5 വർഷത്തിനിടെ ആദ്യം; ടൊയോട്ടയുടെ അറ്റാദായം ഇടിഞ്ഞു

അഞ്ചു വർഷത്തിനിടെ ഇതാദ്യമായി ജാപ്പനീസ് വാഹന നിർമാതാക്കളായ ടൊയോട്ട മോട്ടോർ കോർപറേഷന്റെ അറ്റാദായത്തിൽ ഇടിവ്. വിനിമയ നിരക്കിൽ യെൻ കരുത്താർജിച്ച സാഹചര്യത്തിൽ വരുമാനത്തിലും ലാഭത്തിലും കൂടുതൽ തിരിച്ചടിക്കു സാധ്യതയുണ്ടെന്നും കമ്പനി മുന്നറിയിപ്പ് നൽകി. മാർച്ചിൽ അവസാനിച്ച <മ്പത്തിക വർഷത്തിൽ 1.83 ലക്ഷം കോടി യെൻ(ഏകദേശം 1.03 കോടി രൂപ) ലാഭമാണു ടൊയോട്ട നേടിയത്; മൊത്തം 27.6 ലക്ഷം കോടി യെൻ(15.59 ലക്ഷം കോടി രൂപ) ആയിരുന്നു കമ്പനിയുടെ മൊത്തം വരുമാനം.2015 — 16ലാവട്ടെ 2.31 ലക്ഷം കോടി യെന്നി(1.30 ലക്ഷം കോടി രൂപ)ന്റെ റെക്കോഡ് ലാഭമായിരുന്നു കമ്പനി നേടിയത്.

ലോകത്തിലെ ഏറ്റവും വലിയ കാർ നിർമാതാക്കളെന്ന പെരുമ കഴിഞ്ഞ വർഷം ടൊയോട്ടയ്ക്കു നഷ്ടമായിരുന്നു; ജർമൻ കാർ നിർമാതാക്കളായ ഫോക്സ്വാഗനാണു നിലവിൽ ഒന്നാം സ്ഥാനത്ത്. നടപ്പു സാമ്പത്തിക വർഷം 1.50 ലക്ഷം കോടി യെൻ(85,000 കോടി രൂപ) ലാഭമാണു കമ്പനി പ്രതീക്ഷിക്കുന്നത്. 2015 — 16ൽ 1.019 കോടി വാഹനങ്ങളാണു ടൊയോട്ട ആഗോളതലത്തിൽ വിറ്റത്; 2016 — 17ലാവട്ടെ വിൽപ്പന 1.025 കോടിയായി ഉയർന്നു. നോർത്ത് അമേരിക്കൻ വിപണികളിലെ വിൽപ്പനയിൽ കാര്യമായ മുന്നേറ്റമില്ലെങ്കിലും യൂറോപ്, ജപ്പാൻ, ഏഷ്യൻ വിപണികളിൽ വിൽപ്പന മെച്ചപ്പെടുത്താൻ ടൊയോട്ടയ്ക്കു സാധിച്ചു. മധ്യ, ദക്ഷിണ അമേരിക്ക, ആഫ്രിക്ക, മധ്യ പൂർവ ദേശം എന്നിവിടങ്ങളിലും വിൽപ്പനയിൽ ഇടിവു നേരിട്ടെന്നാണു കണക്കുകൾ വ്യക്തമാക്കുന്നത്. 

വിനിമയ നിരക്കിൽ യെന്നിനു നേരിട്ട മൂല്യത്തകർച്ച ടൊയോട്ടയെയും നിസ്സാനെയും പോലുള്ള വാഹന നിർമാതാക്കളെ ഏറെക്കാലമായി തുണയ്ക്കുന്നുണ്ട്. ഉൽപ്പാദനചെലവ് കുറയുമെന്നതിനാൽ വിദേശ വിപണികളിൽ ആകർഷക വിലയ്ക്കു വാഹനം വിൽക്കുന്നതിനൊപ്പം വിദേശത്തു നിന്നുള്ള അറ്റാദായം ജന്മനാട്ടിലെത്തുമ്പോൾ കൂടുതൽ മൂല്യം കൈവരിക്കുമെന്നതായിരുന്നു കമ്പനികൾക്കുള്ള നേട്ടം. എന്നാൽ കഴിഞ്ഞ സാമ്പത്തിക വർഷം വിനിമയ നിരക്കിൽ മികച്ച മുന്നേറ്റമാണു യെൻ നടത്തിയത്. യൂറോപ്യൻ യൂണിയൻ വിടാനുള്ള ബ്രിട്ടന്റെ തീരുമാനം യെന്നിനു സുരക്ഷിത കറൻസിയെന്ന പ്രതിച്ഛായ സമ്മാനിച്ചതും സ്ഥിതിഗതികൾ വ്യത്യസ്തമാക്കി.