ന്യൂജെന്‍ കൃഷി

കാർഷികോൽപന്നങ്ങൾക്ക് ഒാൺലൈൻ വിപണിയൊരുക്കി െഎടിക്കാരുടെ ‘ എന്റെ കൃഷി ഡോട്ട് കോം

അടുക്കളത്തോട്ടത്തില്‍ ആവശ്യത്തിലധികം വിളഞ്ഞാൽ എന്തു ചെയ്യും ? അയല്‍ക്കാര്‍ക്കോ ബന്ധുക്കള്‍ക്കോ കൊടുക്കാം. അവർക്കും അടുക്കളത്തോട്ടമുണ്ടെങ്കിലോ.... നിങ്ങളിൽ നിന്നു പതിവായി പച്ചക്കറി സൗജന്യമായി വാങ്ങാൻ അവർ മടിച്ചാലോ.

ഒന്നോ രണ്ടോ കിലോ തക്കാളിയും വെണ്ടയ്ക്കയുമായി വിൽക്കാന്‍ ചെന്നാൽ കടക്കാര്‍ക്കും അത്ര താല്‍പര്യം പോരാ.ഇവിടെയൊരു കാർഷിക സംരംഭം ഒളിഞ്ഞിരിപ്പിണ്ടല്ലോ എന്ന് ആദ്യം മിന്നിയത് കർഷകനല്ലാത്ത ജെയ്സന്റെ തലയിലാണ്.

നഗരത്തിലെ ചെറു കൃഷിക്കാർക്ക് തങ്ങളുടെ വിഭവങ്ങൾ വിറ്റഴിക്കാനൊരിടം .ഒപ്പമുണ്ടായിരുന്ന പത്ത് െഎടി ചങ്ങാതിമാരും തലകുലു‌ക്കിയതോടെ എന്റെ കൃഷി ഡോട്ട് കോം ( www.entekrishi.com) എന്ന വെബ്സൈറ്റ് പിറന്നു.

ഇടുക്കി ജില്ലയിലെ തൊടുപുഴയിലുള്ള ആക്സ്ടെക് െഎടി സൊലൂഷൻസ് എന്ന പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയിലെ പതിനൊന്നു ചെറുപ്പക്കാരാണ് സംരംഭത്തിനു പിന്നിൽ, ആറുമാസം മാത്രം പ്രായമുള്ള വെബ്സെറ്റിലൂടെ ഇന്ന് മൂവായിരത്തിലധികം കർഷകർ തങ്ങളുടെ ഉല്‍പന്നങ്ങള്‍ക്കു ലാഭകരമായ വിപണി കണ്ടെത്തുന്നു.

ചക്ക മുതല്‍ ചാണകം വരെയുള്ള ഉൽപന്നങ്ങള്‍ക്ക് ഒട്ടേറെ ഉപഭോക്താക്കൾ. വിളവ് എത്ര ചെറുതായാലും വലുതായാലും വിറ്റഴിക്കാനും എളുപ്പം.വെബ്സെറ്റിൽ റജിസ്റ്റർ ചെയ്യുന്നവർക്കും സ്വന്തം പേര്, ഫോൺ നമ്പർ, വിളയുെട ചിത്രം, അളവ്, പ്രതീക്ഷിക്കുന്ന വില എന്നീ വിവരങ്ങൾ നൽകാം.

വിപണിസ്ഥിതി നോക്കി വിലയിൽ മാറ്റം വരുത്താം. വെബ്സെറ്റ് സന്ദർശിക്കുന്ന ഉപഭോക്താക്കള്‍ക്കു കൃഷിക്കാരുമായി നേരിട്ടു ബന്ധപ്പെടാം. വിലയിലും വിളവിലും ഇരുവർക്കും തൃപ്തിയെങ്കിൽ ഇടപാടു നടത്താം.

