2016 ഓട്ടോ എക്സ്പോ: ‘ഹൗസ് ഫുൾ’ എന്നു സംഘാടകർ

പ്രമുഖ നിർമാതാക്കൾ പലരും വിട്ടു നിൽക്കുമ്പോഴും അടുത്ത വർഷത്തെ ഓട്ടോ എക്സ്പോയിലെ സ്റ്റാളുകൾ മുഴുവൻ വിറ്റഴിഞ്ഞെന്നു സംഘാടകർ. ലഭ്യമായിരുന്ന 7,000 ചതുരശ്ര മീറ്റർ സ്ഥലവും വിവിധ നിർമാതാക്കൾ ഏറ്റെടുത്തതായി സംഘടാകരായ സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടമൊബീൽ മാനുഫാക്ചറേഴ്സ്(സയാം) അവകാശപ്പെട്ടു.

അടുത്ത ഫെബ്രുവരിയിൽ നടക്കുന്ന ഓട്ടോ എക്സ്പോയ്ക്കില്ലെന്നു ബജാജ് ഓട്ടോ, ഹാർലി ഡേവിഡ്സൻ, റോയൽ എൻഫീൽഡ്, സ്കോഡ ഓട്ടോ, വോൾവോ, വോൾവോ കാഴ്സ്, ഡെയ്മ്​ലർ തുടങ്ങിയവർ പ്രഖ്യാപിച്ചിരുന്നു. ഓട്ടോ എക്സ്പോയുടെ മുൻപതിപ്പുകളിൽ സജീവ സാന്നിധ്യമായിരുന്ന നിർമാതാക്കളുടെ പിൻമാറ്റം പ്രദർശനത്തിനു മങ്ങലേൽപ്പിക്കുമോയെന്നും ആശങ്കയുണ്ടായിരുന്നു.

ഓട്ടമോട്ടീവ് കംപോണന്റ് മാനുഫാക്ചറേഴ്സ് അസോസിയേഷൻ(എ സി എം എ), കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി(സി ഐ ഐ), സൊസൈറ്റി ഓഫ് ഇന്ത്യ ഓട്ടമൊബീൽ മാനുഫാക്ചറേഴ്സ്(സയാം) എന്നീ സംഘടനകൾ സംയുക്തമായാണു രണ്ടു വർഷത്തിലൊരിക്കൽ അരങ്ങേറുന്ന ഓട്ടോ എക്സ്പോ സംഘടിപ്പിക്കുന്നത്. അടുത്ത ഫെബ്രുവരി അഞ്ചു മുതൽ ഒൻപതു വരെയാണ് ‘2016 ഓട്ടോ എക്സ്പോ’. വാഹന പ്രദർശനം ഫെബ്രുവരി അഞ്ചു മുതൽ ഒൻപതു വരെ ഗ്രേറ്റർ നോയ്ഡയിലെ ഇന്ത്യ എക്സ്പോ മാർട്ട് ആൻഡ് സെന്ററിൽ നടക്കുമ്പോൾ വാഹനഘടക നിർമാതാക്കൾ അണിനിരക്കുന്ന കംപോണന്റ് ഷോ നാലു മുതൽ ഏഴു വരെ പ്രഗതി മൈതാനത്താവും സംഘടിപ്പിക്കുക.

നാൽപതിലേറെ വാഹന നിർമാതാക്കൾ 2016 ഓട്ടോ എക്സ്പോയിൽ പങ്കെടുക്കുമെന്നാണ് ഇപ്പോഴത്തെ കണക്ക്. ഇതിൽ 22 യാത്രാവാഹന — വാണിജ്യ വാഹന നിർമാതാക്കളും 18 ഇരുചക്ര, ത്രിചക്രവാഹന നിർമാതാക്കളും ഉൾപ്പെടും. ചില വൈദ്യുത വാഹന നിർമാതാക്കളും എക്സ്പോയിൽ പങ്കെടുക്കാൻ രംഗത്തുണ്ട്.

ഓട്ടോ എക്സ്പോയിലെ പങ്കാളിത്തത്തിനു ചെലവേറുകയാണെന്നാണു വാഹന നിർമാതാക്കളുടെ പ്രധാന പരാതി. ഒരാഴ്ച നീളുന്ന മാമാങ്കത്തിനായി അഞ്ചു മുതൽ 15 കോടി രൂപ വരെ ചെലവിടേണ്ട സ്ഥിതിയായിട്ടുണ്ടത്രെ.

എന്നാൽ മൂന്നു നാലു വർഷമായി വാടക മാറ്റമില്ലാതെ തുടരുകയാണെന്നും സ്റ്റൻഡുകളുടെ നിലവാരം ഉയർത്തിയിട്ടുണ്ടെന്നുമാണു ‘സയാം’ ഡയറക്ടർ ജനറൽ വിഷ്ണു മാഥൂറിന്റെ അവകാശവാദം. പോരെങ്കിൽ സ്ഥലവാടക നിർമാതാക്കളുടെ ചെലവിന്റെ ഒരു ഭാഗം മാത്രമാണെന്നും അദ്ദേഹം വാദിക്കുന്നു. പ്രദർശനവേദി സജ്ജീകരിക്കാനാണു പലരും വൻതോതിൽ പണം ചെലവഴിക്കുന്നത്.