‘ചെങ്ങന്നൂരിലെ പ്രളയം ചെന്നൈയേ ക്കാൾ പത്തിരട്ടി ശേഷിയുള്ളത്’

ചെന്നൈ പ്രളയത്തിന്റെ പത്തിരട്ടി ശേഷിയുളള പ്രളയമാണു ചെങ്ങന്നൂരും പരിസരപ്രദേശങ്ങളിലും കണ്ടതെന്നു ദേശീയ ദുരന്ത നിവാരണ സേനാംഗങ്ങൾ. ആർക്കോണത്തിൽ നിന്നെത്തി ചെങ്ങന്നൂരിൽ മൂന്നു ദിവസമായി ദുരന്തമേഖലയിൽ രക്ഷാപ്രവർത്തനം നടത്തുന്ന സംഘത്തിലെ മലയാളി സൈനികരാണ് ഇൗ അഭിപ്രായം പങ്കുവച്ചത്. െചന്നൈയിൽ വെള്ളപ്പൊക്കമുണ്ടായി ആദ്യമെത്തിയ സംഘമായിരുന്നു ഇൗ സൈനികരുടേത്.. ചെന്നൈയിലെ വെള്ളപ്പൊക്കം അപകടകരമായിരുന്നില്ല.

വെള്ളത്തിന് ഒഴുക്കില്ലായിരുന്നു.. വെള്ളം മെല്ലെ ഉയർന്നുവരുന്നതായിരുന്നു ചെന്നൈയിൽ കണ്ടത്. അവിടെ നീന്തിയെത്തി നൂറ് കണക്കിനാളുകളെ രക്ഷിച്ചെടുക്കാനായി.. പക്ഷേ, ചെങ്ങന്നൂരിലും തിരുവല്ലയിലുമൊക്കെ കണ്ടതു വെള്ളത്തിന്റെ കുത്തൊഴുക്കാണ്. ഏതു വഴിയാണ് അടിയൊഴുക്കുവരുന്നതെന്നും ശക്തിയെന്തെന്നും അറിയാനാകാത്തത്ര ദുർഘടമാണു കാര്യങ്ങൾ. സേനയുടെ ബോട്ട് എത്തുന്ന സ്ഥലങ്ങളും കുറവാണ്. വീതി കുറഞ്ഞ മൽസ്യബന്ധന ബോട്ടുകൾക്കാണു കൂടുതലും കയറിച്ചെല്ലാനാകുക

ആദ്യ ദിവസ ഓപ്പറേഷനിൽ തന്നെ സേനാഗം രാജസ്ഥാൻ സ്വദേശി സുരേന്ദറിനു പരുക്കേറ്റു. ഒരാളെ രക്ഷിച്ച് ബോട്ടിൽ ഇരുത്തുന്നതിനിടെ ഒഴുക്കിൽപ്പെട്ട് ബോട്ട് മറി‍ഞ്ഞു. മറിഞ്ഞ ബോട്ട് ഉയർത്തുന്നതിനിടെ സുരേന്ദറിന്റെ ഇടതു കൈയുടെ വിരലറ്റുപോയി. പിന്നീടു തിരുവല്ലയിൽ ആശുപത്രിയിലെത്തിച്ച് അടിയന്തര ശസ്ത്രക്രിയ നടത്തി തുന്നിച്ചേർക്കുകയായിരുന്നുവെന്ന് എൻഡിആർഎഫ് ഓഫിസറും കോട്ടയം കുറവിലങ്ങാട് സ്വദേശിയുമായ ബേബി തോമസ് പറഞ്ഞു.