Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വംശനാശത്തിന്റെ വക്കിൽ ഒറാങ് ഉട്ടാന്‍

bornean-orangutan

കുരങ്ങന്‍മാരിലെ ഏറ്റവും ബുദ്ധിയുള്ള വര്‍ഗ്ഗമാണ് ഒറാങ് ഉട്ടാനുകള്‍. ഇന്നു ലോകത്ത് രണ്ട് വിഭാഗം ഒറാങ് ഉട്ടാനുകള്‍ മാത്രമാണ് ബാക്കിയുള്ളത്. സുമാത്രന്‍ ഒറാങ് ഉട്ടാനും ബോര്‍ണിയന്‍ ഒറാങ് ഉട്ടാനും. സുമാത്രന്‍ ഒറാങ് ഉട്ടാനെ ഏറെ നാളുകള്‍ക്ക് മുന്‍പേ തന്നെ ഐയുസിഎന്‍ അതീവ വംശനാശ ഭീഷണിയുള്ള ഇനത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇപ്പോള്‍ ഏറ്റവും പുതിയതായി പുറത്തിറക്കിയ റെഡ് ഡാറ്റാ ബുക്കില്‍ ബോര്‍ണിയന്‍ ഒറാങ് ഉട്ടാനെയും അതീവ വംശനാശ ഭീഷണിയ നേരിടുന്ന പട്ടികയിലാണ് ഐയുസിഎന്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

വേട്ടയും വനനശീകരണവുമാണു ബോര്‍ണിയന്‍ ഒറാങ്ങുട്ടാനെയും വംശനാശത്തിന്‍റെ വക്കിലെത്തിച്ചിരിക്കുന്നത്. ഇന്തോനേഷ്യയുടെ ഭാഗമാണ് ബോര്‍ണിയയും, സുമാത്രയും. സുമാത്ര ഇന്തോനേഷ്യക്കു മാത്രം കീഴിലുള്ള ദ്വീപാണ്. ബോര്‍ണിയ ദ്വീപ് ഇന്തോനേഷ്യ, മലേഷ്യ, ബ്രൂണയ് എന്നീ രാജ്യങ്ങളുടെ സംയുക്ത അധീനതയിലാണ്. തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലെ വര്‍ദ്ധിക്കുന്ന വ്യവസായവൽക്കരണമാണു വനനശീകരണത്തിനും ആക്കം കൂട്ടുന്നത്. ഇത് ഈ മേഖലയിലെ ജൈവവ്യവസ്ഥയെ സാരമായി ബാധിക്കുന്നുണ്ട്.

1975 മുതലുള്ള 40 വര്‍ഷക്കാലം കൊണ്ടു ബോര്‍ണിയന്‍ ഉറാങ്ങുട്ടാന്‍റെ എണ്ണത്തില്‍ ഉണ്ടായിട്തുടുള്ളതു മൂന്നില്‍ രണ്ട് ഇടിവാണ്. വര്‍ഷത്തില്‍ 2000 മുതല്‍ 3000 വരെ ബോര്‍ണിയന്‍ ഒറാങ് ഉട്ടാനുകള്‍ കൊല്ലപ്പെടുന്നു എന്നാണു കണക്ക്. ഏതാണ്ട് എഴുപതിനായിരത്തോളം ബോര്‍ണിയന്‍ ഒറാങ്ങുട്ടാനുകളാണ് കാടുകളില്‍ അവശേഷിക്കുന്നത്. എണ്ണത്തില്‍ വലിയ സംഖ്യയായി തോന്നുമെങ്കിലും ഇന്തോനേഷ്യയിയും മലേഷ്യയിലും നടക്കുന്ന വനനശീകരണത്തിന്‍റെ തോതു നോക്കിയാല്‍ 20 വര്‍ഷം കൊണ്ട് ഈ മേഖലയില്‍ നിന്നും വനം പൂര്‍ണ്ണമായി തുടച്ചു നീക്കപ്പെടുന്ന അവസ്ഥയാണുള്ളത്.

വനനശീകരണത്തിന്‍റെ ഈ തോതാണു ബോര്‍ണിയന്‍ ഒറാങ് ഉട്ടാനുകളെ അതീവ വംശനാശ ഭീഷണി നേരിടുന്ന പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ കാരണം. എണ്ണപ്പന കൃഷിക്ക് വേണ്ടി നടക്കുന്ന ഈ വന്‍ വനനശീകരണം തന്നെയാണു സുമാത്രന്‍ ഒറാങ്ങുട്ടാനുകളെയും ഇന്നത്തെ പരിതാപകരമായ അവസ്ഥയിലേക്കെത്തിച്ചത്. ഒരു കാലത്തു സമ്പന്നമായിരുന്ന ഈ വംശത്തില്‍ ഇന്ന് അവശേഷിക്കുന്നത് നാലായിരത്തോളം ഒറാങ് ഉട്ടാനുകള്‍ മാത്രമാണ്.

Your Rating: