റോയൽ എൻഫീൽഡ് ഹിമാലയനെത്തുന്നു കൂടുതൽ കരുത്തനായി

Royal Enfield Himalayan

വിലകുറഞ്ഞ അഡ്വഞ്ചർ ബൈക്ക് സെഗ്മെന്റിന് തന്നെ തുടക്കം കുറിച്ചുകൊണ്ട് കഴിഞ്ഞ വർഷം മാർച്ചിലാണ് റോയൽ എൻഫീൽഡ് ഹിമാലയനെ പുറത്തിറക്കിയത്. കമ്പനിയുടെ ആദ്യ അഡ്വഞ്ചർ ടൂറർ ബൈക്കിന് മികച്ച പ്രതികരണം വിപണിയിൽ നിന്നു ലഭിച്ചു. ഓൺ റോഡിലും ഓഫ് റോഡിലും മികച്ച യാത്ര സമ്മാനിക്കുന്ന ഹിമാലയന്റെ കരുത്തു കൂടിയ വകഭേദത്തെ പുറത്തിറക്കാനൊരുങ്ങുകയാണ് റോയൽ എൻഫീൽഡ്.

റോയൽ എൻ‌ഫീൽഡിന്റെ ഉടമസ്ഥരായ എയ്ഷർ മോട്ടോഴ്സ് സി.ഇ.ഒ സിദ്ദാര്‍ഥ് ലാലാണ് കരുത്തു കൂടിയ ഹിമാലയന്‍ പുറത്തിറക്കുന്നതിനെപ്പറ്റി കമ്പനി ആലോചിക്കുന്നുണ്ടെന്ന വിവരങ്ങൾ പുറത്തു വിട്ടത്. മിഡിൽ വെയ്റ്റ് ക്യാറ്റഗറിയിൽ ഒന്നാമനാകാനാണ് കമ്പനി ശ്രമിക്കുന്നതെന്നും അതിനായി രാജ്യാന്തര തലത്തിൽ കൂടുതൽ ബൈക്കുകൾ പുറത്തിറക്കുമെന്നുമാണ് സിദ്ദാർഥ് ലാൽ പറയുന്നത്.

നേരത്തെ റോയൽ എൻഫീൽഡ് 750 സിസി ബൈക്ക് പുറത്തിറക്കുന്നു എന്ന വാർത്തകൾ വന്നിരുന്നു. ഇതേ എൻജിൻ തന്നെയാകും പുതിയ ഹിമാലയനിൽ ഉപയോഗിക്കുക. ചരിത്രത്തിൽ ആദ്യമായാണ് റോയൽ എൻഫീൽഡ് ട്വിൻ സിലിണ്ടർ എൻജിൻ വികസിപ്പിക്കുന്നത്. റോയൽ എൻഫീൽഡ് ഇന്നുവരെ നിർമിച്ചതിൽ ഏറ്റവുമധികം ശേഷിയും കരുത്തുമുള്ള എൻജിനായിരിക്കും പുതിയത്. ഏകദേശം 45 മുതൽ 50 ബിഎച്ച്പി വരെ കരുത്തും 60 മുതൽ 70 എൻഎം വരെ ടോർക്കുമുള്ള എൻജിനിൽ കാർബറേറ്ററായിരിക്കും ഉപയോഗിക്കുക.