സീലിന്റെ മൂക്കിൽ ഈൽ; അമ്പരന്ന് ശാസ്ത്രലോകം!

Image Credit: Brittany Dolan/NOAA Fisheries

സീലിന്റെ മൂക്കിൽ അകപ്പെട്ട ഈൽ (ആരൽ മത്സ്യം)നെ കണ്ട് അമ്പരന്നിരിക്കുകയാണ് ശാസ്ത്രലോകം. സംരക്ഷിത വിഭാഗത്തിൽ പെട്ട ഹവായിയൻ മങ്ക് സീലിന്റെ മൂക്കിനുള്ളിലാണ് ഈൽ അകപ്പെട്ടത്. ഇതെങ്ങനെ സംഭവിക്കുന്നു എന്ന അന്വേഷണത്തിലാണ് ശാസ്ത്രലോകം. മുൻപും  ഇത്തരത്തിൽ സീലിന്റെ മൂക്കിനുള്ളിൽ ഈൽ അകപ്പെട്ട നിലയിൽ കണ്ടെത്തിയിട്ടുണ്ട്. നാഷണൽ ഓഷ്യാനിക് ആൻഡ് അറ്റ്മോസ്ഫിയറിക് അഡ്മിനിസ്ട്രേഷന്റെ(NOAA) ഭാഗമായ ഹവായിയൻ മങ്ക് സീൽ ഗവേഷക വിഭാഗമാണ്  ഈ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ കഴിഞ്ഞ ദിവസം പുറത്ത് വിട്ടത്. പ്രായപൂർത്തിയാകാത്ത സീലുകളുടെ മൂക്കിലാണ് ഈലുകൾ അകപ്പെടുന്നതെന്നും ഗവേഷക വിഭാഗം വ്യക്തമാക്കി.

മുൻ വർഷങ്ങളിലും ഇതേ നിലയിൽ സീലുകളെ കണ്ടെത്തിയിരുന്നു. തീരത്തോടു ചേർന്നുള്ള പവിഴപ്പുറ്റുകൾക്കിടയിലെ മത്സ്യങ്ങളും മറ്റു കടൽജീവികളുമാണ് സീലുകളുടെ പ്രധാന ഭക്ഷണം. ഈലുകളെയും സീലുകൾ ഭക്ഷണമാക്കാറുണ്ട്. പവിഴപ്പുറ്റുകൾക്കിടയിലാണ് ഈലുകളുടേയും വാസം. സീലുകൾ ഇരതേടുമ്പോൾ രക്ഷപെടാനായി ഈലുകൾ മൂക്കിനുള്ളിലേക്ക് ഇടിച്ചുകയറുന്നതാണെന്നാണ് ഗവേഷകരുടെ നിഗമനം. മാത്രമല്ല കുഞ്ഞു സീലുകൾ നല്ല വേട്ടക്കാരല്ലെന്നുള്ളതും ഒരു കാരണമാണ്.  സാധാരണയായി വെള്ളത്തിനടിയിൽ ഇരതേടാനിറങ്ങുമ്പോൾ സീലുകളുടെ മൂക്ക് സ്വാഭാവികമായും അടയാറുണ്ട്. എന്നിട്ടും ഇതെങ്ങനെ സംഭവിക്കുന്നു എന്നതാണ് രസകരമായ കാര്യം.

ഗവേഷകരുടെ മറ്റൊരു നിഗമനം ഇരയെ വിഴുങ്ങുന്ന സീലുകൾ ഈലുകളെ ഛർദ്ദിക്കുമ്പോൾ വായിലൂടെ പുറത്തു വരുന്നതിനു പകരം മൂക്കിലൂടെ പുറത്തേക്കു വരുന്നതാകാമെന്നാണ്. എന്തായാലും ഇതിനു പിന്നിലുള്ള യഥാർഥ കാരണം കണ്ടെത്താൻ ഇതുവരെ ഗവേഷകർക്ക് കഴിഞ്ഞിട്ടില്ല. കഴിഞ്ഞ നാൽപ്പതു വർഷമായി ഹവായിയൻ മങ്ക് സീലുകളുടെ സംരക്ഷണത്തിനു വേണ്ടി പ്രവർത്തിക്കുന്ന സംഘടനയായ NOAA ഈ നിലയിൽ കണ്ടെത്തിയ സീലുകളെയെല്ലാം രക്ഷപെടുത്തിയിട്ടുണ്ട്. 

കൈകളില്ലാത്ത ജീവികളായതിനാൽ ഈലുകൾ മൂക്കിൽ കുടുങ്ങിയാൽ സീലുകള്‍ക്ക് ഒന്നും ചെയ്യാനാവില്ല. സീലുകളുടെ മൂക്കിൽ ഈലുകൾ തൂങ്ങിക്കിടക്കുന്ന നിലയിൽ കണ്ടെത്തിയാൽ ഉടൻ തന്നെ രക്ഷാപ്രവർത്തകരെത്തി സീലുകളുടെ മൂക്കിൽ നിന്ന് ഈലുകളെ മാറ്റുകയാണ് പതിവ്. ഇങ്ങനെ സംഭവിക്കുന്നതു മൂലം ഇതുവരെ ഒരു സീലിനും അപകടം സംഭവിച്ചിട്ടില്ലെന്നും സംഘം വ്യക്തമാക്കുന്നു. എന്നാൽ സീലിന്റെ മൂക്കിൽ അകപ്പെട്ട ഒരു ഈൽ പോലും ഇതുവരെ രക്ഷപെട്ടിട്ടുമില്ല. എന്തായാലും ഉത്തരം കിട്ടാത്ത ഈ സമസ്യക്കു പിന്നാലെയാണ് ശാസ്തലോകം.