മദ്യപിച്ച് റോഡില്‍ വീണ് ഉറങ്ങിയ യജമാനന് കാവൽ നിൽക്കുന്ന നായ; വിഡിയോ കാണാം

കൊളംബിയയിലെ ഒരു തെരുവില്‍ നിന്നാണ് മദ്യപിച്ച് റോഡില്‍ വീണുപോയ തന്റെ യജമാനനെ രക്ഷിക്കാന്‍ പാടുപെടുന്ന നായയുടെ ദൃശ്യം പുറത്തു വന്നത്. യജമാനനെ എഴുന്നേല്‍പ്പിക്കാനായി അടുത്തേക്ക് വരാന്‍ പോലും ആരെയും അനുവദിക്കാത്ത തരത്തിലായിരുന്നു നായയുടെ കാവല്‍. നായ വളരെ ഗൗരവത്തിൽ തന്റെ ജോലി ചെയ്തപ്പോൾ ഈ കാഴ്ച വഴിയാത്രക്കാർക്കും പൊലീസിനും സമ്മാനിച്ചത് കൗതുകമായിരുന്നു.

ചുറ്റും ആളുകൾ കൂടിയപ്പോൾ പ്രതിരോധിക്കാനുള്ള അവസാന മാർഗ്ഗമെന്ന നിലയിൽ നായ ഉടമസ്ഥന്റെ പുറത്തു കയറിക്കിടന്നു. വഴിയിൽ നിന്നും അയാളെ എടുത്തുമാറ്റാനായി ശ്രമിക്കുന്ന പൊലീസ് ഉദ്യോഗസ്ഥനെയും വഴിയാത്രക്കാരെയും കടിക്കാൻ ശ്രമിച്ചും കുരച്ചു പേടിപ്പിച്ചും അകറ്റിനിർത്താൻ കിണഞ്ഞു പരിശ്രമിക്കുകയാണ് നായ. ഈ സംഭവങ്ങളൊന്നുമറിയാതെ നായയുടെ ഉടമ നടുറോഡില്‍ കൂര്‍ക്കം വലിച്ച് ഉറക്കമായിരുന്നു. ഇക്കണ്ട ബഹളങ്ങളൊന്നും കേട്ട് യജമാനൻ എഴുന്നേൽക്കുന്നില്ലെന്നു കണ്ട് അയാളുടെ മുഖത്തു നക്കി എഴുന്നേല്‍പ്പിക്കാനും നായ ശ്രമിക്കുന്നുണ്ടായിരുന്നു.

ഒടുവില്‍ നായയുടെ ശ്രദ്ധ തിരിക്കുന്നതില്‍ പോലീസ് ഉദ്യോഗസ്ഥൻ വിജയിച്ചതോടെ നായയുടെ യജമാനൻ ഉണർന്നു. ഏതവസ്ഥയിലും ഉടമയ്ക്ക് കാവൽ നിൽക്കാൻ തയാറായ നയയ്ക്ക് ഇപ്പോൾ വെർച്വൽ ലോകത്ത് നിറയെ ആരാധകരുണ്ട്.  നായയെ മാത്രമല്ല നാട്ടുകാരെയും പോലീസ് ഉദ്യോഗസ്ഥനെയും അഭിനന്ദിച്ച് നിരവധി പേര്‍ രംഗത്തെത്തി. അത്രയധികം പ്രശ്നങ്ങള്‍ ഉണ്ടാക്കിയിട്ടും  സമയം മിനക്കെടുത്തിയിട്ടും നായയെ ഉപദ്രവിക്കാതെ നയപരമായി കാര്യങ്ങൾ കൈകാര്യം ചെയ്തതിനാണ് അവര്‍ക്കും അഭിനന്ദനങ്ങള്‍ ലഭിച്ചത്.

യജമാനനെ ഉപദ്രവിക്കാനല്ല സഹായിക്കാനാണ് എല്ലാവരും ശ്രമിക്കുന്നതെന്ന് മനസ്സിലായതോടെ പിന്നീട് നായയും വലിയ പ്രശ്നങ്ങളുണ്ടാക്കിയില്ല. നായയുടെ ഉടമസ്ഥനെ പിന്നീട് പോലീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഈ സമയമെല്ലാം നായയും അയാളുടെ ഒപ്പമുണ്ടായിരുന്നു.