കൂട്ടുകാരിക്കും നാട്ടുകാർക്കും വേണ്ടാത്ത കുട്ടുമയിൽ ഇനി വനംവകപ്പിന് സ്വന്തം

നാടിന്റെയും നാട്ടുകാരുടെയും കൂട്ടുകാരനായിരുന്ന കുട്ടു മയിൽ ഇനി മൂവാറ്റുപുഴ വള്ളിക്കടയിലില്ല. കോതമംഗലത്തു നിന്നെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥർക്കൊപ്പം നാടിന്റെ ഓമനയായ കുട്ടു മയിലിനെ നാട്ടുകാർ യാത്രയാക്കി. നാട്ടിലെത്തുന്ന അപരിചിതർ കുട്ടുവിന്റെ ആക്രമണത്തിനിരയാകാൻ ആരംഭിച്ചതോടെ മയിലിനെ വനംവകുപ്പധികൃതർ കസ്റ്റഡിയിലെടുക്കുകയായിരുന്നു. അഞ്ചു വർഷം മുൻപാണ് വാഴക്കുളത്തിനു സമീപം വള്ളിക്കട പരദേവതാ ക്ഷേത്ര പരിസരത്തു കുട്ടുവും കൂട്ടുകാരിയുമെത്തിയത്. പിന്നീടിവർ നാട്ടുകാരുടെ ഓമനകളായി മാറി. നാട്ടിലെ ഓരോ വീട്ടിലും ഭക്ഷണത്തിലൊരു പങ്ക് ഇവർക്കുമുണ്ടായിരുന്നു.

കൃത്യമായി ഇവർ വീടുകളിലെത്തുകയും ചെയ്യും. നാട്ടിലെത്തുന്നവർ ഇവരുമൊത്ത് ഒരു സെൽഫിയെടുത്തേ തിരിച്ചു പോകാറുണ്ടായിരുന്നുള്ളൂ. ഒരു വർഷം മുൻപു കുട്ടുവിനെ ചിലർ ലോറിയിൽ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചപ്പോൾ നാട്ടുകാർ കിലോമീറ്ററുകൾ പിന്തുടർന്നു ലോറിക്കാരെ പിടികൂടി മോചിപ്പിച്ചു തിരിച്ചു കൊണ്ടുവന്നിരുന്നു. ലോറി നാട്ടുകാർ തല്ലിപ്പൊളിക്കുകയും ചെയ്തു. കുറച്ചു നാൾ മുൻപ് കൂട്ടുകാരി കുട്ടുവിനെ ഉപേക്ഷിച്ചു പറന്നകന്നതോടെയാണു കുട്ടുവിന്റെ സ്വഭാവത്തിൽ മാറ്റമുണ്ടായത്. സ്ത്രീകളോടുള്ള വൈരാഗ്യമാണോ കാര്യമെന്നറിയില്ല നാട്ടിലെത്തുന്ന അപരിചിതരായ സ്ത്രീകളെയും മറ്റും കുട്ടു ആക്രമിക്കാൻ ആരംഭിച്ചു.

വനംവകുപ്പ് ഉദ്യോഗസ്ഥർക്കു കൈമാറാനായി കുട്ടു മയിലിനെ നാട്ടുകാർ പിടികൂടിയപ്പോൾ.

പിന്നീടു നാട്ടിൽ പരിചയമുള്ള സ്ത്രീകളും കുട്ടികളുമൊക്കെ കുട്ടുവിന്റെ ആക്രമണത്തിനിരയായി. നാട്ടുകാർ സ്നേഹത്തോടെ ഉപദേശിച്ചും പിന്നെ ശാസിച്ചും കുട്ടുവിനെ ആക്രമണത്തിൽ നിന്നു പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും കുട്ടുവിന്റെ ആക്രമണം വർധിച്ചുകൊണ്ടിരുന്നു. കുട്ടു മയിലിനെ പേടിച്ചു വഴിനടക്കാൻ കഴിയാത്ത സാഹചര്യമായതോടെയാണു വേദനയോടെയാണെങ്കിലും കുട്ടുവിനെ വനംവകുപ്പിലേൽപിക്കാൻ നാട്ടുകാർ തീരുമാനിച്ചത്. ഇന്നലെ വനംവകുപ്പ് അധികൃതർ സ്ഥലത്തെത്തിയപ്പോൾ കുട്ടുവിന്റെ യാത്രയയപ്പിനു നാട്ടുകാരെല്ലാവരും എത്തിയിരുന്നു.