സൗഹൃദം വിടാതെ കാവസാക്കിയും ബജാജും ഇരുവഴിക്ക്

ജാപ്പനീസ് ഇരുചക്രവാഹന നിർമാതാക്കളായ കാവസാക്കിയും ഇന്ത്യൻ പങ്കാളിയായ ബജാജ് ഓട്ടോ ലിമിറ്റഡും ഉഭയകക്ഷി സമ്മതപ്രകാരം വഴി പിരിയുന്നു. വിൽപ്പന, വിൽപ്പനാന്തര മേഖലകളിൽ നിലവിലുള്ള സഖ്യം ഏപ്രിൽ ഒന്നോടെ അവസാനിപ്പിക്കാനാണു കാവസാക്കിയും ബജാജും തീരുമാനിച്ചിരിക്കുന്നത്. 

പുതിയ സാമ്പത്തിക വർഷം മുതൽ രാജ്യത്തെ കാവസാക്കി ബൈക്കുകളുടെ വിൽപ്പനയും വിൽപ്പനാന്തര സേവനവുമൊക്കെ ഇന്ത്യ കാവസാക്കി മോട്ടോഴ്സ് ഏറ്റെടുക്കും. ജപ്പാനിലെ കാവസാക്കി ഹെവി ഇൻഡസ്ട്രീസിന്റെ പൂർണ ഉടമസ്ഥതയിൽ 2010 ജൂലൈയിൽ ആരംഭഇച്ച ഉപസ്ഥാപനമാണ് ഇന്ത്യ കാവസാക്കി മോട്ടോഴ്സ്. കാവസാക്കി ബൈക്ക് വിൽപ്പനയ്ക്കായി സ്വന്തം ഡീലർഷിപ് ശൃംഖലയും ഈ കമ്പനി സ്ഥാപിച്ചിട്ടുണ്ട്. 

സഖ്യം പിരിയുമ്പോഴും പരസ്പരമുള്ള സഹകരണവും സൗഹൃദവും തുടരുമെന്നും കാവസാക്കിയും ബജാജും വ്യക്തമാക്കിയിട്ടുണ്ട്. 2009 മുതൽ ‘പ്രോബൈക്കിങ്’ ഷോറൂമുകൾ മുഖേനയാണു ബജാജ് ഓട്ടോ കാവസാക്കി ബൈക്കുകളുടെ വിൽപ്പനയും വിൽപ്പനാന്തര സേവനവും നിർവഹിച്ചിരുന്നത്. എന്നാൽ പ്രോബൈക്കിങ് ശൃംഖലയെ കെ ടി എം ഡീലർഷിപ്പുകളായി പരിഷ്കരിക്കാനുള്ള നടപടികൾ നിലവിൽ പുരോഗതിയിലാണെന്നു ബജാജ് ഓട്ടോയുടെ പ്രോബൈക്കിങ് ഡിവിഷൻ പ്രസിഡന്റ് അമിത് നന്ദി വെളിപ്പെടുത്തുന്നു. 

ബജാജ് ഓട്ടോയ്ക്ക് ഓഹരി പങ്കാളിത്തമുള്ള ഓസ്ട്രിയൻ ബൈക്ക് നിർമാതാക്കളായ കെ ടി എമ്മുമായി സഹകരിച്ച് വികസിപ്പിച്ച ആദ്യ മോഡലായ ‘ഡ്യൂക്ക് 200’ 2012ലാണു വിപണിയിലെത്തിയത്. നടപ്പു സാമ്പത്തിക വർഷം ഡ്യൂക്ക് ശ്രേണിയുടെ വിൽപ്പന 37000 യൂണിറ്റിലെത്തുമെന്നാണു ബജാജ് ഓട്ടോയുടെ കണക്കുകൂട്ടൽ.