വൻ വിലക്കുറവിൽ നിസ്സാൻ ‘സണ്ണി’ സ്വന്തമാക്കാം

Nissan Sunny

പ്രീമിയം സെഡാനായ ‘സണ്ണി’യുടെ വില ജാപ്പനീസ് കാർ നിർമാതാക്കളായ നിസ്സാൻ പരിഷ്കരിച്ചു. വ്യാഴാഴ്ച രാജ്യവ്യാപകമായി നിലവിൽ വന്ന പുതുക്കിയ വില പ്രകാരം ‘സണ്ണി’യുടെ അടിസ്ഥാന വകഭേദം ഡൽഹി ഷോറൂമിൽ 6.99 ലക്ഷം രൂപയ്ക്കു ലഭിക്കും. കണ്ടിന്വസ്ലി വേരിയബ്ൾ ട്രാൻസ്മിഷൻ(സി വി ടി) സൗകര്യമുള്ള ‘സണ്ണി’ക്ക് 8.99 ലക്ഷം രൂപയാണ ഡൽഹിയിലെ വില. കോംപാക്ട് സെഡാൻ തേടിയെത്തുന്നവരെ സ്ഥലസൗകര്യമേറെയുള്ള പ്രീമിയം സെഡാനായ ‘സണ്ണി’യിലേക്ക് ആകർഷിക്കാൻ പുതുക്കിയ വില സഹായിക്കുമെന്ന പ്രതീക്ഷയിലാണു നിസ്സാൻ.

‘സണ്ണി’യുടെ വിവിധ വകഭേദങ്ങളുടെ വില(ഡൽഹി ഷോറൂമിൽ, ലക്ഷം രൂപയിൽ): 
പെട്രോൾ എക്സ് ഇ — 6.99, പെട്രോൾ എക്സ് എൽ — 7.59, പെട്രോൾ എക്സ് വി (സി വി ടി) — 8.99, ഡീസൽ എക്സ് ഇ — 7.49, ഡീസൽ എക്സ് എൽ — 7.99, ഡീസൽ എക്സ് വി — 8.99.

പണത്തിനൊത്ത മൂല്യം ഉറപ്പാക്കിയും മത്സരക്ഷമമായ വില വാഗ്ദാനം ചെയ്തു പുതുമ നിറഞ്ഞ മോഡലുകൾ വിപണിയിലെത്തിക്കാനാണു കമ്പനി നിരന്തരം ശ്രമിച്ചിട്ടുള്ളതെന്ന് നിസ്സാൻ മോട്ടോർ ഇന്ത്യ മാനേജിങ് ഡയറക്ടർ അരുൺ മൽഹോത്ര അഭിപ്രായപ്പെട്ടു. ചെന്നൈയ്ക്കടുത്ത് ഒരഗടത്തുള്ള ശാലയിൽ നിർമിക്കുന്ന ‘സണ്ണി’ കമ്പനിയുടെ പതാകവാഹക മോഡലാണെന്നും അദ്ദേഹം വിലയിരുത്തി.

ആഗോളതലത്തിൽ പിന്തുടരുന്ന ഗുണനിലവാരത്തിൽ വിട്ടുവീഴ്ച ചെയ്യാതെ പ്രാദേശികതലത്തിൽ നിർമിക്കുന്നതിനാലാണു ‘സണ്ണി’ ആകർഷക വിലയ്ക്കു ലഭ്യമാക്കാനാവുന്നതെന്നും മൽഹോത്ര വിശദീകരിച്ചു. പ്രാദേശിക നിർമാണത്തിലൂടെ ലഭിക്കുന്ന സാമ്പത്തിക നേട്ടം പൂർണമായും ഉപയോക്താക്കൾക്കു കൈമാറാനാണു നിസ്സാൻ തീരുമാനിച്ചിരിക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.