എൽ സി വി: 400 കോടി മുടക്കാൻ അശോക് ലേയ്‍‌ലാൻഡ്

Dost

ജപ്പാനിലെ നിസ്സാൻ മോട്ടോർ കമ്പനിയുമായുള്ള പങ്കാളിത്തം അവസാനിപ്പിച്ച സാഹചര്യത്തിൽ പുതിയ ലഘു വാണിജ്യ വാഹന(എൽ സി വി) വികസനത്തിനായി ഹിന്ദൂജ ഗ്രൂപ്പിൽപെട്ട അശോക് ലേയ്‍‌ലാൻഡ് 400 കോടി രൂപ നീക്കിവച്ചു.  2019 — 20നകം ഈ മേഖലയിലെ വിൽപ്പന മൂന്നിരട്ടിയായി വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കമ്പനി അടുത്ത രണ്ടു വർഷത്തിനിടെ 400 കോടി രൂപ മുതൽ മുടക്കാൻ തയാറെടുക്കുന്നത്. 

തർക്കങ്ങൾക്കും വിവാദങ്ങൾക്കും വിട നൽകി കഴിഞ്ഞ വർഷമാണ് അശോക് ലേയ്‍‌ലാൻഡും നിസ്സാനും സംയുക്ത സംരംഭങ്ങൾ അവസാനിപ്പിച്ചു വിട ചൊല്ലിയത്. പങ്കുകച്ചവടത്തിൽ നഷ്ടമായ സമയം തിരിച്ചുപിടിക്കാനും വിദേശ വിപണികളിലടക്കം പ്രകടനം മെച്ചപ്പെടുത്താനും ലക്ഷ്യമിട്ടാണ് അശോക് ലേയ്‍‌ലാൻഡ് പുതിയ രണ്ടു പ്ലാറ്റ്ഫോമുകൾ വികസിപ്പിക്കുന്നത്. ഇതിനായി നിസ്സാനുമായുള്ള സംയുക്ത സംരംഭങ്ങളിൽ പ്രവർത്തിച്ചു പരിചയമുള്ള ധാരാളം ജീവനക്കാർക്കു കമ്പനി പുനഃനിയമനം നൽകുന്നുമുണ്ട്. 

ഇടക്കാല പദ്ധതിയിലെന്ന നിലയിലാണ് അടുത്ത 12 — 24 മാസക്കാലത്ത് എൽ സി വി വികസനത്തിനായി 400 കോടി രൂപ നീക്കിവയ്ക്കുന്നതെന്ന് അശോക് ലേയ്‍‌ലാൻഡ് പ്രസിഡന്റ്(എൽ സി വി ആൻഡ് ഡിഫൻസ്) നിതിൻ സേത്ത് വിശദീകരിച്ചു. വ്യത്യസ്ത പവർട്രെയ്നുകളോടെ ലെഫ്റ്റ് — റൈറ്റ് ഹാൻഡ് ഡ്രൈവ് ലേ ഔട്ടുകളിൽ ധാരാളം മോഡലുകൾ വികസിപ്പിക്കാവുന്ന രണ്ടു പുത്തൻ പ്ലാറ്റ്ഫോമുകളാണ് അശോക് ലേയ്ലൻഡ് ലക്ഷ്യമിടുന്നത്. ആഭ്യന്തര വിപണിക്കു പുറമെ കയറ്റുമതി സാധ്യത കൂടി പരിഗണിച്ചാവും പുത്തൻ പ്ലാറ്റ്ഫോമുകൾ വികസിപ്പിക്കുകയെന്നും സേത്ത് വ്യക്തമാക്കി.

നിസ്സാനുമായി സഖ്യത്തിലായിരുന്ന കാലത്ത് സ്വന്തമായി എൽ സി വി വികസിപ്പിക്കാൻ അശോക് ലേയ്ലൻഡിന് അനുമതിയുണ്ടായിരുന്നില്ല. അതുപോലെ കരാർ വ്യവസ്ഥ പ്രകാരം അശോക് ലേയ്‍‌ലാൻഡിന്റെ എൽ സി വി കയറ്റുമതിക്കും വിലക്കുണ്ടായിരുന്നു.  എട്ടു വർഷമായി പ്രാബല്യത്തിലുണ്ടായിരുന്ന ധാരണയാണ് അശോക് ലേയ്‍‌ലാൻഡും നിസ്സാൻ മോട്ടോർ കമ്പനിയുടം കഴിഞ്ഞ സെപ്റ്റംബറിൽ അവസാനിപ്പിച്ചത്. മൂന്നു സംയുക്ത സംരംഭങ്ങളിലും നിസ്സാനുണ്ടായിരുന്ന ഓഹരികൾ അശോക് ലേയ്‍‌ലാൻഡ് വാങ്ങി. 2008 മേയിലാണ് ഇരുകമ്പനികളും ചേർന്ന് അശോക് ലേയ്‍‌ലാൻഡ് നിസ്സാൻ വെഹിക്കിൾസ് ലിമിറ്റഡ്(എ എൽ എൻ വി എൽ), നിസ്സാൻ അശോക് ലേയ്‍‌ലാൻഡ് പവർട്രെയ്ൻ ലിമിറ്റഡ്(എൻ എ എൽ പി ടി), നിസ്സാൻ അശോക് ലേയ്‍‌ലാൻഡ് ടെക്നോളജീസ് ലിമിറ്റഡ്(എൻ എ എൽ ടി) എന്നീ സംയുക്ത സംരംഭങ്ങൾ രൂപീകരിച്ചത്. ഇരുകമ്പനികളും 1,000 കോടിയോളം രൂപയുടെ നിക്ഷേവും ഈ മൂന്നു കമ്പനികളിലുമായി നടത്തിയിരുന്നു.