ആക്ടീവയുടെ കരുത്തില്‍ ഹോണ്ട

ജാപ്പനീസ് ഇരുചക്രവാഹന നിർമാതാക്കളായ ഹോണ്ട മോട്ടോർ സൈക്കിൾ ഇന്ത്യ (എച്ച് എം എസ് ഐ) കഴിഞ്ഞ സാമ്പത്തിക വർഷം തകർപ്പൻ നേട്ടം. കടുത്ത വെല്ലുവിളികളെ അതിജീവിച്ച് 50,08,103 യൂണിറ്റ് എന്ന റെക്കോഡ് വിൽപ്പനയാണ് 2016 — 17ൽ കമ്പനി കൈവരിച്ചത്. 2015 — 16ലെ വിൽപ്പനയായ 44,83,462 യൂണിറ്റിനെ അപേക്ഷിച്ച് 12% വളർച്ച നേടാനും എച്ച് എം എസ് ഐയ്ക്കായി; ഇതേ കാലയളവിൽ ഇരുചക്രവാഹന വിൽപ്പനയിലെ മൊത്തം വളർച്ചാ നിരക്ക് അഞ്ചു ശതമാനത്തോളം മാത്രമായിരുന്നു. പോരെങ്കിൽ ജപ്പാനിലെ ഹോണ്ട മോട്ടോർ കമ്പനിയുടെ ഉപസ്ഥാപനങ്ങളിൽ ഒറ്റ സാമ്പത്തിക വർഷത്തിനിടെ 50 ലക്ഷം യൂണിറ്റ് വിൽപ്പന കൈവരിക്കുന്ന ആദ്യ കമ്പനിയായും എച്ച് എം എസ് ഐ മാറി. 

സാമ്പത്തിക വർഷത്തിന്റെ തുടക്കത്തിൽ മികച്ച മഴ ലഭിച്ചതും കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ഏഴാം ശമ്പള കമ്മിഷൻ ആനുകൂല്യം ലഭിച്ചതുമൊക്കെ ഇരുചക്രവാഹന വ്യവസായത്തിനു പ്രതീക്ഷയേകിയിരുന്നെന്ന് എച്ച് എം എസ് ഐ സീനിയർ വൈസ് പ്രസിഡന്റ്(സെയിൽസ് ആൻഡ് മാർക്കറ്റിങ്) വൈ എസ് ഗുലേറിയ വെളിപ്പെടുത്തി. എന്നാൽ വർഷത്തിന്റെ രണ്ടാം പകുതിയിൽ കാര്യങ്ങളിൽ കീഴ്മേൽ മറിഞ്ഞതോടെയാണ് ഇരുചക്രവാഹന വിൽപ്പനയിലെ വളർച്ചാനിരക്ക് അഞ്ചു ശതമാനത്തിലൊതുങ്ങിയതെന്നു ഗുലേറിയ അഭിപ്രായപ്പെട്ടു. ഈ സാഹചര്യത്തിലാണു ഹോണ്ട ബ്രാൻഡിൽ ഉപയോക്താക്കൾ അർപ്പിച്ച വിശ്വാസം വേറിട്ടു നിൽക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

എച്ച് എം എസ് ഐയുടെ ഓട്ടമാറ്റിക് സ്കൂട്ടർ വിൽപ്പന ഇതാദ്യമായി 30 ലക്ഷം യൂണിറ്റ് കടന്നു; 2015 — 16ൽ 28,92,480 ഗീയർരഹിത സ്കൂട്ടർ വിറ്റത് ഇത്തവണ 16% വളർച്ചയോടെ 33,51,604 യൂണിറ്റായാണ് ഉയർന്നത്. ഇതേ കാലയളവിൽ സ്കൂട്ടർ വിഭാഗത്തിലെ മൊത്തം വിൽപ്പനയിലാവട്ടെ ആറു ശതമാനം ഇടിവാണു രേഖപ്പെടുത്തിയത്. ഇന്ത്യൻ ഇരുചക്രവാഹന വിഭാഗത്തിൽ വിൽപ്പനയിലും വിപണി വിഹിതത്തിലും ഏറ്റവും നേട്ടം കൊയ്തു മുന്നേറുന്ന കമ്പനിയാണ് എച്ച് എം എസ് ഐയെന്നു ഗുലേറിയ അവകാശപ്പെട്ടു. ഇക്കൊല്ലമാവട്ടെ എച്ച് എം എസ് ഐയെ സംബന്ധിച്ചിടത്തോളം അവിസ്മരണീയമാവുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.