അവസാനം സ്റ്റൈൽ മന്നന്‍ ലക്ഷ്വറി കാർ സ്വന്തമാക്കിയോ?

സ്റ്റൈൽ മന്നൻ രജനീകാന്ത്, ഇന്ത്യൻ സിനിമാ ലോകത്ത് പരിചയപ്പെടുത്തലുകൾ ആവശ്യമില്ലാത്ത താരം. സിനിമയിൽ രജനിയുടെ സ്റ്റൈലിനെ വെല്ലാൻ ആരുമില്ലെങ്കിലും ജീവിതത്തിൽ രജനി ഒരു സ്റ്റാർ അല്ല, പച്ചയായ മനുഷ്യനാണ്. പൊതുവേദികളിൽ മെയ്ക്കപ്പിടാതെ നരച്ച താടിയുമായി പ്രത്യക്ഷപ്പെടുന്ന ഈ സൂപ്പർ താരത്തിന് ആ‍ഡംബര വാഹനങ്ങളോട് വലിയ താൽപര്യമൊന്നുമില്ല. ഷാറൂഖ് ഖാന്റെ ഹിന്ദി ചിത്രം രാവണിൽ അതിഥി വേഷത്തിലെത്തിയ രജനീകാന്തിന് ചിത്രത്തിന്റെ വിജയത്തിന് ശേഷം ഷാറുഖ് ബിഎം‍ഡബ്ല്യു 7 സീരീസ് സമ്മാനിക്കാൻ ശ്രമിച്ചിരുന്നെങ്കിലും തലൈവൻ ആ സമ്മാനം സ്നേഹപൂർവ്വം നിരസിക്കുകയായിരുന്നു.

യുവതാരങ്ങൾ അടക്കം സൂപ്പർ ലക്ഷ്വറി കാറുകൾ സ്വന്തമാക്കിയപ്പോഴും തന്റെ പഴയ ഇന്നോവയിൽ തന്നെയായിരുന്നു രജനിയുടെ സഞ്ചാരം. എന്നാൽ കഴിഞ്ഞ ദിവസം രജനി ചെന്നൈയിൽ ആരാധകരുമായി നടത്തിയ കൂടി കാഴ്ചയ്ക്ക് താരമെത്തിയത് പുതിയ ബിഎം‍ഡബ്ല്യു എക്സ് 5ൽ. സൂപ്പർ ലക്ഷ്വറി വാഹനങ്ങളോടുള്ള അയിത്തം മറന്ന് സ്റ്റൈൽ മന്നൻ സ്വന്തമാക്കിയതാണ് ഈ നീല നിറത്തിലൂള്ള എക്സ് 5 എന്നാണ് കരുതുന്നത്. ബിഎംഡബ്ല്യുവിന്റെ മികച്ച ലക്ഷ്വറി എസ് യു വികളിലൊന്നായ എക്സ് 5 മൂന്ന് ലീറ്റർ എൻജിനാണ് ഉപയോഗിക്കുന്നത്. 258 ബിഎച്ച്പി കരുത്തും 580 എൻഎം ടോർക്കുമുണ്ട് കാറിന്. ഏകദേശം 80 ലക്ഷം രൂപയാണ് കാറിന്റെ എക്സ്ഷോറൂം വില.

സ്റ്റൈൽ മന്നന്റെ കാറുകൾ

ഇന്ത്യൻ‌ സിനിമയിൽ ഏറ്റവുമധികം പ്രതിഫലം പറ്റുന്ന താരമാണെങ്കിലും ഇപ്പോഴും രജനി യാത്രയ്ക്കായി ഉപയോഗിക്കുന്നത് ഇന്നോവയാണ്. സിനിമയിൽ താരമായതിന് ശേഷം രജനീകാന്ത് ആദ്യം വാങ്ങുന്നത് അംബാസിഡർ കാറാണ്. ഇതുകൂടാതെ ആദ്യ കാലത്ത് വാങ്ങിയ പ്രീമിയർ പദ്മിനിയും അദ്ദേഹത്തിന്റെ ഗ്യാരേജിലുണ്ട്. ബിഎംഡബ്ല്യു 7 സീരീസ് സമ്മാനമായി ലഭിച്ചെങ്കിലും ഇത്രയും വിലപിടിപ്പുള്ള ഒരു കാര്‍ തന്റെ ജീവിതത്തിലൊരിക്കലും ഉപയോഗിച്ചിട്ടില്ല എന്ന് പറഞ്ഞ് തിരിച്ചയക്കുകയായിരുന്നു. ഇതുകൂടാതെ ഷെവർലെ ടവേരയും ടൊയോട്ട ഇന്നോവയും ഹോണ്ട സിവിക്കും താരത്തിന് സ്വന്തമായുണ്ട്.