വായിൽ വിരുന്നാകാൻ കായൽ മുരിങ്ങ

പുഴയിൽ നിന്നെടുത്ത കായൽമുരിങ്ങ കരയ്ക്കുകയറ്റുന്ന കർഷകർ

പറവൂർ ∙ രുചിയും ഗുണവും ഏറെയുള്ള കായൽ മുരിങ്ങ വടക്കേക്കരയിൽ സുലഭമാണ്. ചെലവു ചുരുങ്ങിയ ലാഭമേറെയുള്ള കായൽ മുരിങ്ങ കൃഷിയിലൂടെ നാടിനു പുതിയ കാർഷിക സംസ്കാരം സമ്മാനിക്കുകയാണ് നാട്ടിലെ കുറച്ചു വനിതകൾ.

വടക്കേക്കര പഞ്ചായത്തിലെ കൊട്ടുവള്ളിക്കാടാണ് കായൽമുരിങ്ങ സുലഭമായി വിളയുന്നത്. കരുണ, കാരുണ്യ, ജലപുഷ്പം, തേജസ് എന്നീ നാല് കുടുംബശ്രീ ആക്ടിവിറ്റി ഗ്രൂപ്പുകളിലെ 20 സ്ത്രീകളുടെ നേതൃത്വത്തില്‍ സിഎംഎഫ്ആർഐ, പഞ്ചായത്ത് എന്നിവരുടെ സഹകരണത്തോടെ കൊട്ടുവള്ളിക്കാട് - സത്താർ ഐലൻഡ് പുഴയിലാണ് കൃഷി.

കക്ക, ചിപ്പി വർഗത്തിൽപ്പെടുന്ന ജീവിയാണു കായൽ മുരിങ്ങ. മനുഷ്യന് കഴിക്കാവുന്ന മികച്ച ഭക്ഷണം. മൽസ്യത്തെക്കാള്‍ ഒരുപടി മുന്നിൽ. പ്രോട്ടീൻ, കാൽസ്യം എന്നിവയുടെ കാര്യത്തിൽ മൽസ്യത്തിനു തുല്യം. കൊളസ്ട്രോള്‍ വളരെ കുറവായതിനാൽ അധികം കഴിച്ചാലും പ്രശ്നമില്ല.

കുറഞ്ഞ ചെലവും കൃഷി ചെയ്യാൻ ജലാശയത്തിൽ കുറച്ചു സ്ഥലവും മതിയെന്നതാണ് ഈ കൃഷിയുടെ നേട്ടമെന്നു കർഷകയായ ജയ രാജീവ് പറഞ്ഞു. ഏതു മൽസ്യകൃഷിയിലും അറുപതുശതമാനം ചെലവ് തീറ്റയ്ക്കാണ്. കായൽമുരിങ്ങയ്ക്കു തീറ്റ വേണ്ട. സൂക്ഷ്മ ജലസസ്യങ്ങളെയാണ് ഇതു ഭക്ഷിക്കുന്നത്. ഒരുടൺ മൽസ്യം ഉൽപാദിപ്പിക്കണമെങ്കിൽ ഒരേക്കർ സ്ഥലം വേണം. കായൽമുരിങ്ങയ്ക്ക് ഏകദേശം ഒന്നര, രണ്ട് സെന്റ് മതി. ജലത്തിൽ ഉപ്പിന്റെ അംശം ഉണ്ടാകണമെന്നു മാത്രം.

കക്ക പോലെ കായൽ മുരിങ്ങയ്ക്ക് രണ്ട് തോടുകൾ ഉണ്ട്. ഇതിനകത്തെ മാംസമാണു ഭക്ഷ്യയോഗ്യം. മാംസം എടുത്ത തോടുകൾ അടുത്തവർഷം കുഞ്ഞുങ്ങളെ ശേഖരിക്കാൻ ഉപയോഗിക്കാം. തോടു കയറിൽകെട്ടി വെള്ളത്തിലിടും.

ഇതിൽ മുരിങ്ങ വന്നുപിടിക്കുകയാണു ചെയ്യുക. പുഴയിൽ കുറ്റിതറച്ച് അവ മുളകൾ ഉപയോഗിച്ചു ബന്ധിപ്പിക്കും. ഈ മുളകളില്‍ കയർ കെട്ടിയാണു തോട് വെള്ളത്തിൽ ഇടുക. 250 മുതൽ 300 വള്ളികൾ ഒരു തട്ടിൽ ഇടും. ഒരുവർഷം കഴിയുമ്പോൾ തിരികെയെടുക്കാം. ഒരു കയറിൽ നിന്നു 10 മുതൽ 20 കിലോഗ്രാം വരെ കായൽ മുരിങ്ങ ഉൽപാദിക്കാനാവും.

തോട് വെള്ളത്തിലിട്ടാൽ ഇടയ്ക്ക് ജലത്തിലെ ഉപ്പിന്റെ അംശം പരിശോധിക്കണമെന്നല്ലാതെ വേറെ പരിപാലനം ആവശ്യമില്ല. മറ്റു ജോലികൾക്കിടെ ചെയ്യാവുന്ന കൃഷിയാണു കായൽ മുരിങ്ങയെന്നു കർഷകയായ ഗീത സുർജിത്ത് പറഞ്ഞു. പിടിച്ചെടുത്ത ശേഷം കഴുകി രണ്ടു മണിക്കൂര്‍ ശുദ്ധമായ ഉപ്പുവെള്ളത്തിൽ ഇടും.

തുടർന്ന്, പുഴുങ്ങിയ ശേഷമാണു തോട് പൊട്ടിച്ച് മാംസം പുറത്തെടുക്കുക. ഉലർത്തിയും വറുത്തും കഴിക്കാവുന്ന കായൽമുരിങ്ങ അച്ചാറുകൾ ഉണ്ടാക്കാൻ ഉത്തമമാണ്. പച്ചയ്ക്കു കഴിക്കുകയും ചെയ്യാം.

മാർക്കറ്റിൽ ഒരെണ്ണം 15 രൂപയ്ക്കാണു നൽകുന്നത്. കിലോഗ്രാമിന് 500 രൂപ വിലയുണ്ട്. പുഴയിൽ ഉപ്പിന്റെ അംശം കുറയുകയോ തട്ട് ഇടിഞ്ഞ് കായൽ മുരിങ്ങ ചെള്ളയിൽ മുട്ടുകയോ ചെയ്താൽ ചീഞ്ഞുപോകും. ഈ കൃഷിയിൽ നഷ്ടം വരുത്തിയേക്കാവുന്ന ഘടകങ്ങൾ ഇതാണ്. കൊട്ടുവള്ളിക്കാട് നടത്തിയ കൃഷിയിൽ ഇരട്ടിയോളം ലാഭമുണ്ടായെന്നു കർഷകർ പറഞ്ഞു.