‘ജഗ്വാർ എക്സ് ഇ’ ഡീസലിനുള്ള ബുക്കിങ് തുടങ്ങി

Jaguar XE

‘ജഗ്വാർ എക്സ് ഇ’യുടെ ഡീസൽ പതിപ്പിനുള്ള ബുക്കിങ്ങുകൾ ഇന്ത്യയിൽ സ്വീകരിച്ചു തുടങ്ങിയതായി ടാറ്റ മോട്ടോഴ്സിന്റെ ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് ആഡംബര കാർ നിർമാതാക്കളായ ജഗ്വാർ ലാൻഡ് റോവർ(ജെ എൽ ആർ). കാറിലെ രണ്ടു ലീറ്റർ ഡീസൽ എൻജിനു പരമാവധി 177 ബി എച്ച് പി വരെ കരുത്ത് സൃഷ്ടിക്കാനാവും. രണ്ടു ലീറ്റർ പെട്രോൾ എൻജിനുള്ള ‘ജഗ്വാർ എക്സ് ഇ’ 2016 ഫെബ്രുവരി മുതൽ തന്നെ ഇന്ത്യയിൽ വിൽപ്പനയ്ക്കുണ്ട്.

പെട്രോൾ എൻജിനോടെ വിൽപ്പനയ്ക്കെത്തിയ ‘ജഗ്വാർ എക്സ് ഇ’ ഇന്ത്യൻ വിപണിയിൽ മികച്ച ജനപ്രീതിയും വിജയവും സ്വന്തമാക്കിയെന്നു ജെ എൽ ആർ ഇന്ത്യ മാനേജിങ് ഡയറക്ടർ രോഹിത് സൂരി അഭിപ്രായപ്പെട്ടു. ഈ പശ്ചാത്തലത്തിൽ ഡീസൽ എൻജിൻ സഹിതവും കാർ വിൽപ്പനയ്ക്കെത്തിക്കുന്നതിൽ ആഹ്ലാദമുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. ഡീസൽ എൻജിനുള്ള ‘ജഗ്വാർ എക്സ് ഇ’ക്കുള്ള ബുക്കിങ്ങുകൾ രാജ്യത്തെ 24 ജഗ്വാർ ഡീലർഷിപ്പുകളിലും സ്വീകരിക്കും. അതേസമയം കാറിന്റെ വില സംബന്ധിച്ച് നിലവിൽ സൂചനകളൊന്നും ലഭ്യമല്ല.