിദഗ്ധരുടെ അഭിപ്രായം.ആകാശത്തു മഴമേഘങ്ങളുടെ സാന്നിധ്യം കുറഞ്ഞതും ചൂട് കൂടാനിടയാക്കി. സൂര്യപ്രകാശം നേരിട്ടു ഭൂമിയിൽ പതിക്കുന്ന സമയമാണിത്. മഴമേഘങ്ങളില്ലാത്തതു  സൂര്യപ്രകാശം നേരിട്ടു ഭൂമിയിലേക്ക് പതിക്കാൻ ഇടയാക്കി.ഇതാണു ചൂട് ഇരട്ടിയായത്. കഴിഞ്ഞദിവസം നടവയൽ, വെണ്ണിയോട് എന്നിവിടങ്ങളിലായി രണ്ടുപേർക്കു സൂര്യാതപമേറ്റിരുന്നു.

▅  വയലുകൾ വിണ്ടു കീറുന്നു

കത്തുന്ന പകൽച്ചൂടിൽ വയലുകൾ വിണ്ടു കീറാൻ തുടങ്ങി. മുൻവർഷങ്ങളെ അപേക്ഷിച്ച് ജില്ലയിൽ ഈ വർഷം ജനുവരി അവസാനത്തോടെ  തന്നെ കനത്ത ചൂടിൽ പലയിടങ്ങളിലും കാർഷിക വിളകൾ കരിഞ്ഞു തുടങ്ങിയിരുന്നു.മഴ പെയ്യാൻ തുടങ്ങിയതോടെ  കർഷകർ പ്രതീക്ഷയിലായിരുന്നു. എന്നാൽ, അതിവൃഷ്ടി കാരണം കാർഷിക വിളകളെല്ലാം നശിച്ചു. പ്രളയം വിഴുങ്ങിയ പനമരം, കോട്ടത്തറ ഗ്രാമപഞ്ചായത്തുകളിലെ  ഭൂരിഭാഗം വയലുകളുടെ അവസ്ഥ ദയനീയമായി തുടരുകയാണ്.

▅  മണ്ണിലെ ഇൗർപ്പം കുറഞ്ഞു

മണ്ണിലുണ്ടായ മാറ്റങ്ങളും കാലാവസ്ഥയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. നെൽവയലുകൾ മറ്റു കൃഷികളിലേക്കു മാറ്റപ്പെട്ടതോടെ  ജലസംഭരണ ശേഷിയിൽ മാറ്റങ്ങളുണ്ടായതാണ്  മണ്ണിലെ ഇൗർപ്പം കുറയാനിടയാക്കിയത്. മഴ മാറി വെയിൽ വന്നതോടെയാണ് മണ്ണിലെ ഇൗർപ്പം ക്രമാതീതമായി കുറഞ്ഞത്.

▅  ചൂട് കുറയാൻ തുലാമഴ ലഭിക്കണം

ഇനിയുള്ള പ്രതീക്ഷകൾ തുലാമഴയിലാണ്. അടുത്ത മാസത്തോടെ തുലാവർഷം ആരംഭിക്കും.പതിവുപോലെ  ശക്തമായ തുലാമഴ ലഭിക്കുകയാണെങ്കിൽ  ചൂട് സാധാരണ നിലയിലേക്കു എത്തുമെന്ന് കാലാവസ്ഥാ നിരീക്ഷകർ പറയുന്നു.

താപനില ഡിഗ്രി സെൽഷ്യസിൽ, കൂടിയത്, കുറഞ്ഞത് എന്ന ക്രമത്തിൽ

05.09.18        32              15

06.09.18        32              17

07.09.18        31              16.5

08.09.18        31              15

09.09.18        31.5           15

10.09.18        32              16

11.09.18        32              16