ബി എം ഡബ്ല്യു ബൈക്ക് കയറ്റുമതി ടി വി എസ് തുടങ്ങി

BMW G 310R

ജർമൻ ബ്രാൻഡായ ബി  എം ഡബ്ല്യുവിനായി ടി വി എസ് മോട്ടോർ കമ്പനി 310 സി സി ബൈക്കുകൾ നിർമിച്ചു തുടങ്ങി. ഇരുകമ്പനികളുമായി ഒപ്പിട്ട ധാരണാപത്രത്തിന്റെ അടിസ്ഥഥാനത്തിലാണു ബി എം ഡബ്ല്യു ശ്രേണിയിലെ എൻജിൻ ശേഷി കുറഞ്ഞ ബൈക്കുകൾ ടി വി എസ് ഇന്ത്യയിൽ നിർമിച്ചു കൈമാറുന്നത്. ഉൽപ്പദാനശേഷി വർധിപ്പിക്കാനും പുതിയ മോഡൽ അവതരണങ്ങൾക്കുമായി  2017 — 18ൽ 350 കോടി രൂപ നിക്ഷേപിക്കാനും ടി വി എസിനു പദ്ധതിയുണ്ട്. ഈ തുക ആഭ്യന്തരമായി സമാഹരിക്കാനാണു കമ്പിയുടെ നീക്കം. ഒപ്പം അടുത്ത മാർച്ചിനകം ഓരോ മോട്ടോർ സൈക്കിളും സ്കൂട്ടറും പുറത്തിറക്കാനും കമ്പനി ലക്ഷ്യമിടുന്നുണ്ട്.

എൻജിൻ ശേഷി 250 സി സി ക്കും 500 സി സിക്കുമിടയിലുള്ള മോട്ടോർ സൈക്കിളുകൾ സംയുക്തമായി വികസിപ്പിക്കാൻ ടി വി എസും ബി എം ഡബ്ല്യുവുമായി 2013ലാണു ധാരണയായത്. വികസനം യോജിച്ചാണെങ്കിലും സ്വന്തം വിപണന ശൃംഖലകൾ വഴിയാവും ബൈക്കുകൾ വിൽപ്പനയ്ക്കെത്തുകയെന്ന് കരാറിൽ വ്യക്തമാക്കിയിരുന്നു. പൊതു പ്ലാറ്റ്ഫോം/ആർക്കിടെക്ചർ അടിത്തറയാക്കി ടി വി എസും ബി എം ഡബ്ല്യുവും ചേർന്നാണു പുതിയ 310 സി സി ബൈക്ക് വികസിപ്പിച്ചത്. അതേസമയം ബി എം ഡബ്ല്യുവിനായി നിർമിച്ചു കയറ്റുമതി ചെയ്ത ബൈക്കുകളുടെ എണ്ണം വെളിപ്പെടുത്താൻ ടി വി എസ് പ്രസിഡന്റും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ കെ എൻ രാധാകൃഷ്ണൻ വിസമ്മതിച്ചു. ഇത്തരം വിവരങ്ങൾ ബി എം ഡബ്ല്യു പ്രഖ്യാപിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. 

അടുത്ത വർഷം അരങ്ങേറ്റം കുറിക്കുന്ന 310 സി സി ബൈക്കായ ‘ടി വി എസ് അക്യുല’യുടെ വിപണനം സംബന്ധിച്ച് അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു. നിലവിലുള്ള വിപണന ശൃംഖല വഴി ബൈക്ക് വിൽക്കണോ ‘അക്യുല’യ്ക്കായി പുതിയ വിപണന ശൃംഖല സ്ഥാപിക്കണോ എന്ന കാര്യത്തിലാണ് അനിശ്ചിതത്വം തുടരുന്നത്. മലിനീകരണ നിയന്ത്രണത്തിൽ ഭാരത് സ്റ്റേജ് നാല് നിലവാരമുള്ള മോഡലുകൾ കമ്പനി വിൽപ്പനയ്ക്കെത്തിച്ചു തുടങ്ങിയെന്നും രാധാകൃഷ്ണൻ വെളിപ്പെടുത്തി. സ്കൂട്ടർ, മോട്ടോർ സൈക്കിൾ വിൽപ്പന ഉയരുന്ന സാഹചര്യത്തിൽ 14% വിപണി വിഹിതത്തോടെ 2016 — 17 പൂർത്തിയാക്കാനാവുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.