ചെറുപട്ടണങ്ങളിലും മികച്ച സ്വീകാര്യത: ലംബോർഗ്നി

വൻനഗരങ്ങളെ പോലെ, ഇന്ത്യയിലെ ചെറു പട്ടണങ്ങളും മികച്ച വരവേൽപ് നൽകുന്നുണ്ടെന്ന് ഇറ്റാലിയൻ സ്പോർട്സ് കാർ നിർമാതാക്കളായ ലംബോർഗ്നി. മൂന്നു കോടിയിലേറെ രൂപ വിലമതിക്കുന്ന ‘ലംബോർഗ്നി’ കാറുകൾ രാജ്യത്തു നേടുന്ന വിൽപ്പനയുടെ നല്ലൊരു പങ്ക് കോയമ്പത്തൂർ, കൊച്ചി, ജയ്പൂർ, കാൺപൂർ, ജലന്ധർ, ഇൻഡോർ, റായ്പൂർ, നാഗ്പൂർ തുടങ്ങിയ രണ്ടാം നിര, മൂന്നാം നിര പട്ടണങ്ങളാണെന്നാണു കണക്ക്.

നിലവിൽ ഇന്ത്യയിലെ വിൽപ്പന പരിമിതമാണെങ്കിലും വരുംവർഷങ്ങളിൽ മികച്ച സാധ്യതയുള്ള വിപണിയാണിതെന്നു ലംബോർഗ്നി ഇന്ത്യ മേധാവി ശരദ് അഗർവാൾ വിലയിരുത്തുന്നു. തന്ത്രപ്രധാനവും നിർണായകവുമായ വിപണിയായാണ് ലംബോർഗ്നി ഇന്ത്യയെ വിലയിരുത്തുന്നത്. അതുകൊണ്ടാണ് ഇന്ത്യയിലെ പ്രവർത്തനങ്ങൾക്കായി പൂർണ ഉടമസ്ഥതയിൽ പുതിയ ഉപസ്ഥാപനം രൂപീകരിച്ചതെന്നും അദ്ദേഹം വിശദീകരിച്ചു. 

ജർമൻ വാഹന നിർമാതാക്കളായ ഫോക്സ്വാഗൻ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ലംബോർഗ്നിക്ക് നിലവിൽ ഡൽഹിയിലും മുംബൈയിലും ബെംഗളൂരുവിലുമാണ് ഡീലർഷിപ്പുകളുള്ളത്. ലംബോർഗ്നിയുടെ കാറുകൾ വാങ്ങാൻ സാധ്യതയുള്ളവരെ കമ്പനി സ്വാഭാവികമായും തേടുക മെട്രോകളിലും വൻനഗരങ്ങളിലുമാണെന്ന് അഗർവാൾ പറയുന്നു; പക്ഷേ ചെറു നഗരങ്ങളിൽ നിന്നു ലഭിക്കുന്ന പ്രതികരണവും വിൽപ്പനയും കമ്പനിയെ പോലും അത്ഭുതപ്പെടുത്തുന്നതാണ്.

ഇന്ത്യയിലെ രണ്ടാം നിര, മൂന്നാം നിര പട്ടണങ്ങളിൽ ആഡംബര ബ്രാൻഡുകൾക്ക് ആവശ്യക്കാരേറെയുണ്ടെന്ന് അഗർവാൾ വ്യക്തമാക്കുന്നു. അതുകൊണ്ടുതന്നെ ഇത്തരക്കാരിലെത്താൻ കമ്പനി നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും അദ്ദേഹം വെളിപ്പെടത്തി. ലംബോർഗ്നിക്കു പുറമെ ഫെറാരിയും ആസ്റ്റൻ മാർട്ടിനുമൊക്കെ ഇടംപിടിക്കുന്ന സൂപ്പർ ലക്ഷ്വറി സ്പോർട്സ് കാർ വിഭാഗത്തിൽ ഇന്ത്യയിൽ കഴിഞ്ഞ വർഷം 70 കാർ വിറ്റഴിഞ്ഞെന്നാണു കണക്ക്. 28 യൂണിറ്റ് വിൽപ്പനയോടെ ലംബോർഗ്നി ഈ വിപണിയിൽ 40% വിഹിതം സ്വന്തമാക്കിയെന്നും അഗർവാൾ അവകാശപ്പെടുന്നു. ഇന്ത്യയിലെ വിൽപ്പനയിൽ 20 ശതമാനത്തോളം ചെറു പട്ടണങ്ങളുടെ വിഹിതമായിരുന്നെന്നും അദ്ദേഹം വിശദീകരിച്ചു.