‘ആക്ടീവ’ കുതിക്കുന്നു, ഒന്നര കോടി പിന്നിട്ട്

Honda Activa

ഇന്ത്യയിൽ മാത്രമല്ല ആഗോളതലതലത്തിൽ തന്നെ ഏറ്റവുമധികം വിൽക്കപ്പെടുന്ന സ്കൂട്ടറായി മാറിയ ‘ആക്ടീവ’യുടെ ഉൽപ്പാദനം ഒന്നര കോടി പിന്നിട്ടു. 2001ൽ നിരത്തിലെത്തിയ ഗീയർരഹിത സ്കൂട്ടറായ ‘ആക്ടീവ’യുടെ മൊത്തം ഉൽപ്പാദനം ഒന്നര കോടി യൂണിറ്റിലെത്തിയതായി ജാപ്പനീസ് നിർമാതാക്കളായ ഹോണ്ട മോട്ടോർ സൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ(എച്ച് എം എസ് ഐ) അറിയിച്ചു. ഇന്ത്യൻ വിപണിയിൽ മറ്റൊരു ഇരുചക്രവാഹനത്തിനും അവകാശപ്പെടാൻ കഴിയാത്ത അത്യപൂർവ നേട്ടമാണിതെന്നും എച്ച് എം എസ് ഐ വ്യക്തമാക്കി.

ഗുജറാത്തിലെ വിത്തൽപൂരിൽ സ്കൂട്ടർ നിർമാണത്തിനു മാത്രമായി ഹോണ്ട സ്ഥാപിച്ച പുതിയ ശാലയിൽ നിന്നാണു കമ്പനി പ്രസിഡന്റും ചീഫ് എക്സിക്യൂട്ടീവുമായ മിനൊരു കാറ്റോ 1,50,00,000—ാമത് ‘ആക്ടീവ’ പുറത്തിറക്കിയത്. കഴിഞ്ഞ വർഷം പ്രവർത്തനമാരംഭിച്ച ഈ ശാലയുടെ വാർഷിക ഉൽപ്പാദനശേഷി പ്രതിവർഷം 12 ലക്ഷം സ്കൂട്ടറുകളാണ്; ആഗോളതലത്തിൽ തന്നെ സ്കൂട്ടർ നിർമാണത്തിനു മാത്രമുള്ള ഏറ്റവും വലിയ ശാലയുമാണിത്. ഇന്ത്യയിൽ ഏറ്റവുമധികം വിൽക്കപ്പെടുന്ന ഇരുചക്രവാഹന ബ്രാൻഡാണ് ‘ആക്ടീവ’; സ്കൂട്ടറിന്റെ 2016 — 17ലെ മൊത്തം വിൽപ്പന 27.59 ലക്ഷം യൂണിറ്റായിരുന്നു. രണ്ടാം സ്ഥാനത്തുള്ള ഹീറോ മോട്ടോ കോർപ് ‘സ്പ്ലെൻഡറി’ന്റെ വിൽപ്പനയാവട്ടെ 25.50 ലക്ഷം യൂണിറ്റായിരുന്നു.

കഴിഞ്ഞ സാമ്പത്തിക വർഷത്തെ വിൽപ്പനയിൽ എച്ച് എം എസ് ഐ 50 ലക്ഷം യൂണിറ്റെന്ന നേട്ടവും കൈവരിച്ചിരുന്നു; ഇതിൽ 67 ശതമാനത്തോളമായിരുന്നു ‘ആക്ടീവ’യുടെ സംഭാവന. 2017 — 18ൽ 60 ലക്ഷം യൂണിറ്റ് വിൽപ്പനയാണു കമ്പനി ലക്ഷ്യമിടുന്നത്. ഇതിനായി കർണാടകത്തിലെ നർസാപൂരിലുള്ള ശാലയിൽ 1,000 കോടി രൂപ ചെലവിൽ ആറു ലക്ഷം യൂണിറ്റ് ഉൽപ്പാദനശേഷിയുള്ള പുതിയ അസംബ്ലി ലൈൻ സ്ഥാപിക്കാനും കമ്പനി ഒരുങ്ങുന്നുണ്ട്. ജൂലൈയോടെ എച്ച് എം എസ് ഐയുടെ മൊത്തം ഉൽപ്പാദനശേഷി പ്രതിവർഷം 64 ലക്ഷം യൂണിറ്റിലെത്തുമെന്നാണു പ്രതീക്ഷ.

തായ്ലൻഡും ഇന്തൊനീഷയും പോലുള്ള വികസിത വിപണികളെ പോലെ ഇന്ത്യയിലും സ്കൂട്ടറുകളോടു താൽപര്യമേറുകയാണെന്നു കാറ്റോ അഭിപ്രായപ്പെട്ടു. ഏഴു വർഷത്തിനുള്ളിൽ ഇരുചക്രവാഹന വ്യവസായത്തിൽ സ്കൂട്ടർ വിഭാഗത്തിന്റെ പങ്ക് ഇരട്ടിയോളമായി വളർന്നു; 2009 — 10ൽ സ്കൂട്ടറുകളുടെ വിഹിതം 16% ആയിരുന്നത് 2016 — 17ൽ 32% ആയിട്ടാണു വർധിച്ചത്.  വിസ്മൃതിയിലേക്കു നീങ്ങുകയായിരുന്നു സ്കൂട്ടർ വിപണിയെ 2001ൽ ‘ആക്ടീവ’ ഒറ്റയ്ക്കാണു പുനഃരുജ്ജീവിപ്പിച്ചതെന്നും കാറ്റോ അവകാശപ്പെട്ടു. തുടർന്ന് ഇന്ത്യയിൽ മാത്രമല്ല ആഗോളതലത്തിൽ തന്നെ ഏറ്റവുമധികം വിൽക്കപ്പെടുന്ന ഇരുചക്രവാഹന ബ്രാൻഡായി മാറാനും ‘ആക്ടീവ’യ്ക്കു കഴിഞ്ഞു. അരങ്ങേറ്റം വർഷം 55,000 ‘ആക്ടീവ’യാണ് എച്ച് എം എസ് ഐ വിറ്റത്. മൂന്നു വർഷത്തിനകം ഓട്ടമാറ്റിക് സ്കൂട്ടർ വിഭാഗത്തിലെ വിൽപ്പനയിൽ ‘ആക്ടീവ’ ഒന്നാമതെത്തി. 2012 — 13ലാണ് ‘ആക്ടീവ’യുടെ മൊത്തം വിൽപ്പന 10 ലക്ഷം യൂണിറ്റ് പിന്നിട്ടത്.