എഫ് സി എ ലയന സാധ്യത തള്ളാതെ ഫോക്സ്‌വാഗൻ

ഫിയറ്റ് ക്രൈസ്‌ലർ ഓട്ടമൊബീലു(എഫ് സി എ)യുമായുള്ള ലയനസാധ്യത തള്ളാനാവില്ലെന്നു  ജർമൻ വാഹന നിർമാതാക്കളായ ഫോക്സ്‌വാഗന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ മത്തിയാസ് മ്യുള്ളർ. എഫ് സി എ മേധാവിയായ സെർജിയൊ മാർക്കിയോണിയെ കാണുമ്പോൾ സ്വാഭാവികമായും ലയനം ചർച്ചാവിഷമാവാൻ സാധ്യതയുണ്ടെന്നും മ്യൂള്ളർ വ്യക്തമാക്കി. മലിനീകരണ വിമുക്തവും അത്യാധുനിക സാങ്കേതികവിദ്യയുടെ പിൻബലമുള്ളതുമായ വാഹനങ്ങളുടെ നിർമാണ ചെലവ് പങ്കിടാൻ കാർ വ്യവസായത്തിൽ ലയനങ്ങൾ അനിവാര്യമാണെന്ന പക്ഷക്കാരനാണു മാർക്കിയോണി. ലഭ്യമാവുന്ന അവസരങ്ങളിലെല്ലാം ഇക്കാര്യം അദ്ദേഹം നിരന്തരം ഉന്നയിക്കാറുമുണ്ട്. 

ലയനം പോലുള്ള കാര്യങ്ങളിലെ നിലപാട് മാധ്യമങ്ങളുമായി പങ്കുവയ്ക്കുന്നതിനൊപ്പം തന്നെപ്പോലുള്ള കാർ നിർമാണ കമ്പനി മേധാവികളോടും മാർക്കിയോണി ചർച്ച ചെയ്യണമെന്നായിരുന്നു മ്യുള്ളറുടെ നിലപാട്. അതേസമയം മാർക്കിയോണിയുമായി സഹകരിച്ചാലും ഇല്ലെങ്കിലും ഫോക്സ്വാഗന്റെ ഭാവിയെപ്പറ്റി ആശങ്കയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം കഴിഞ്ഞ ആഴ്ച ജനീവ ഓട്ടോ ഷോയ്ക്കിടെയാണു ഫിയറ്റ് ക്രൈസ്‌ലറുമായുള്ള ലയന ചർച്ചകൾക്കുള്ള സാധ്യത പോലും മ്യുള്ളർ തള്ളിക്കളഞ്ഞത്. ഒന്നിനെക്കുറിച്ചുള്ള ചർച്ചകൾക്കും കമ്പനി തയാറല്ലെന്ന നിലപാടാണ് അന്ന് അദ്ദേഹം സ്വീകരിച്ചത്. മാസങ്ങളായി മാർക്കിയോണിയെ കണ്ടിട്ടു പോലുമില്ലെന്നും മ്യുള്ളർ അവകാശപ്പെട്ടിരുന്നു.