ചൈനയിൽ ഫോക്സ്‍വാഗന്റെ ഇ വി നിർമാണ സംരംഭത്തിന് അനുമതി

വൈദ്യുത വാഹന(ഇ വി) നിർമാണത്തിനായി ജർമൻ വാഹന നിർമാതാക്കളായ ഫോക്സ്‌വാഗൻ എ ജി സ്ഥാപിക്കുന്ന സംയുക്ത സംരംഭത്തിനു ചൈനീസ് സർക്കാരിന്റെ അനുമതി. അൻഹുയ് ജിയാങ്ഹ്വായ് ഓട്ടമൊബീൽ(ജെ എ സി മോട്ടോർ) ഗ്രൂപ്പുമായി സഹകരിച്ചാണു ഫോക്സ്വാഗൻ വൈദ്യുത വാഹന നിർമാണത്തിനായി പുതിയ സംയുക്ത സംരംഭം രൂപീകരിക്കുന്നത്. 

പ്രതിവർഷം ഒരു ലക്ഷം ബാറ്ററി — ഇലക്ട്രിക് വാഹനങ്ങൾ നിർമിക്കാനുള്ള പദ്ധതിക്കാണു ചൈനയിലെ ആസൂത്രണ മേഖലയിലെ റഗുലേറ്ററായ നാഷനൽ ഡവലപ്മെന്റ് ആൻഡ് റിഫോം കമ്മിഷൻ(എൻ ഡി ആർ സി) അനുമതി നൽകിയിരിക്കുന്നത്. മൊത്തം 7.40 കോടി ഡോളർ(ഏകദേശം 480.30 കോടി രൂപ) നിക്ഷേപമാണു പദ്ധതിക്കു പ്രതീക്ഷിക്കുന്നതെന്നും ജ എ സി മോട്ടോർ ചൈനീസ് സ്റ്റോക്ക് എക്സ്ചേഞ്ചുകളെ അറിയിച്ചിട്ടുണ്ട്.

വൈദ്യുത വാഹന നിർമാണത്തിനായി ചൈനയിൽ പുതിയ സംയുക്ത സംരംഭത്തിന് അനുമതി ലഭിച്ച കാര്യം ഫോക്സ്വാഗനും സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ ജെ എ സി മോട്ടോറുമായി ഒപ്പുവച്ച സംയുക്ത സംരംഭ കരാർ പ്രാവർത്തികമാക്കാൻ ചില നടപടിക്രമങ്ങൾ കൂടി അവശേഷിക്കുന്നുണ്ടെന്ന നിലപാടിലാണു ഫോക്സ്വാഗൻ. പരിസ്ഥിതി മലിനീകരണം നിയന്ത്രിക്കുകയെന്ന ലക്ഷ്യത്തോടെ വൈദ്യുത വാഹനങ്ങൾക്കു മികച്ച പിന്തുണ നൽകാനാണു ചൈനയിലെ സർക്കാർ ശ്രമിക്കുന്നത്. ചൈനയിലെ ഏറ്റവും വലിയ വിദേശി വാഹന നിർമാതാക്കളെന്ന നിലയിൽ വൈദ്യുത വാഹനങ്ങൾ പ്രചരിപ്പിക്കാനുള്ള ദൗത്യത്തിനു ഫോക്സ്വാഗനും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. നിലവിൽ എഫ് എ ഡബ്ല്യു ഗ്രൂപ് കോർപറേഷൻ, എസ് എ ഐ സി മോട്ടോർ കോർപറേഷൻ ലിമിറ്റഡ് എന്നിവർക്കൊപ്പമുള്ള സംയുക്ത സംരംഭങ്ങൾ വഴിയാണു ഫോക്സ്വാഗന്റെ ചൈനയിലെ പ്രവർത്തനങ്ങൾ.