കാടിന്റെ ദൈവം മരണത്തോടടുക്കുന്നു; കണ്ണീരോടെ ന്യൂസീലൻഡ്

ടാനെ മഹൂത്ത അഥവാ കാടിന്റെ ദൈവം എന്നു പേരുള്ള 2500  വര്‍ഷം പഴക്കമുള്ള മരമാണ് ആസന്നമായ മരണവും കാത്തിരിക്കുന്നത്. 60 മീറ്ററോളം ഉയരമുള്ള ഈ മരത്തെ കൗരി ഡൈബാക്ക് എന്ന അപകടകരമായ ഫംഗസ് ബാധിച്ചിരിക്കുകയാണ്. അതുകൊണ്ടു തന്നെ ന്യൂസീലൻഡിലെ ഏറ്റവും പ്രായമേറിയതും, ഒട്ടേറെ ഗോത്ര വിഭാഗക്കാര്‍ ആരാധിക്കുന്നതുമായ ടാനെ മഹൂത്തയ്ക്ക് ഇനി അധികകാലം ആയുസ്സുണ്ടാകില്ല എന്ന് എല്ലാവരും മനസ്സിലാക്കി കഴിഞ്ഞു.

വടക്കന്‍ ന്യൂസീലൻഡിലുള്ള വൈപൗ വനമേഖലയിലാണ് ഈ മരം സ്ഥിതി ചെയ്യുന്നത്. കൗരി ഇനത്തില്‍ പെട്ട ഈ മരം ഈ മേഖലയിലെ ഗോത്ര വര്‍ഗ്ഗക്കാരായ മൗരികളുടെ സംരക്ഷണയിലാണ്. തങ്ങളുടെ മരിച്ചു പോയ പൂര്‍വ്വികര്‍ ഈ മരത്തിലുണ്ട് എന്നാണ് മൗരികളുടെ വിശ്വാസം. അതുകൊണ്ട് തന്നെ മരത്തിന്റെ മരണത്തോടെ ഇല്ലാതാകുന്നത് തങ്ങളുടെ കുടുംബത്തിന്റെ ഒരു ഭാഗമാണെന്നും മൗരികള്‍ പറയുന്നു.

14 മീറ്ററോളം ചുറ്റളവുള്ള ഈ മരം ന്യൂസീലൻഡിലെ ഏറ്റവും വീതിയേറിയ മരങ്ങളില്‍ ഒന്നുകൂടിയാണ്. കൗരി ഇനത്തില്‍ പെട്ട മരങ്ങള്‍ ഇത്രകാലം ജീവിച്ചിരിക്കാറില്ല എന്നതിനാല്‍ തന്നെ ജൈവ ശാസ്ത്രജ്ഞരുടെയും പ്രിയപ്പെട്ട മരമായിരുന്നു ടാനെ മഹൂത്ത. ടാനെ മഹൂത്തയില്‍ നിന്ന് ഏതാണ്ട് 50 മീറ്റര്‍ മാത്രം അകലെയുള്ള കൗരു മരം ഈ ഫംഗസ് ബാധിച്ച് ഏതാണ്ട് പൂര്‍ണ്ണമായി നശിച്ചു കഴിഞ്ഞു. സമീപത്തെ മരത്തിന് ഫംഗസ് ബാധ പിടിപെട്ടപ്പോഴെ ടാനെ മഹൂത്തയ്ക്ക് ഇനി അധികം ആയുസ്സില്ലെന്ന് ഗവേഷകര്‍ മുന്നറിയിപ്പു നല്‍കിയിരുന്നു. 

വര്‍ഷം തോറും നിരവധി പേരാണ് ടാനെ മഹൂത്തയെ സന്ദര്‍ശിക്കാനും ആരാധിക്കാനുമായി എത്തിക്കൊണ്ടിരുന്നത്. ന്യൂസീലൻഡ് പൈതൃകത്തിന്റെ പ്രധാനപ്പെട്ട അടയാളങ്ങളില്‍ ഒന്നായിരുന്നു ടാനെ മഹൂത്ത. ടാനെ മഹൂത്തയുടെ വേരുകള്‍ക്ക് മുകളിലുള്ള വീതിയേറിയ ഭാഗത്താണ് ഫംഗല്‍ ബാധ ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. കൗരി മരങ്ങളെ മാത്രം ബാധിക്കുന്ന ഈ ഫംഗസിനെ നിയന്ത്രിക്കാനുള്ള മാര്‍ഗ്ഗം ഇതുവരെ കണ്ടെത്തിയിട്ടില്ല. അതുകൊണ്ട് തന്നെ ഈ ഫംഗസ് ബാധിച്ചാല്‍ മരങ്ങളുടെ നാശം ഉറപ്പാണ്. അതിനാല്‍ തന്നെയാണ് കൗരി ഡൈബാക്ക് എന്ന പേരും ഈ ഫംഗസിനു നല്‍കിയിരിക്കുന്നത്.