ഫോക്സ്‍വാഗൻ ‘ടിഗ്വൻ’ ബുക്കിങ്ങിനു തുടക്കം

Volkswagen Tiguan

ഇന്ത്യയിൽ വൈകാതെ അരങ്ങേറ്റം കുറിക്കുന്ന സ്പോർട് യൂട്ടിലിറ്റി വാഹനമായ ‘ടിഗ്വനു’ള്ള ബുക്കിങ്ങുകൾ ഫോക്സ്‍വാഗൻ സ്വീകരിച്ചു തുടങ്ങി. അടുത്ത മാസം നിരത്തിലെത്തുമെന്നു കരുതുന്ന ‘ടിഗ്വ’ന്റെ ഉൽപ്പാദനം മഹാരാഷ്ട്രയിലെ ഔറംഗബാദിലുള്ള സ്കോഡ ശാലയിൽ ആരംഭിച്ചിട്ടുണ്ട്. ഒരു ലക്ഷം രൂപയാണ് ‘ടിഗ്വൻ’ ബുക്ക് ചെയ്യുന്നവരോട് അഡ്വാൻസായി ഈടാക്കുക. 25 — 30 ലക്ഷം രൂപ വില നിലവാരത്തിൽ വിൽപ്പനയ്ക്കെത്തുമെന്നു കരുതുന്ന ‘ടിഗ്വ’ന്റെ ഇന്ത്യയിലെ മത്സരം ടൊയോട്ട ‘ഫോർച്യൂണർ’, ഫോഡ് ‘എൻഡേവർ’, ഷെവർലെ ‘ട്രെയ്ൽ ബ്ലേസർ’ എന്നിവയോടാവും. ഡൽഹി ഷോറൂമിൽ 25.92 ലക്ഷം രൂപ മുതൽ 31.12 ലക്ഷം രൂപ വരെയാണ് ഈ എതിരാളികളുടെ വില.

ഹൈ ലൈൻ, കംഫർട്ട് ലൈൻ വകഭേദങ്ങളിൽ വിൽപ്പനയ്ക്കുള്ള ‘ടിഗ്വനി’ൽ പനോരമിക് സൺറൂഫ്, എൽ ഇ ഡി ഹെഡ്ലാംപ്, ഡ്രൈവർ അസിസ്റ്റ് തുടങ്ങിയവയൊക്കെ പ്രതീക്ഷിക്കാം. ‘ടിഗ്വ’നു കരുത്തേകുക രണ്ടു ലീറ്റർ ഡീസൽ എൻജിനാവും; ഏഴു സ്പീഡ് ഡി എസ് ജി ഓട്ടമാറ്റിക് ഗീയർബോക്സാണു  ട്രാൻസ്മിഷൻ. കാഴ്ചപ്പകിട്ടിനായി സ്പോർട്ടി രൂപകൽപ്പനയുടെ പിൻബലത്തോടെയാണു ‘ടിഗ്വ’ന്റെ വരവ്. ടു വീൽ ഡ്രൈവ് ലേ ഔട്ടുള്ള ‘ട്രെയ്ൽ ബ്ലേസറി’ൽ നിന്നു വ്യത്യസ്തമായി ഓൾ വീൽ ഡ്രൈവ് ലേ ഔട്ടോടെയാവും ‘ടിഗ്വ’ന്റെ വരവെന്നാണു സൂചന.  യൂറോപ്യൻ വിപണികളിൽ ‘ടിഗ്വ’ന്റെ രണ്ടാം തലമുറ മോഡലാണു നിലവിൽ വിൽപ്പനയ്ക്കുള്ളത്. ഈ വിഭാഗത്തിൽ തകർപ്പൻ പ്രകടനമാണു ‘ടിഗ്വൻ’ യൂറോപ്പിൽ കാഴ്ചവയ്ക്കുന്നതെന്നാണു  ഫോക്സ്‍വാഗന്റെ അവകാശവാദം.