കാവസാക്കി വേർപാട്: പ്രകടനത്തെ ബാധിക്കില്ലെന്നു ബജാജ്

ജപ്പാനിലെ കാവസാക്കിയുമായുള്ള സഖ്യം ഉപേക്ഷിക്കുന്നത് കമ്പനിയുടെ പ്രകടനത്തെ ബാധിക്കില്ലെന്ന് ഇരുചക്ര, ത്രിചക്ര വാഹന നിർമാതാക്കളായ ബജാജ് ഓട്ടോ ലിമിറ്റഡ്. കമ്പനിയുടെ മൊത്തത്തിലുള്ള പ്രകടനത്തെ മാത്രമല്ല ഓഹരി വിലയെയും ഈ തീരുമാനം സ്വാധീനിക്കാൻ സാധ്യതയില്ലെന്നു പുണെ ആസ്ഥാനമായ ബജാജ് ഓട്ടോ സ്റ്റോക്ക് എക്സ്ചേഞ്ചുകളെ അറിയിച്ചിട്ടുണ്ട്.  ജപ്പാനിൽ നിന്നു സമാഹരിച്ച കാവസാക്കി ബൈക്കുകളാണു കമ്പനി 2009 മുതൽ ഇന്ത്യയിലെത്തിച്ചു വിൽക്കുന്നത്. 250 മുതൽ 650 സി സി വരെ എൻജിൻ ശേഷിയുള്ള കാവസാക്കി ബൈക്കുകളുടെ വിൽപ്പനയിലും വിൽപ്പനാന്തര സേവനത്തിലുമാണ് ബജാജ് ഓട്ടോ സഹകരിച്ചിരുന്നത്. വിലയേറിയ മോഡലുകളായതിനാൽ കാവസാക്കി സഖ്യം ഉപേക്ഷിക്കുന്നതു വിൽപ്പനയിൽ കാര്യമായി പ്രതിഫലിക്കുന്നില്ലെന്നാണു ബജാജിന്റെ വിലയിരുത്തൽ.

കഴിഞ്ഞ സാമ്പത്തിക വർഷം 38,93,581 ഇരുചക്രവാഹനങ്ങളാണു ബജാജ് ഓട്ടോ വിറ്റത്; ഇതിൽ കാവസാക്കി ബൈക്കുകൾ 867 എണ്ണം മാത്രമായിരുന്നു. നടപ്പു സാമ്പത്തിക വർഷം ഫെബ്രുവരി വരെയുള്ള കണക്കനുസരിച്ച് 642 കാവസാക്കി ബൈക്കുകളാണ് ഇന്ത്യയിൽ വിറ്റതെന്നും ബജാജ് ഓട്ടോ വ്യക്തമാക്കി.  കാവസാക്കിയുമായി ദശാബ്ദത്തോളമായി തുടരുന്ന വിൽപ്പന, വിൽപ്പനാന്തര സേവന സഖ്യമാണ് ബജാജ് ഓട്ടോ ലിമിറ്റഡ് ശനിയാഴ്ച മുതൽ അവസാനിപ്പിക്കുന്നത്. ഇതോടെ ഇന്ത്യയിലെ കാവസാക്കി ബൈക്ക് വിൽപ്പന ജപ്പാനിലെ കാവസാക്കി ഹെവി ഇൻഡസ്ട്രീസിന്റെ പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ ഇന്ത്യ കാവസാക്കി മോട്ടോഴ്സ് ഏറ്റെടുക്കും. 2010 ജൂലൈയിൽ സ്ഥാപിതമായ ഇന്ത്യ കാവസാക്കി മോട്ടോഴ്സ് ഇതിനായി സ്വന്തം വിപണന ശൃംഖലയും രൂപീകരിക്കാനുള്ള ശ്രമത്തിലാണ്.

കാവസാക്കിയുമായി വഴി പിരിയുന്നതോടെ കമ്പനിക്ക് ഓഹരി പങ്കാളിത്തമുള്ള ഓസ്ട്രിയൻ ബൈക്ക് നിർമാതാക്കളായ കെ ടി എമ്മിന്റെ വിൽപ്പന പ്രോത്സാഹിപ്പിക്കാനാണു ബജാജ് ഓട്ടോയുടെ പദ്ധതി. കാവസാക്കി ബൈക്കുകൾ വിറ്റിരുന്ന പ്രോ ബൈക്കിങ് ഔട്ട്ലറ്റുകളെ ക്രമേണ കെ ടി എം ഡീലർഷിപ്പുകളാക്കി മാറ്റാനും തീരുമാനമുണ്ട്.