30 വര്‍ഷത്തിനകം 30 ലക്ഷത്തോളം വീടുകള്‍ കടലെടുക്കും!

ആഗോളതാപനം മൂലം കടല്‍ നിരപ്പുരുന്നതോടെ യുഎസിലെ തീരദേശമേഖലകള്‍ കടലെടുക്കുമെന്ന് ഗവേഷകര്‍. ഇതിന്റെ ഭാഗമായി ഏതാണ്ട് ഒരു കോടിയോളം പേര്‍ക്ക് കിടപ്പാടവും ഉപജീവന മാര്‍ഗ്ഗങ്ങളും നഷ്ടമാകുമെന്നും ഗവേഷകര്‍ പറയുന്നു. കടല്‍ത്തീരങ്ങളില്‍ സ്ഥിതി ചെയ്യുന്ന മുപ്പതു ലക്ഷത്തിലധികം വീടുകള്‍ കടല്‍ക്ഷോഭത്തിൽ നാമാവശേഷമാകുമെന്നും  ഇവർ പറയുന്നു.

ആഗോളതലത്തിൽ കാര്‍ബണ്‍ ബഹിഗമനത്തിൽ കാര്യമായ ഇടിവുണ്ടാകാത്ത പക്ഷം ഈ ദുരന്തം തടയാനാകില്ലെന്നാണ് പഠനം സൂചിപ്പിക്കുന്നത്. കടല്‍ കയറുന്നതു മൂലം അമേരിക്കയുടെ തീരപ്രദേശങ്ങളില്‍ മാത്രമുണ്ടാകുന്ന നഷ്ടം ഇപ്പോഴത്തെ കണക്കില്‍ ഏകദശം 12000 കോടി ഡോളറാണ്. കാര്‍ബണ്‍ ബഹിര്‍ഗമനം കുറയാനുള്ള സാധ്യത സമീപഭാവിയില്‍ കാണുന്നില്ലെന്നും ഗവേഷകര്‍ മുന്നറിയിപ്പു നല്‍കുന്നു. അതുകൊണ്ട് തന്നെ അമേരിക്ക നേരിട്ടതില്‍ വച്ച് ഏറ്റവും വലിയ സാമ്പത്തിക ദുരന്തത്തിന് രാജ്യം തയ്യാറെടുത്തോളാനാണ് ഗവേഷകര്‍ പറയുന്നത്.

കാലാവസ്ഥാ ഗവേഷകരുടെ രാജ്യാന്തര സംഘടനയായ യൂണിയന്‍ ഓഫ് കണ്‍സേണ്‍ഡ് സയന്റിസ്റ്റിലെ അംഗങ്ങളാണ് അമേരിക്കന്‍ തീരത്ത് സംഭവിക്കാനിരിക്കുന്ന ഈ വലിയ ദുരന്തത്തെക്കുറിച്ച് പഠനം നടത്തിയത്. ജനതയെ ഒട്ടാകെ സംഭ്രാന്തരാക്കുന്നതാകും ഈ ദുരന്തം. തങ്ങളുടെ അതിജീവനത്തില്‍ പോലും ജനങ്ങള്‍ക്ക് വിശ്വാസം നഷ്ടപ്പെടുന്ന അവസ്ഥ ഉണ്ടാകുമെന്നും ഗവേഷകര്‍ പറയുന്നു. വരാനിരിക്കുന്ന ഈ ദുരന്തത്തെ തടയാന്‍ വലുതായൊന്നും ഇനി ആര്‍ക്കും ചെയ്യാനില്ലെന്നും ഇവര്‍ സൂചിപ്പിക്കുന്നു.

യുഎസ് തീരത്തെക്കുറിച്ച് മാത്രം നടത്തിയ പഠനത്തിലെ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തു വിട്ടിരിക്കുന്നത്. സമാനമായ ദുരന്തം ലോകത്തിന്റെ ഭൂരിഭാഗം തീരപ്രദേശങ്ങളിലും ഉണ്ടാകുമെന്ന കാര്യത്തിലും ഇവര്‍ക്ക് സംശയമില്ല. ചെറിയ ദ്വീപ് രാഷ്ട്രങ്ങള്‍ പലതും ഇപ്പോള്‍ തന്നെ സമാനമായ ഭീഷണി നേരിടുന്നുണ്ട്. മാര്‍ഷല്‍ ദ്വീപുകളും മാലിദ്വീപും ബംഗ്ലാദേശിലെ പല ദ്വീപുകളുമെല്ലാം ഇതിന് ഉദാഹരണമാണ്. ഇതുവരെ പരിഹാരം കണ്ടെത്താനാകാത്ത ദുരന്തമായാണ് ഈ കടല്‍ക്ഷോഭങ്ങളെ ഗവേഷകര്‍ വിലയിരുത്തുന്നത്.