തക്കാളിയുടെ തീവിലയ്ക്കു പിന്നിൽ മയിലുകളോ ?

തക്കാളിയുടെ വൻ വിലക്കയറ്റത്തിൽ മയിലുകൾക്കും പങ്ക്. തമിഴ്നാട്ടിലെ കൃഷിയിടങ്ങളിൽ മുട്ടയിട്ടു പെരുകിയ മയിൽക്കൂട്ടങ്ങളാണു വിളഞ്ഞുപാകമായി നിൽക്കുന്ന തക്കാളിപ്പഴങ്ങൾ തിന്നുതീർക്കുന്നത്. തക്കാളി തീറ്റക്കാരായ മയിലുകൾ പാടങ്ങൾ കയ്യടക്കിയതോടെ വിപണിയിൽ വിലയേറി.

മയിലുകൾക്ക് ഏറെ ഇഷ്ടമുള്ള മുളക്, പയർ, മാമ്പഴം, ചോളം തുടങ്ങിയവയിൽ വിഷംതളി വ്യാപകമായപ്പോഴാണു തക്കാളിയിലേക്കു തിരിഞ്ഞതെന്നു പറയുന്നു. തക്കാളിയിൽ താരതമ്യേന വിഷം കുറവാണത്രേ. മയിൽപ്പീലിക്കായി വേട്ടസംഘങ്ങൾ തോക്കുമായി തമ്പടിച്ചതും മയിലുകളെ മുളകുപാടങ്ങളിൽനിന്നും അകറ്റി.

തക്കാളിപ്പാടങ്ങളിൽ പെരുകിയ മയിലുകൾ തക്കാളി തിന്നുതീർക്കുന്നതാണു ക്ഷാമത്തിനു പ്രധാന കാരണമെന്നു കർഷകർ പറയുന്നു. തക്കാളിക്കൃഷി ഏറെയുള്ള ഉടുമൽപേട്ടയിലാണു മയിലുകളേറെയും. കൂട്ടമായെത്തുന്ന മയിലുകൾ നിമിഷങ്ങ‍ൾക്കുള്ളിൽ കിലോക്കണക്കിനു തക്കാളിപ്പഴങ്ങൾ തിന്നുതീർക്കും.