ഇലയായി മാറുന്ന ചിലന്തികൾ

അപകടഘട്ടം വരുമ്പോൾ നിറം മാറുന്ന ജീവികളേക്കുറിച്ചു നാം കേട്ടിട്ടുണ്ട്. ആപത്തു വരുമ്പോൾ രൂപം മാറുന്ന ഒച്ചുകളേയും ആമകളേയും ഈനാംപേച്ചികളേയും നമുക്കറിയാം. എന്നാൽ ഇതുരണ്ടും ഒരുമിച്ചു ചെയ്യാൻ കഴിവുള്ള ചിലന്തികളുണ്ടെന്നാണു പുതിയ കണ്ടെത്തൽ. ഒരേ സമയം തന്നെ നിറം മാറാനും രൂപം മാറാനും ഈ ചിലന്തികൾക്കു കഴിയും. കാമോഫ്ലോഡ്ജ് ഇനത്തിൽപ്പെട്ട ഇത്തരം ചിലന്തികളെ ആദ്യമായാണ് ഗവേഷകർ കണ്ടെത്തുന്നത്. ചൈനയിലെ യുനാൻ പ്രവശ്യയിലാണ് ഇവയെ കണ്ടെത്തിയത്.

ഏതാനും ചിലന്തികൾ കൂട്ടമായി കടന്ന് പോകുന്നത് കണ്ടാണ് ഗവേഷകർ ഇവയെ പിന്തുടരാൻ ആരംഭിച്ചത്. എന്നാൽ ചെടികൾക്കിടയിലേക്ക് കയറിപ്പോയ ഇവയെ പിന്നെ കണ്ടെത്താനായില്ല. സൂക്ഷമമായ നിരീക്ഷണത്തിൽ ചെടികളുടെ ഭാഗമായ ഉണങ്ങിയ ഇലകളെപ്പോലെ പറ്റിപ്പിടിച്ചിരിക്കുന്ന ചിലന്തികളെ ഗവേഷകർ കണ്ടെത്തി. ഒറ്റനോട്ടത്തിൽ തിരിച്ചറിയാൻ കഴിയാത്ത വിധം നിറവും രൂപവും മാറ്റിയായിരുന്നു ഇവ ഒളിച്ചിരുന്നത്. ഇവയുടെ ക്ലോസപ് ചിത്രങ്ങളിൽ പോലും ഇവ ഇലകളല്ലെന്നു മനസ്സിലാക്കാൻ പ്രയാസമാണ്.

ഉണങ്ങിയ ഇലകളായി മാത്രമല്ല ഋതുക്കൾ മാറുന്നതനുസരിച്ചു പഴുത്ത ഇലകളുടേയും പച്ച ഇലകളുടേയും നിറങ്ങൾ സ്വീകരിക്കാനും ഈ ചിലന്തികൾക്കു സാധിക്കുമെന്ന് തുടർന്നു നടത്തിയ ഗവേഷത്തിൽ വ്യക്തമായി.

എന്തുകൊണ്ടാണിവ നിറവും രൂപവും മാറുന്നതെന്ന് ഗവേഷകർക്ക് ഇതുവരെ പൂർണ്ണായും മനസ്സിലാക്കാൻ സാധിച്ചിട്ടില്ല. ഇരകളെ പിടിക്കാൻ വേണ്ടിയാകുമെന്നാണു പ്രാഥമിക നിഗമനം. ഇലകളുടെ അറ്റമെന്നതു പോലെ ചുരുണ്ടു കിടക്കുന്ന ശരീരമാണ് ഇവയെ ഇങ്ങനെ രൂപം മാറാൻ സഹായിക്കുന്നത്. പ്രച്ഛന്ന വേഷം നടത്തുമ്പോൾ ഇവ കാലുകൾ ശരീരത്തോടു ചേർത്ത് വയ്ക്കുകയാണു ചെയ്യുക. സ്ലോവേനിയൻ ഗവേഷകനായ മാട്ജാസ് കട്നർ ആണ് ഈ ചിലന്തികളെ കണ്ടെത്തിയത്.