ഇടനിലക്കാരുടെ ചൂഷണമില്ലാതെ വിൽക്കലും വാങ്ങലും നടത്താമെന്നതാണ് ഇതി‌ന്റെ പ്രധാന മെച്ചമെന്ന് ജെയ്സൺ . വാഴപ്പിണ്ടി മുതൽ ചക്കക്കുരുവരെ ഏത് ഉൽപന്നതിനും വിപണി ലഭിക്കുമെന്നത് മറ്റൊരു നേട്ടം.

ഉൽപന്നാടിസ്ഥാനത്തിലോ ജില്ലാടിസ്ഥാനത്തിലോ വെബ്സൈറ്റിൽ തിരയാം. തങ്ങൾക്കു വേണ്ടതു വിളയിക്കുന്നവരെ ചുറ്റുവട്ടത്തു കണ്ടെത്താനും കഴിഞ്ഞേക്കാം.നഗരങ്ങളിലെ ചെറുകർഷകരുടെ വിളകൾ വിൽക്കാനൊരിടമായാണ് തുടങ്ങിയതെങ്കിലും ഇപ്പോൾ അതിർവരമ്പുകളെല്ലാം മാഞ്ഞുപോയിരിക്കുന്നു.

വെബ്സെറ്റിൽ റജിസ്റ്റർ ചെയ്തവരിലേറെയും പാലക്കാട്, എറണാകുളം. ഇടുക്കി, വയനാട്, കോട്ടയം, കണ്ണൂർ, തിരുവനന്തപുരം ജില്ലകളിലെ മുഴുവൻ സമയ കര്‍ഷകർ. ഉപഭോക്താക്കളിൽ മറുനാട്ടുകാരുമുണ്ട്.

കൃഷിയിൽ മുൻപരിചയമില്ലാത്തതിനാൽ തുടക്കത്തിൽ പഴം, പച്ചക്കറി, സുഗന്ധവ്യഞ്ജനങ്ങൾ എന്നിവയ്ക്കു മാത്രമായിരുന്നു ഇടം. തങ്ങളുടെ ഉല്‍ന്നങ്ങൾ കൂടി പരിഗണിച്ചുകൂടെ എന്ന‌് കർഷകരിൽ നിന്നു നിരന്തരം അന്വേഷണം വന്നപ്പോഴാണ് ഇൗ മേഖലയുടെ വ്യാപ്തി തങ്ങളറിയുന്നതെന്ന് സംഘാംഗമായ സജീവ്. പൂക്കളും കിളികളും മുതൽ പാലും മുട്ടയും മണ്ണിരക്കമ്പോസ്റ്റും വരെ ലിസ്റ്റിൽ ഇടം പിടിക്കുന്നതിങ്ങനെ.

ഇതുവരെ കർഷകർക്കും ഉപഭോക്താക്കൾക്കുമുള്ള സേവനം സൗജന്യമായിരുന്നു. എന്നാല്‍ ഇനി സംരംഭത്തിന്റെ ലാഭവഴിയിലേക്കു കൂടി തിരിയുകയാണിവർ.

കർഷകർക്ക് ചെറിയൊരു റജിസ്ട്രേഷൻ ഫീസ്, ഉല്‍പന്നം കണ്ട് ഇഷ്ടപ്പെടുന്ന ഉപഭോക്താക്കള്‍ക്ക് കർഷകരുടെ ഫോൺ നമ്പർ ലഭിക്കാനും നിശ്ചിത ഫീസ് . െജയ്സൺ , റോയ്മോൻ, ഗോകുൽ, കിരൺ, സജീവ്, അജോമോൻ , ധന്യ, അരുൺ, ജയകുമാർ, ജോസ്മോൻ, അനീഷ് എന്നിവര്‍ ചേ‌രുന്ന ഇൗ െഎടി കൂട്ടം ആവേശത്തിലാണ്..... ‘ഞങ്ങളുടെ വിളവും മോശമാവില്ല’