റോയൽ എൻഫീൽഡിനോട് മത്സരിക്കാൻ ഹോണ്ട

Honda Rebel, Representative Image

റോയൽ എൻഫീൽഡ് അടക്കി വാഴുന്ന ക്രൂസർ സെഗ്മെന്റിലേയ്ക്ക് ജാപ്പനീസ് ഇരുചക്രവാഹന നിർമാതാക്കളായ ഹോണ്ടയുമെത്തുന്നു. 350സിസി മുതൽ 500 സിസി വരെയുള്ള സെഗ്മെന്റിലേയ്ക്കാണ് ഹോണ്ട പുതിയ ബൈക്ക് പുറത്തിറക്കുക. പുതിയ ബൈക്ക് വികസിപ്പിക്കുന്നതിനായി ജപ്പാൻ, തായ്‌ലാൻഡ്, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള എന്‍ജിനേയറുമാരെ ഉൾപ്പെടുത്തി ടീമും രൂപീകരിച്ചെന്ന് കമ്പനിയോട് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നു.

പുതിയ ബൈക്കിനെ ജപ്പാനിലേക്ക് ഇന്ത്യയിൽ നിന്ന് കയറ്റുമതി ചെയ്യാനും കമ്പനിക്ക് പദ്ധതിയുണ്ടെന്നാണ് അറിയുന്നത്. നിലവിൽ രാജ്യാന്തര വിപണിയിൽ വിൽപ്പനയിലുള്ള റിബൽ 200ന്റെ ഡിസൈനെ അടിസ്ഥാനമാക്കിയായിരിക്കും പുതിയ ബൈക്ക് നിർമിക്കുക. ജപ്പാനിൽ ഇരുചക്ര വിപണിയുടെ വളർച്ച നിരക്ക് കുറഞ്ഞത് ഇന്ത്യയിൽ കൂടുതല്‍ നിക്ഷേപിക്കുന്നതിനായി പ്രേരിപ്പിക്കുന്ന ഘടകമാണ്.

കൂടാതെ കഴിഞ്ഞ കുറച്ചു നാളിൽ റോയൽ എൻഫീൽഡ് നേടിയ വളർച്ചയും കമ്പനി വിലയിരുത്തും. അതുകൊണ്ട് തന്നെ ക്ലാസിക്ക് ലുക്കിലുള്ളൊരു ക്രൂസർ ബൈക്ക് നിർമിക്കാനാണ് കമ്പനി ശ്രമിക്കുന്നത്. റോയൽ എൻഫീൽഡ് നിരയിലെ മികച്ച വിൽപ്പനയുള്ള ക്ലാസിക്ക് 350 ബൈക്കിനോടാണ് പുതിയ ബൈക്ക് മത്സരിക്കുക. നിലവിൽ ഇന്ത്യൻ വിപണിയിൽ ഏറ്റവും അധികം വിൽപ്പനയുള്ള അഞ്ചു ബൈക്കുകളിലൊന്ന് ക്ലാസിക്ക് 350 ആണ്.