ഓട്ടമാറ്റിക് വാഹന വിൽപ്പന വർധിപ്പിക്കാൻ മാരുതി

ഓട്ടമാറ്റിക് ട്രാൻസ്മിഷനുള്ള കാറുകളുടെ വിൽപ്പനയിൽ വൻകുതിപ്പ് ലക്ഷ്യമിട്ടു മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ്(എം എസ് ഐ എൽ). 2020 ആകുമ്പോഴേക്ക് ഇത്തരത്തിലുള്ള മൂന്നു ലക്ഷം വാഹനങ്ങൾ വിൽക്കാനാവുമെന്നാണു കമ്പനിയുടെ പ്രതീക്ഷ. നിലവിൽ പ്രതിവർഷം 94,000 ഓട്ടമാറ്റിക് വാഹനങ്ങളാണു മാരുതി സുസുക്കി വിൽക്കുന്നത്; ഓട്ടമേറ്റഡ് ഗീയർ ഷിഫ്റ്റ്(എ ജി എസ്), ഓട്ടമാറ്റിക് ട്രാൻസ്മിഷൻ(എ ടി), കണ്ടിന്വസ്ലി വേരിയബ്ൾ ട്രാന്സ്മിഷൻ(സി വി ടി) സംവിധാനങ്ങളുള്ള കാറുകൾ മാരുതി വിൽപ്പനയ്ക്കെത്തിക്കുന്നുണ്ട്.

ഇവയിൽ താരതമ്യേന വില കുറഞ്ഞ ഓട്ടമേറ്റഡ് ഗീയർ ഷിഫ്റ്റ് സാങ്കേതികവിദ്യയുള്ള കൂടുതൽ വകഭേദങ്ങൾ അവതരിപ്പിച്ച് വിൽപ്പന മെച്ചപ്പെടുത്താനാണു മാരുതി സുസുക്കിയുടെ പദ്ധതി.  ഓട്ടമാറ്റിക് ട്രാൻസ്മിഷനുള്ള മോഡലുകളുടെ വിൽപ്പന ഇക്കൊല്ലം ഇരട്ടിയോളമായി ഉയർത്താനാണു കമ്പനി ലക്ഷ്യമിടുന്നതെന്ന് മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് വക്താവ് അറിയിച്ചു. നിലവിൽ 94,000 യൂണിറ്റ് വിൽക്കുന്ന 2017 — 18ൽ ഒന്നര ലക്ഷമായും 2020 ആകുമ്പോഴേക്ക് മൂന്നു ലക്ഷമാക്കാനുമാണു പദ്ധതിയെന്നും കമ്പനി വിശദീകരിക്കുന്നു.

നിലവിൽ ‘ഓൾട്ടോ കെ 10’, ‘വാഗൻ ആർ’, ‘സെലെറിയൊ’, ‘ഇഗ്നിസ്’, ‘ഡിയസർ’ എന്നിവയിലാണു മാരുതി സുസുക്കി എ ജി എസ് സാങ്കേതികവിദ്യ ലഭ്യമാക്കുന്നത്. പ്രീമിയം ഹാച്ച്ബാക്കായ ‘ബലെനൊ’യിൽ സി വി ടിയുണ്ട്. ‘സിയാസി’ലും ‘എർട്ടിഗ’യിലുമാണ് ഓട്ടമാറ്റിക് ട്രാൻസ്മിഷനുള്ളത്. ‘ഡിസയർ’ വരെയുള്ള മോഡലുകളിൽ എ ജി എസ് സാങ്കേതികവിദ്യ ലഭ്യമാക്കാനും ‘ബലെനൊ’ മുതൽ മുകളിലേക്കുള്ള വാഹനങ്ങളിൽ എ ടി, സി വി ടി സാങ്കേതികവിദ്യകൾ ഘടിപ്പിക്കാനുമാണു മാരുതി സുസുക്കിയുടെ തന്ത്രം.

ഇതിനായി ഓട്ടമാറ്റിക് ട്രാൻസ്മിഷൻ ഉൽപ്പാദനം ഗണ്യമായി വർധിപ്പിക്കാനും കമ്പനി തീരുമാനിച്ചിട്ടുണ്ട്. വില കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെ പ്രാദേശികമായി സമാഹരിക്കുന്ന യന്ത്രഘടകങ്ങളുടെ വിഹിതവും കമ്പനി ഉയർത്തിയിട്ടുണ്ട്.  എങ്കിലും ഉപയോക്താക്കൾക്കിടയിൽ പുതിയ സാങ്കേതികവിദ്യയെക്കുറിച്ചു കാര്യമായ അവബോധമില്ലാത്തതു വെല്ലുവിളിയാണെന്ന് മാരുത സുസുക്കി വിലയിരുത്തുന്നു. പ്രചാരമേറുന്നതോടെ എ ജി എസ് സാങ്കേതികവിദ്യ ആദ്യ കാർ വാങ്ങുന്നവർക്കും ഗ്രാമീണ ഉടമകൾക്കും പ്രിയങ്കരമാവുമെന്നാണു കമ്പനിയുടെ പ്രതീക്ഷ.