ചിലന്തിവല വിഴുങ്ങിയ നഗരം; ചിത്രങ്ങൾ കൗതുകമാകുന്നു!

ഗ്രീസിലെ ഒരു നഗരമാണ് ഇരുണ്ടു വെളുത്തപ്പോൾ ചിലന്തിവലകൾ കൊണ്ട് നിറഞ്ഞ് അപസർപ്പക കഥകളിലെ നഗരം പോലെയായി മാറിയത്. ഗ്രീസിലെ ‘ലിറ്റിൽ വെനീസ്’ എന്നറിയപ്പെടുന്ന ഏയ്റ്റോലിക്കോ നഗരമാണ് ചിലന്തിവലയുടെ പിടിയിലമർന്നത്. നഗരത്തിലെ മരങ്ങളും ചെടികളും പുൽമേടുകളുമെല്ലാം വെളുത്ത നിറത്തിലുള്ള നേർത്ത ചിലന്തിവലകൾ കൊണ്ട് മൂടിയിരിക്കുകയാണ്. ആയിരക്കണക്കിന് എട്ടുകാലികളാണ് ഈ വലകളിലുള്ളത്.

ചിലന്തി വലകൾ നിറഞ്ഞ നഗരത്തിന്റെ ചിത്രങ്ങൾ പ്രദേശവാസിയായ ജിയാന്നിസ് ജിയന്നാക്കോപോളസ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതോടെയായണ് സംഭവം മാധ്യമ ശ്രദ്ധയാകർഷിച്ചത്. തെരാങ്നതാ വിഭാഗത്തിൽ പെട്ട ചെറിയ ഇനം ചിലന്തികളാണ് നഗരത്തിലാകെ വല വിരിച്ചിരിക്കുന്നത്. വെള്ളത്തിലും കരയിലും അനായാസേന സഞ്ചരിക്കുന്ന ഈ ചിലന്തികൾ അപകടകാരികളല്ല. മഞ്ഞു പോലെ നേർത്ത വലകൾക്കുള്ളിലിരിക്കുന്ന എട്ടുകാലിക്കൂട്ടം മനുഷ്യർക്ക് അപകടമൊന്നും സൃഷ്ടിക്കില്ലെന്ന് ജന്തുശാസ്ത്ര ഗവേഷകയായ മരിയാ ഷാട്സാകി വ്യക്തമാക്കി.

ചിലന്തികളുടെ ഇത്തരം കടന്നുകയറ്റം അപൂർവമല്ല. എന്നാൽ ഇപ്പോൾ ഇവ ഏയ്റ്റോലിക്കോ നഗരത്തിലേക്ക് അതിക്രമിച്ചു കടക്കാൻ കാരണം ഇവയുടെ ഇഷ്ടവിഭവമായ നേയ്റ്റ്സ് എന്ന് ചെറിയയിനം പ്രാണി പെരുകിയതുകൊണ്ടാണ്. ഇത് പ്രകൃതിയുടെ ഒരു സ്വാഭാവിക പ്രതിഭാസം മാത്രമാണ്. ചിലയിനം ജീവികൾ പെരുകുമ്പോൾ അവയെ ഉന്മൂലനം ചെയ്യാനായി മറ്റു ചിലത് രംഗപ്രവേശം ചെയ്യും. അതുതന്നെയാണ് ഇവിടെയും സംഭവിച്ചത്.

അന്തരീക്ഷ താപനില ഉയരുന്നതോടെ നേയ്റ്റ്സ് പ്രാണികൾ ഇല്ലാതാകും. അതോടെ ചിലന്തികളും ഇവിടെ നിന്നു പിന്‍വാങ്ങും. മുൻപും ചിലന്തി വലകൾ കണ്ടിട്ടുണ്ടെങ്കിലും ഇത്രയധികം ചിലന്തിവലകൾ നഗരത്തെ മൂടുന്നത് ആദ്യമായാണെന്ന് ചിത്രങ്ങൾ പകർത്തിയ ജിയാന്നിസ് ജിയന്നാക്കോപോളസ് പറഞ്ഞു. പ്രദേശവാസികൾ ചിലന്തിവല മൂടിയ നഗരത്തെ കണ്ട് ഭയന്നില്ലെങ്കിലും സമൂഹമാധ്യമങ്ങളിലൂടെ ചിത്രങ്ങൾ കണ്ട പലരും ഞെട്ടിയിരിക്കുകയാണെന്നും ജിയാന്നിസ് ജിയന്നാക്കോപോളസ് വ്യക്തമാക്കി.